ഹിഗ്വെയ്ൻ ലയണൽ മെസ്സിക്കൊപ്പം

ഗോൺസാലോ ഹിഗ്വെയ്ൻ കളി മതിയാക്കുന്നു; നിറമിഴികളോടെ മുൻ അർജന്റീന താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം

റയൽ മാഡ്രിഡ്, നാപ്പോളി, യുവന്റസ് എന്നീ വമ്പൻ ക്ലബുകൾക്കായി ഗോളുകൾ അടിച്ചുകൂട്ടിയ മുൻ അർജന്റീന താരം ഗോൺസാലോ ഹിഗ്വെയ്ൻ കളി മതിയാക്കുന്നു. യു.എസ് ഫുട്‌ബാൾ ലീഗായ മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസൺ അവസാനത്തോടെ ബൂട്ടഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാർത്ത സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 34കാരനായ ഫോർവേഡ് അർജന്റീന ക്ലബായ റിവർ പ്ലേറ്റിലൂടെയാണ് പ്രഫഷനൽ കരിയറിന് തുടക്കമിട്ടത്. അവിടെനിന്നാണ് റയലിലെത്തുന്നത്. എ.സി മിലാനിലും ചെൽസിയിലും വായ്പ അടിസ്ഥാനത്തിലും കളിച്ചിട്ടുണ്ട്. 2020ലാണ് ഇന്റർ മിയാമിയിൽ ചേർന്നത്.

അർജന്റീനക്കായി 75 മത്സരങ്ങളിൽനിന്ന് 31 ഗോളുകൾ നേടിയ ഹിഗ്വെയ്ൻ ടീമിനെ 2014 ലോകകപ്പ് ഫൈനലിലും 2015 കോപ്പ അമേരിക്ക ഫൈനലിലും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2018 ലോകകപ്പിൽ നൈജീരിയക്കെതിരെ 2-1ന് ജയിച്ച മത്സരത്തിലാണ് രാജ്യത്തിനായി അവസാനം ജഴ്സിയണിഞ്ഞത്. ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്‌ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്ലബ് കരിയറിൽ 707 മത്സരങ്ങളിൽനിന്ന് 333 ഗോളുകളും 113 അസിസ്റ്റുകളുമാണ് സമ്പാദ്യം. അതിൽ 121 എണ്ണം റയൽ മാഡ്രിഡിന് വേണ്ടിയായിരുന്നു. റയൽ മാഡ്രിഡിലായിരിക്കുമ്പോൾ മൂന്ന് ലാ ലിഗ കിരീടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം യുവന്റസിനൊപ്പം മൂന്ന് തവണ സീരി എ കിരീടവും നേടി. ഈ സീസണിൽ, ഇന്റർ മിയാമിക്ക് വേണ്ടി ഹിഗ്വെയ്ൻ 14 ഗോളുകൾ നേടിയിട്ടുണ്ട്.

"ഫുട്‌ബാളിനോട് വിടപറയാനുള്ള സമയമായിരിക്കുന്നു. എനിക്ക് വളരെയധികം നേട്ടങ്ങൾ സമ്മാനിച്ച ഒരു തൊഴിലാണിത്. അതിന്റെ നല്ലതും ചീത്തതുമായ നിമിഷങ്ങൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനായി. ഇത് മൂന്ന് നാല് മാസം മുമ്പ് ഞാൻ എടുത്ത തീരുമാനമാണ്. എന്നെ പരിശീലിപ്പിച്ച ഓരോരുത്തർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു'' അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Gonzalo Higuain announced retirement from football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.