മലപ്പുറം: കേരള പൊലീസ് ഫുട്ബാൾ ടീം മാനേജറും എം.എസ്.പി അസി. കമാൻഡൻറുമാണ് ഹബീബ് റഹ്മാൻ. മുൻ ജൂനിയർ ഇന്ത്യൻ താരം കൂടിയായ ഇദ്ദേഹം സന്തോഷ് ട്രോഫിയിൽ അഞ്ച് തവണയാണ് കേരളത്തിന് വേണ്ടി പന്ത് തട്ടിയത്. രണ്ട് പ്രാവശ്യവും ഫെഡറേഷൻ കപ്പിൽ മുത്തമിട്ട കേരള പൊലീസ് ടീമിലും അംഗം.
ഇതാദ്യമായി മലപ്പുറത്ത് സന്തോഷ് ട്രോഫിയെത്തുമ്പോൾ ആതിഥേയന്‍റെ റോളിലാണ് ഹബീബ്. ജില്ലയിലെ താരങ്ങൾക്ക് വലിയ ഊർജവും കാണികൾക്ക് അവിസ്മരണീയ വിരുന്നുമാവും സന്തോഷ് ട്രോഫിയെന്ന് ഇദ്ദേഹം പറയുന്നു. പൊലീസ് വെറ്ററൻസിന് വേണ്ടി കളത്തിലിറങ്ങുമ്പോഴും ഗോളടി വീരനാണീ മുന്നേറ്റക്കാരൻ.
സന്തോഷ് ട്രോഫി ഓർമകളിൽ പച്ചപിടിച്ച് നിൽക്കുന്നത് 1990ലെ അരങ്ങേറ്റം തന്നെ. ഗോവയിലായിരുന്നു മത്സരങ്ങൾ. പൊലീസിൽ ചേർന്ന് അധികമായിട്ടില്ല. 22 അംഗ കേരള ടീമിൽ ഹബീബിനും ഇടംകിട്ടി. പൊലീസ് ടീമുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഗ്രൂപ്പ് മത്സരങ്ങൾ കളിക്കാനായില്ല. സെമി ഫൈനലിലെത്തിയപ്പോഴേക്കും ചുവപ്പ് കാർഡുകളും പരിക്കുകളും കാരണം കേരള ടീം പ്രതിസന്ധിയിലായിരുന്നു. ഹബീബിനെയും ടി.എസ്. അഷീമിനെയും ഗോവയിലേക്ക് വിളിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗം മംഗലാപുരത്തെത്തി. അവിടെ നിന്ന് ബസിൽ മഡ്ഗാവിലേക്ക്. ഗോവയിലേക്ക് ആദ്യ യാത്രയായിരുന്നു. മഡ്ഗാവിൽ ബസിറങ്ങിയപ്പോൾ ശരിക്കും പേടിച്ചു. കുറേ ബൈക്കുകൾ ഇവരെ ചുറ്റുന്നു. ചമ്പൽ കൊള്ളയെപ്പറ്റിയൊക്കെ കേട്ടിരുന്നു. അതുപോലെയുള്ളവരായിരിക്കുമോ എന്നായി ഭയം. തിരിച്ചു ബസിലേക്ക് തന്നെ കയറി. കൊള്ളക്കാരൊന്നുമല്ല, ടാക്സി ബൈക്കാണെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ സമാധാനമായി.
സെമിയിലും ഫൈനലിലും കേരളത്തിന് വേണ്ടി ഇറങ്ങി. ആതിഥേയരായ ഗോവയോട് തോറ്റ് കിരീടനഷ്ടം. 1991ൽ പാലക്കാട്ടും ഫൈനലിലെത്തിയെങ്കിലും ഇക്കുറി തോൽവി മഹാരാഷ്ട്രയോട്. അടുത്ത രണ്ട് വർഷങ്ങൾ പരിക്ക് കാരണം നഷ്ടമായി. രണ്ട് തവണയും കേരളം ജേതാക്കളായപ്പോൾ ടീമിൽ ഇല്ലാതിരുന്നതിൽ നിരാശ. 1994ൽ കട്ടക്ക് സന്തോഷ് ട്രോഫിയിലൂടെ ഹബീബ് തിരിച്ചെത്തി. വീണ്ടും കേരളത്തിന് ഫൈനൽ തോൽവി. '95ൽ മദ്രാസിലും '96ൽ ഗോവയിലും കളിച്ചു. പോരാട്ടം സെമിയിൽ തീർന്നു.
അരീക്കോട് സുല്ലമുസ്സലാം സ്കൂൾ ടീമിലൂടെയായിരുന്നു തുടക്കം. പ്രീഡിഗ്രി മമ്പാട് എം.ഇ.എസ് കോളജിൽ. കാലിക്കറ്റ് യൂനിവേഴ്സിറ്റി, സംസ്ഥാന ജൂനിയർ, ജില്ല സീനിയർ ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. അരീക്കോട് ഉഗ്രപുരം പൂവഞ്ചേരി അബൂബക്കർ-ഉണ്ണിപ്പാത്തുട്ടി ദമ്പതികളുടെ മകനാണ് ഹബീബ് റഹ്മാൻ. ഭാര്യ: റീഫത്ത്. മക്കൾ: ഫാത്തിമ ഇഷ, മുഹമ്മദ് ഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.