ഹാലണ്ടിന് ഹാട്രിക്; അഞ്ചിലഞ്ചും ഗണ്ണേഴ്സ്, കോട്ട തകർത്ത് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ അജയ്യമായ കുതിപ്പ് തുടരുന്നു. സീസണിലെ തുടർച്ചയായ അഞ്ചാം ജയത്തോടെ ഗണ്ണേഴ്സ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി. സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക് മികവിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നാലാം ജയം സ്വന്തമാക്കിയപ്പോൾ ലിവർപൂൾ ഇഞ്ചുറി ടൈം ഗോളിൽ ന്യൂകാസിലിനെ മറികടന്നു. കരുത്തരായ ചെൽസി സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി.

അഞ്ചിലഞ്ചും ജയിച്ച് ആഴ്സണൽ

ബ്രസീലിയൻ താരങ്ങളായ ഗബ്രിയേൽ ജീസസും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ആഴ്‌സണലിന് തുടർച്ചയായ അഞ്ചാം ജയം സമ്മാനിച്ചത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ ഗണ്ണേഴ്‌സ് നടത്തിയ തുടർച്ചയായ ആക്രമണങ്ങളെ മികച്ച സേവുകളിലൂടെ തടഞ്ഞുനിർത്തിയ ആസ്റ്റൻവില്ലയുടെ അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനസിന്റെ ആതിഥേയർക്ക് കീഴടക്കാൻ 31ാം മിനിറ്റ് വരെ കാക്കേണ്ടി വന്നു. ഗബ്രിയേൽ ജീസസ് തൊടുത്ത ഷോട്ട് മാർട്ടിനസ് തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ താരത്തിന് പിഴച്ചില്ല. എന്നാൽ, 74ാം മിനിറ്റിൽ അപ്രതീക്ഷിതമായി സമനില ഗോളെത്തി. ആസ്റ്റൻ വില്ലയുടെ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് കോർണർ കിക്കിൽനിന്ന് നേരിട്ട് പന്ത് വലയിലെത്തിച്ചപ്പോൾ ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ട് നിശ്ശബ്ദമായി. ലൂയിസിന്റെ ഷോട്ട് പ്രതിരോധ നിരക്കാർക്ക് മുകളിലൂടെ ഗോൾകീപ്പർക്ക് അവസരം നൽകാതെ വലയിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു.

എന്നാൽ, മൂന്ന് മിനിറ്റ് തികയും മുമ്പെ ബുകായോ സാക നൽകിയ മനോഹരമായ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് മാർട്ടിനല്ലി ആഴ്‌സണലിന് നിർണായക ജയവും മൂന്ന് പോയന്റും സമ്മാനിച്ചു.

ഹാലണ്ടിന്റെ രണ്ടാം ഹാട്രിക്കിൽ സിറ്റിയുടെ ഗോളടിമേളം

പുതുതായി ടീമിലെത്തിയ നോർവേക്കാരൻ എർലിങ് ഹാലണ്ടിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക് മികവിൽ എതിരില്ലാത്ത ആറു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി നോട്ടിങ്ങാം ഫോറസ്റ്റിനെ കീഴടക്കിയത്. സിറ്റിക്കായി അരങ്ങേറ്റം കുറിച്ച അർജന്റീന താരം ജൂലിയൻ അൽവാരസും ഇരട്ട ഗോളിലൂടെ മത്സരം അവിസ്മരണീയമാക്കി. 12ാം മിനിറ്റിൽ ഫിൽ ഫോഡന്റെ അസിസ്റ്റിലാണ് ഹാലണ്ട് ആദ്യഗോളടിച്ചത്. 23ാം മിനിറ്റിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് അനായാസം വലയിലാക്കി രണ്ടാം ഗോൾ കണ്ടെത്തിയ താരം 38ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് കണ്ടെത്തി.

50ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നുള്ള ഉശിരൻ ഷോട്ടിലൂടെ ജോ കാൻസലോ സിറ്റിയുടെ ലീഡ് നാലാക്കി. 65ാം മിനിറ്റിൽ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് കടത്തി 22കാരൻ ജൂലിയൻ അൽവാരസ് സിറ്റി ജഴ്സിയിൽ ആദ്യ ഗോൾ കണ്ടെത്തി. 87ാം മിനിറ്റിൽ അൽവാരസ് തന്നെ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

സതാംപ്ടണോട് തോറ്റ് ചെൽസി

സതാംപ്ടണോട് മുൻ ചാമ്പ്യന്മാരായ ചെൽസി ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. 23ാം മിനിറ്റിൽ റഹീം സ്റ്റർലിങ്ങിലൂടെ ചെൽസി ലീഡെടുത്തെങ്കിലും 28ാം മിനിറ്റിൽ 18കാരൻ റോമിയോ ലവിയ സതാംപ്ടണെ ഒപ്പമെത്തിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ചെൽസിയുടെ പ്രതിരോധപ്പിഴവിൽനിന്ന് ആദം ആംസ്‌ട്രോങ് സതാംപ്ടണിന്റെ വിജയഗോളും നേടി.

ഇഞ്ചുറി ടൈമിൽ രക്ഷപ്പെട്ട് ലിവർപൂൾ

ആൻഫീൽഡിൽ ന്യൂകാസിലിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ലിവർപൂൾ സീസണിലെ രണ്ടാം ജയം പിടിച്ചുവാങ്ങിയത്. 38ാം മിനിറ്റിൽ സ്വീഡിഷ് താരം അലക്‌സാണ്ടർ ഇസാക്കാണ് ന്യൂകാസിലിനായി ലിവർപൂൾ വലയിൽ പന്തെത്തിച്ചത്. 61ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ അസിസ്റ്റിൽ റോബർട്ടോ ഫിർമിനോ ആതിഥേയരെ ഒപ്പമെത്തിച്ചു. 98ാം മിനിറ്റിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് വലയിലെത്തിച്ച് ഫാബിയോ കാർവാലോയാണ് ലിവർപൂളിന് നിർണായക ജയം സമ്മാനിച്ചത്.

മറ്റൊരു മത്സരത്തിൽ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ വെസ്റ്റ്ഹാം 1-1 സമനിലയിൽ തളച്ചപ്പോൾ ലീഡ്‌സ് യുനൈറ്റഡ് ഇതേ സ്‌കോറിന് എവർട്ടനെയും പൂട്ടി. ബേൺമൗത്തും വോൾവറാംപ്ടൺ വാണ്ടറേഴ്‌സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും ലെസ്റ്റർ സിറ്റിയും തമ്മിൽ വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30ന് ഏറ്റുമുട്ടും.

Tags:    
News Summary - Hat-trick for Haaland; fifth win for Gunners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.