ബാലൺ ദി ഓർ പുരസ്കാരം നൽകുന്ന ഫ്രാൻസ് ഫുട്ബാൾ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെറെക്കെതിരെ പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബൂട്ടഴിക്കുന്നതിന് മുമ്പ് ലയണൽ മെസ്സിയേക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്കാരം നേടിയെടുക്കുകയെന്നതാണ് തന്‍റെ ഏക ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതായി കഴിഞ്ഞദിവസം പാസ്കൽ ഫെറെ പ്രസ്താവിച്ചിരുന്നു.
എന്നാൽ, മെസ്സി ബാലൺ ദി ഓർ പുരസ്കാരം നേടിയതിന് പിന്നാലെ ഫെറെക്കെതിരെ ക്രിസ്റ്റ്യാനോ രംഗത്തുവന്നു. ഫെറെ നുണ പറയുകയാണ്. മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
'മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്കാരങ്ങൾ നേടുക എന്നതാണ് തന്‍റെ അഭിലാഷം എന്നായിരുന്നു ഫെറെയുടെ അവകാശ വാദം. അദ്ദേഹം കളവ് പറയുകയാണ്. പ്രശസ്തിക്കു വേണ്ടിയും അദ്ദേഹത്തിന്‍റെ മാസികയുടെ പ്രചാരണത്തിനും വേണ്ടിയുമാണ് അദ്ദേഹം കളവ് പറഞ്ഞത്. ബാലൺ ദി ഓർ പോലെ ഇത്ര മഹത്തരമായ ഒരു പുരസ്കാരം ഏർപ്പെടുത്തുന്നതിന് ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരത്തിൽ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല. ഫ്രാൻസ് ഫുട്ബൾ മാസികയെയും ബാലൺ ദി ഓർ പുരസ്കാരത്തെയും ബഹുമാനിക്കുന്ന എല്ലാവരോടുമുള്ള നിന്ദയാണിത്.
പുരസ്കാര ദാന ചടങ്ങിൽനിന്ന് ഞാൻ വിട്ടുനിന്നത് സംബന്ധിച്ച് ഫെറെ വീണ്ടും കളവ് പറഞ്ഞിരിക്കുകയാണ്. നിലവിലില്ലാത്ത ക്വാറന്‍റീൻ വ്യവസ്ഥയാണ് ചടങ്ങിൽനിന്നു ഞാൻ വിട്ടുനിൽക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജേതാക്കളെ എന്നും ഞാൻ അഭിനന്ദിക്കാറുണ്ട്. കരിയറിന്‍റെ തുടക്കം മുതൽ ഈ സ്പോർട്സ് മാൻ സ്പിരിറ്റ് കാട്ടാറുണ്ട്. ഞാൻ ആർക്കും എതിരല്ല.
എനിക്ക് വേണ്ടിയും ഞാൻ പ്രതിനിധാനം ചെയ്യുന്ന ക്ലബുകൾക്കും രാജ്യത്തിനും വേണ്ടിയുമാണു ഞാൻ ജയിക്കുന്നത്. ലോക ഫുട്ബാൾ ചരിത്രത്തിൽ എന്‍റെ പേര് തങ്കലിപികളിൽ എഴുതണം എന്നതാണ് എന്‍റെ ഏറ്റവും വലിയ അഭിലാഷം.
മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അടുത്ത മത്സരത്തിലാണ് എന്‍റെ ശ്രദ്ധ. സഹതാരങ്ങളും ആരാധകരും മറ്റെല്ലാവരും ഒത്തുപിടിച്ചാൽ ഈ സീസൺ ഇനിയും നമുക്കു നേടാം' –ക്രിസ്റ്റ്യാനോ കുറിപ്പിൽ പറഞ്ഞു.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ അർജന്‍റീനൻ താരം ലയണൽ മെസ്സിക്ക് ബാലൺ ദി ഓർ പുരസ്കാരം സമ്മാനിച്ചു. ഇത് ഏഴാം തവണയാണ് മെസ്സി പുരസ്കാരത്തിന് അർഹനാകുന്നത്. അഞ്ച് തവണയാണ് ക്രിസ്റ്റ്യാനോ ബാലൺ ദി ഓർ നേടിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.