ലണ്ടൻ: യൂറോ കപ്പ് മത്സരത്തിനിടെ ഡെൻമാർക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത് ഹൃദയം നിലച്ച് മരണത്തോടു മുഖാമുഖം നിന്നായിരുന്നുവെന്ന് ഡോക്ടർ. ''അവൻ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങൾ ശ്വാസം നൽകാൻ തുടങ്ങി. വിജയം കാണുകയും ചെയ്തൂ. അവൻ നമ്മോടു വിട്ടുപോകാൻ എത്ര അടുത്തായിരുന്നുവെന്നോ? അറിയില്ല. ശ്വാസം തിരിച്ചുപിടിക്കാനുള്ള ആദ്യ ശ്രമം തന്നെ വിജയം കണ്ടു, അതോടെ എല്ലാം വേഗത്തിലായി''- ഡെൻമാർക് ടീം ഡോക്ടർ മോർട്ടൻ ബോസൺ പറഞ്ഞു.
പരിക്കുപറ്റി അത്ര വേഗത്തിൽ കൂടെയുള്ളവർ പ്രതികരിച്ചതാണ് എല്ലാം നേരെയാക്കിയതെന്ന് പരിശീലകൻ കാസ്പർ യുൽമണ്ടും വ്യക്തമാക്കി. ''സംഭവം നടന്ന് എത്ര വേഗത്തിൽ സഹായം ലഭിക്കുന്നു എന്നതാണ് പ്രധാനം. വളരെ ചുരുങ്ങിയ സമയമേ എടുത്തുള്ളൂ''- യുൽമണ്ട് തുടർന്നു.
ഒരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിട്ടില്ലാത്ത എറിക്സണ് എങ്ങനെ ഇതു സംഭവിച്ചുവെന്നറിയാൻ പരിശോധനകൾ പൂർത്തിയായി വരികയാണ്. നിലവിൽ പ്രയാസങ്ങളൊന്നും കാണിക്കാത്ത താരം അതിവേഗം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഹൃദയം പതിവുപോലെ മിടിക്കുന്നുണ്ട്. ഇതുവരെ ചെയ്ത പരിശോധനകളിൽ കുഴപ്പങ്ങൾ കാണിച്ചിട്ടില്ല. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിന് വിശദീകരണം ലഭിക്കാത്തതാണ് കുഴക്കുന്നത്.
ശനിയാഴ്ച ഫിൻലൻഡിനെതിരായ കളിയുടെ ആദ്യ പകുതി അവസാനിരിക്കെയാണ് ഡെന്മാർക് താരം എറിക്സൺ കുഴഞ്ഞുവീണത്. മൈതാനത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് എറിക്സൺ കൂടി താൽപര്യമറിയിച്ചതനുസരിച്ച് പുനരാരംഭിച്ച കളി ഡെൻമാർക് തോറ്റിരുന്നു.
കുഴഞ്ഞുവീഴ്ചയും അതുകഴിഞ്ഞു നടന്നതും ഓർമയില്ലെന്ന് എറിക്സൺ പറഞ്ഞതായി കോച്ച് പറഞ്ഞു. ഇപ്പോൾ ഉണർന്നിരിക്കുന്ന താരം ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുന്നുണ്ട്. ഹൃദയം പതിവുതാളം വീണ്ടെടുത്തിട്ടുണ്ട്. ഇനിയും താൻ മൈതാനത്തുണ്ടാകുമെന്നാണ് ആശുപത്രിയിലും എറിക്സന്റെ ആഗ്രഹം.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ ടെലിവിഷൻ കാമറകൾ തത്സമയം കാണിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. താരത്തെ മാത്രമല്ല, കണ്ണീരണിഞ്ഞ് തകർന്ന് മൈതാനത്തുനിന്ന പത്നി സബ്രീന ക്വിസ്റ്റിനെയും ഏറെനേരം കാണിച്ചു. ബി.ബി.സി പിന്നീട് ദൃശ്യങ്ങൾക്ക് മാപ്പുചോദിച്ചിരുന്നു.
അതേ സമയം, ടീം തകർന്നിരുന്നപ്പോഴും മത്സരം പുനരാരംഭിക്കാൻ നിർദേശം നൽകിയ യുവേഫയുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്. നിരന്തരം മത്സരങ്ങളിൽനിന്ന് അടുത്തതിലേക്ക് ഓടേണ്ടിവരുന്ന താരങ്ങൾക്ക് ഇതിലേറെ വലിയ ദുരന്തം വരാനിരിക്കുന്നേയുള്ളൂവെന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്. കൂടുതൽ മത്സരങ്ങളും ടീമുകളും വേദികളും നിരന്തരം യാത്രകളും മത്സര ഫലത്തെ കുറിച്ച ആധികളുമായി താരങ്ങൾ പ്രയാസപ്പെടുകയാണെന്നാണ് കുറ്റപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.