'ഭാവിയില്‍ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍!' നാപോളിയുടെ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെനെ മുന്‍ ചെല്‍സി ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
23 വയസ്സാണ് വിക്ടറിന്. കഴിഞ്ഞ സീസണില്‍ ഇറ്റലിയില്‍ നാപോളിക്കായി 32 മത്സരങ്ങള്‍ കളിച്ച താരം 18 ഗോളും ആറ് അസിസ്റ്റുമായി തിളങ്ങി. 2020ല്‍ ഫ്രഞ്ച് ക്ലബ് ലിലെയില്‍ നിന്ന് 70 ദശലക്ഷം യൂറോക്കാണ് വിക്ടറിനെ നാപോളി സ്വന്തമാക്കിയത്. ഇപ്പോള്‍, നൈജീരിയക്കാരന്റെ ട്രാന്‍സ്ഫര്‍ വിപണിയിലെ മൂല്യം 100 ദശലക്ഷം യൂറോയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവര്‍ വിക്ടറിനായി രംഗത്തുണ്ട്.
ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ അടുത്തിടെ ടീമിലെത്തിച്ച ആഴ്‌സണലിന് നൈജീരിയന്‍ താരം വിലയില്‍ ഒക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാപോളി സ്‌ട്രൈക്കര്‍ക്കായി കാശെറിയുമെന്നാണ് സൂചന. നൂറ് ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫറില്‍ ന്യൂകാസില്‍ യുനൈറ്റഡും മടിച്ചു നില്‍ക്കുകയാണ്.
എന്നാല്‍, നാപോളി വിടാന്‍ തനിക്ക് താൽപര്യമില്ലെന്ന് വിക്ടര്‍ ഇറ്റാലിയന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നാപോളി പരിശീലകന്‍ ലൂസിയാനോ സ്പലെറ്റി തന്നെ മികച്ച സ്‌ട്രൈക്കറാക്കി മാറ്റിയെടുക്കുകയായിരുന്നു. അദ്ദേഹത്തിന് കീഴില്‍ കുറച്ച് കാലം കൂടി കളിക്കാനുള്ള ആഗ്രഹമാണ് വിക്ടറിനുള്ളത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ ആഫ്രിക്കന്‍ താരങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നയാളാണ് ചെല്‍സിയുടെ സ്‌കോറിങ് മെഷിനായിരുന്ന ദിദിയര്‍ ദ്രോഗ്ബ. ഐവറികോസ്റ്റിന്റെ ഇതിഹാസ താരമായ അദ്ദേഹം പറയുന്നത് പ്രീമിയര്‍ ലീഗിന്റെ ചടുലതക്ക് യോജിച്ച സ്‌ട്രൈക്കറാണ് വിക്ടറെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.