പ്രീമിയർ ലീഗിൽ ബ്രൈറ്റണോട് തോറ്റ് കിരീടത്തിനായുള്ള ഇഞ്ചോടിഞ്ഞ് പോരിൽനിന്ന് വഴുതിവീണ് ടോട്ടൻഹാം. രണ്ടിനെതിരെ നാല് ഗോളിനാണ് സ്പർശ് തോൽവി രുചിച്ചത്. 36 പോയന്റുമായി മുൻനിരയിലുണ്ടായിരുന്ന അവർക്ക് ജയം നേടിയാൽ 39 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലക്കൊപ്പമെത്താനാവുമായിരുന്നു. നിലവിൽ ലിവർപൂൾ 42 പോയന്റുമായി ഒന്നാമതുള്ളപ്പോൾ രണ്ട് പോയന്റ് അകലെ ആഴ്സണലുണ്ട്. വെസ്റ്റ്ഹാം യുനൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതാണ് ഗണ്ണേഴ്സിന് ഒന്നാംസ്ഥാനത്തേക്ക് കയറാനുള്ള അവസരം നഷ്ടമാക്കിയത്. 39 പോയന്റുമായി ആസ്റ്റൺവില്ല മൂന്നാമതും ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 37 പോയന്റുമായി നാലാമതുമാണ്.
കളി തുടങ്ങി ആറ് മിനിറ്റിനകം രണ്ട് മികച്ച അവസരങ്ങളാണ് ബ്രൈറ്റൻ നഷ്ടമാക്കിയത്. എന്നാൽ, 11ാം മിനിറ്റിൽ ജാക്ക് ഹിൻഷൽവുഡിലൂടെ ബ്രൈറ്റൺ അക്കൗണ്ട് തുറന്നു. നിരവധി പ്രതിരോധ താരങ്ങൾക്കിടയിലൂടെ ജോവോ പെഡ്രൊ നൽകിയ അതിമനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. 23ാം മിനിറ്റിൽ ടോട്ടൻഹാം ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ താരത്തിന്റെ ജഴ്സിയിൽ പിടിച്ചുവലിച്ചതിന് റഫറി പെനാൽറ്റി വിധിച്ചപ്പോൾ ജോവോ പെഡ്രൊ പിഴവില്ലാതെ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. സ്കോർ 2-0. ഇടവേളക്ക് മുമ്പ് ലീഡ് വർധിപ്പിക്കാനുള്ള ബ്രൈറ്റന്റെ സുവർണാവസരങ്ങളിലൊന്ന് പോസ്റ്റിൽ തട്ടിത്തെറിച്ചതും മറ്റൊന്ന് ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചതും ടോട്ടൻഹാമിന് ആശ്വാസമായി.
ഇടവേളക്ക് ശേഷം ടോട്ടൻഹാം ഉണർന്ന് കളിച്ചതോടെ അവസരങ്ങളും ലഭിച്ചു. എന്നാൽ, തുടക്കത്തിലെ രണ്ട് ഗോൾശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. ഇതിനിടെ 63ാം മിനിറ്റിൽ പെർവിസ് എസ്തൂപിയാന്റെ ബോക്സിന് പുറത്തുനിന്നുള്ള ഉശിരൻ ഇടങ്കാലൻ ഷോട്ട് വെടിയുണ്ട കണക്കെ ടോട്ടൻഹാം വലയിൽ കയറി. 75ാം മിനിറ്റിൽ ബാളുമായി മുന്നേറിയ ബ്രൈറ്റൻ താരത്തെ പിറകിൽനിന്ന് കാൽവെച്ച് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോവോ പെഡ്രോ വീണ്ടും ലക്ഷ്യത്തിലെത്തിച്ചതോടെ ടോട്ടൻഹാം നാല് ഗോളിന് പിന്നിലായി നാണംകെട്ട തോൽവി മുന്നിൽകണ്ടു. എന്നാൽ, ആറ് മിനിറ്റിനകം ബ്രൈറ്റൻ പ്രതിരോധത്തിന്റെ പിഴവിൽനിന്ന് അലേജൊ വെലിസ് ഒരു ഗോൾ മടക്കി. നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ പോറോ നൽകിയ ക്രോസ് ബെൻ ഡേവിസ് ഹെഡറിലൂടെ വലയിലാക്കിയതോടെ ടോട്ടൻഹാം തിരിച്ചുവരവിന്റെ സൂചന നൽകി. ഇഞ്ചുറി സമയത്ത് ഒരു ഗോൾകൂടി മടക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചതോടെ പരാജയവും പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.