ബുഡാപെസ്റ്റ്: ലോകചാമ്പ്യൻമാരായ ഫ്രഞ്ച് പടക്ക് സമനിലപ്പൂട്ട്...! ചെങ്കുപ്പായവും മൂവർണ പതാകയുമേന്തി പുഷ്കാസ് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയ നാട്ടുകാർക്ക് രാവ് വെളുക്കുവോളം ആഘോഷിക്കാൻ വിജയത്തോളം പോന്ന സമനില സമ്മാനിച്ച് ഹംഗറി. അറ്റില ഫിയോളയുടെ ഗോളിൽ മുന്നിലെത്തിയ ഹംഗറിക്ക് അേന്റായ്ൻ ഗ്രീസ്മാന്റെ ഗോളിൽ മറുപടി നൽകിയെങ്കിലും വിജയത്തിലേക്കെത്താൻ ഫ്രാൻസിനായില്ല. ഫേവറിറ്റുകളായ ഫ്രാൻസിന് സമനില പിണഞ്ഞതോടെ മരണ ഗ്രൂപ്പായ എഫിൽ നിന്നും ആരൊക്കെ മുന്നേറുമെന്നതിന് ആകാംക്ഷയേറി. കരുത്തരായ പോർച്ചുഗലും ജർമനിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
കളിയുടെ ഒഴുക്കും പന്തടക്കവും ഒപ്പമായിരുന്നെങ്കിലും മുന്നേറ്റത്തിലെ വീഴ്ചകളാണ് ഫ്രാൻസിന് വിനയായത്. ഉറച്ച ഗോളവസരങ്ങൾ സൂപ്പർ താരങ്ങളായ കരിം ബെൻസിമയും കിലിയൻ എംബാപ്പെയും നഷ്ടമാക്കി. 46ാം മിനുറ്റിലാണ് ഫ്രാൻസിനെ ഞെട്ടിച്ച് ഹംഗറി വലകുലുക്കിയത്.
റോളൺഡ് സല്ലായിയുടെ പാസ് സ്വീകരിച്ച് ഓടിക്കയറിയ അറ്റില ഫിയോള പെനൽറ്റി ബോക്സിൽ നിന്നും തൊടുത്ത ഷോട്ട് ഹ്യൂഗോ ലോറിസിനെയും മറികടന്ന് ഫ്രാൻസിന്‍റെ ഗോൾവരകടക്കുകയായിരന്നു. ഉന്മാദാവസ്ഥയിൽ ആർത്തുവിളിച്ച ഗാലറിയും വീര്യമേറിയ ഹംഗേറിയൻ നിരയും തീർത്ത സമ്മർദ്ദങ്ങളിൽ നിന്നും ഫ്രാൻസ് പതിയെ കരകയറുകയായിരുന്നു.
ഹംഗറിയുടെ പ്രതിരോധത്തിലെ വീഴ്ചകളിൽ നിന്നായിരുന്നു 66ാം ഫ്രാൻസ് മറുപടി കണ്ടെത്തിയത്. ഉയർന്നെത്തിയ പന്ത് ബൗൺസ് ചെയ്തതിൻെ ആനുകൂല്യം മുതലെടുത്ത് കിലിയൻ എംബാപ്പേ ഹംഗറി ഗോൾമുഖ്യം ലക്ഷ്യമാക്കി നീട്ടിയ ക്രോസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ലോറിസ് ഡ്രിൽസിന് പിഴച്ചതോടെ പന്തെത്തിയത് ഓടിയെത്തിയ ഗ്രിസ്മാന്റെ കാൽക്കലേക്ക്. അനായാസം വീണുകിട്ടിയ പന്ത് ഗ്രീസ്മാൻ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഹംഗറി യുടെ പ്രതിരോധ നിര മുന്നിൽ വട്ടമിട്ടു നിന്നതോടെ ഫ്രാൻസ് നിരാശരായി തിരിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.