ബ്വേനസ് എയ്റിസ്: അസാധ്യതയുടെ അവിശ്വസനീയ കോണിൽനിന്ന് അയാൾ അദ്ഭുതങ്ങൾ കാട്ടുമെന്നറിയാവുന്നതുകൊണ്ട് അവർ ആറുപേർ ഏതപകടവും തടയാൻ സന്നദ്ധരായി സ്വന്തം ഗോൾമുഖത്തേക്കുള്ള സകല വഴികളുമടയ്ക്കാൻ ജാഗരൂകരായിരുന്നു. പക്ഷേ, ലയണൽ മെസ്സിയെന്ന മഹാമാന്ത്രികൻ ആ കോട്ടകൊത്തളങ്ങളെ പൊളിച്ചടുക്കിയത് ലോകത്തെ അമ്പരപ്പിച്ച അസിസ്റ്റുകൊണ്ടായിരുന്നു. നെതർലൻഡ്സിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആദ്യഗോൾ കുറിക്കാൻ മെസ്സി സഹതാരം നാഹുവൽ മൊളീനക്ക് നൽകിയ പാസ് കളിയഴകിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ചതായിരുന്നു. ഫുട്ബാളിന്റെ എക്കാലത്തേയും മികച്ച അസിസ്റ്റുകളിലൊന്ന്.
35-ാം മിനിറ്റിൽ റൈറ്റ്ബാക്ക് പൊസിഷനിൽനിന്ന് മൊളീന കയറിയെത്തിയത് ഡച്ചുകാരുടെ പെനാൽറ്റി ബോക്സിലാണ്. രണ്ടു എതിർതാരങ്ങളെ ഡ്രിബിൾ ചെയ്തശേഷം തൊട്ടുമുന്നിൽ തടയാനെത്തിയ എതിർതാരത്തിന്റെ കാലുകൾക്കിടയിലൂടെയായിരുന്നു മെസ്സിയുടെ പാസ്. നിരന്നുനിൽക്കുന്ന അരഡസൻ ഓറഞ്ചുകുപ്പായക്കാർക്കിടയിലെ നേരിയ വഴികളിലൂടെ പന്ത് കൃത്യമായെത്തിയത് ബോക്സിനുള്ളിലേക്ക് പ്രതീക്ഷയോടെ ഓടിയെത്തിക്കൊണ്ടിരുന്ന മൊളീനയിലേക്ക്. ഗോളിയുടെ പ്രതിരോധനീക്കങ്ങളെ തകർത്ത് മൊളീനയുടെ േപ്ലസിങ് ഷോട്ട് വലയിലേക്ക്. നിശ്ചിത സമയത്ത് 2-2ന് തുല്യനിലയിലായ ശേഷം മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ജയിച്ചുകയറിയത്.
ഈ ‘അതിശയ പാസി’നെക്കുറിച്ച് മെസ്സിയും മൊളീനയും അർജന്റീനയിലെ ‘ടെലിവിഷൻ പബ്ലിക്ക’ക്ക് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം വിശദമായി സംസാരിച്ചു. ‘ആ പാസ് നൽകുന്നതിനുമുമ്പ് നിങ്ങൾ എന്നെ കണ്ടിരുന്നോ?’ -മൊളീനയുടെ ചോദ്യം മെസ്സിയോടായിരുന്നു.
‘അതേ, ഞാൻ നിന്നെ കണ്ടിരുന്നു. നീ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ട് ആ ഭാഗത്തേക്ക് പാസ് ചെയ്യുകയെന്നതായിരുന്നു സ്വഭാവികമായി ചെയ്യാനുള്ള കാര്യമെന്ന് ഞാൻ മനസ്സിലാക്കി. എതിർ പ്രതിരോധം മറ്റെന്തെങ്കിലുമൊരു നീക്കം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് പന്ത് മൊളീനക്ക് കൊടുക്കുന്നത് കൂടുതൽ നന്നായിരിക്കുമെന്നും എനിക്ക് തോന്നി. അവൻ വിളിക്കുന്നതൊന്നും ഞാൻ കേട്ടിരുന്നില്ല. എന്നാൽ, ഞാനവനെ കൃത്യമായി കണ്ടിരുന്നു’ -മെസ്സിയുടെ മറുപടി ഇതായിരുന്നു.
അത്‍ലറ്റികോ മഡ്രിഡ് താരമായ മൊളീന അർജന്റീനക്കുവേണ്ടി 28 മത്സരങ്ങളിൽ മെസ്സിയോടൊപ്പം കളത്തിലിറങ്ങിയിട്ടുണ്ട്. ഇരുവരും ചേർന്ന് രണ്ടു ഗോളുകൾക്കുവേണ്ടി കളത്തിൽ ഒരുമിച്ചുചരടുവലിച്ചിട്ടുമുണ്ട്. അതിലൊന്നായിരുന്നു നെതർലൻഡ്സിനെതിരെ ലോകകപ്പിലേത്.
സൗദി അറേബ്യയോടേറ്റ ഞെട്ടിക്കുന്ന തോൽവിക്കുശേഷം ലോകകപ്പിൽ ഐതിഹാസികമായി തിരിച്ചുവന്ന അർജന്റീന സഹതാരങ്ങളെ അഭിമുഖത്തിൽ മെസ്സി പ്രകീർത്തിച്ചു. ‘ഞങ്ങളുടേത് കരുത്തുറ്റതും ഒറ്റക്കെട്ടായതുമായ സംഘമായിരുന്നു. സൗദി അറേബ്യക്കെതിരായ തിരിച്ചടിക്കുശേഷവും മഹത്തരമായി ടീം തിരിച്ചുവന്നു. ഒരു ലോകകപ്പ് കളിക്കുകയെന്നത് എളുപ്പമൊന്നുമല്ല. എന്നാൽ, ഈ സംഘം ഏറെ കരുത്തരാണെന്നും ലക്ഷ്യത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആധി പിടിക്കാത്തവരാണെന്നും അവർ തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.