ടോട്ടൻഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട നടപടി വിവാദമായതോടെ വിശദീകരണവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. "എന്റെ കരിയറിൽ ഞാൻ എപ്പോഴും ചെയ്തിട്ടുള്ളതുപോലെ, എന്റെ സഹപ്രവർത്തകരോടും എതിരാളികളോടും പരിശീലകരോടും ബഹുമാനത്തോടെ കഴിയാനും കളിക്കാനും ഞാൻ ശ്രമിക്കുന്നു. അത് മാറിയിട്ടില്ല, ഞാൻ മാറിയിട്ടില്ല'', റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"ഞാൻ കഴിഞ്ഞ 20 വർഷമായി എലൈറ്റ് ഫുട്ബാൾ കളിക്കുന്ന അതേ വ്യക്തിയും അതേ പ്രഫഷനലുമാണ്, എന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ബഹുമാനം എല്ലായ്പ്പോഴും വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ വളരെ ചെറുപ്പത്തിൽ കളി തുടങ്ങിയതാണ്. മുതിർന്നവരും പരിചയസമ്പന്നരുമായ കളിക്കാരുടെ ഉദാഹരണങ്ങൾ എനിക്ക് എപ്പോഴും വളരെ പ്രധാനമാണ്. അതിനാൽ, ഞാൻ പ്രതിനിധീകരിച്ച എല്ലാ ടീമുകളിലും വളർന്നുവരുന്ന യുവാക്കൾക്ക് മാതൃകയാകാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അത് എല്ലായ്‌പ്പോഴും സാധ്യമല്ല. ചില സമയങ്ങളിൽ ക്ഷോഭം നമ്മിലെ മികച്ചവരെ പോലും കീഴ്‌പ്പെടുത്തുന്നു. ഇപ്പോൾ, എനിക്ക് കഠിനാധ്വാനം ചെയ്യണമെന്ന് തോന്നുന്നു. എന്റെ ടീമംഗങ്ങളെ പിന്തുണക്കണം, ഏത് ഗെയിമിലും എല്ലാത്തിനും തയാറായിരിക്കണം. സമ്മർദത്തിന് വഴങ്ങുക എന്നത് ഒരു ഓപ്ഷനല്ല. അത് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇത് മാഞ്ചസ്റ്റർ യുനൈറ്റഡാണ്, നമ്മൾ ഒറ്റക്കെട്ടായി നിൽക്കും. താമസിയാതെ ഞങ്ങൾ വീണ്ടും ഒന്നിക്കും", റൊണാൾഡോ കുറിച്ചു.
തനിക്ക് അവസരം നൽകാത്തതിൽ പ്രകോപിതനായാണ് മത്സരം അവസാനിക്കും മുമ്പെ താരം ഗ്രൗണ്ടിൽനിന്ന് ഇറങ്ങിപ്പോയത്. ഇതിനെതിരെ പഴയ കളിക്കാരിൽ നിന്നും ആരാധകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ വിഷയം കൈകാര്യം ചെയ്യുമെന്ന് കോച്ച് എറിക് ടെൻഹാഗ് വെളിപ്പെടുത്തിയിരുന്നു. റൊണാൾഡോയെ ചെൽസിക്കെതിരായ അടുത്ത മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് സ്ക്വാഡിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം.
90ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. നാല് മിനിറ്റ് ഇഞ്ചുറി സമയം അവശേഷിക്കെ താരം ടണൽവഴി മടങ്ങുകയായിരുന്നു. ഈ സമയത്ത് മറുപടിയില്ലാതെ രണ്ടു ഗോളിന് മുന്നിലായിരുന്നു യുനൈറ്റഡ്. സീസണിൽ യുനൈറ്റഡിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ടീമിനായി 12 മത്സരങ്ങളിൽനിന്ന് രണ്ടു ഗോൾ മാത്രമാണ് ക്രിസ്റ്റ്യാനോ നേടിയത്. പരിശീലകൻ എറിക് ടെൻ ഹാഗ് തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്ന നിരാശ താരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.