ലിസ്ബൺ: ബേയൺ മ്യൂണിക്കിനൊപ്പം ലിസ്ബണിൽ ചാമ്പ്യൻസ് ലീഗ് വിജയാഘോഷത്തിെൻറ ലഹരിയിലാണ് ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കൗടീന്യോ. സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ നിന്നും വായ്പാടിസ്ഥാനത്തിൽ ജർമനിയിലെത്തിയ കൗടീന്യോ ടീമിനൊപ്പം സീസൺ ട്രെബ്ൾ തികച്ച സന്തോഷത്തിലാണ്. എന്നിരുന്നാലും അടുത്ത സീസണിൽ സ്പെയിനിലേക്ക് മടങ്ങനാണ് താരത്തിെൻറ തീരുമാനം.
'ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് തിരിച്ച് പോകണം. മികച്ച പ്രകടനം പുറത്തെടുത്ത് നല്ലൊരു സീസണാക്കി മാറ്റാൻ പ്രയത്നിക്കണം? എന്നാൽ അത് ബാഴ്സയിലാകുമോ എന്ന് എനിക്കറിയില്ല'- മുൻ ലിവർപൂൾ താരം മോവി സ്റ്റാർ പ്ലസിനോട് പറഞ്ഞു.
സീസണിൽ ലാലിഗ കിരീടം റയൽ മഡ്രിഡിന് മുന്നിൽ അടിയറവ് വെക്കുകയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനോട് 8-2ന് തകർന്നടിയുകയും ചെയ്ത ബാഴ്സ വരും സീസണിൽ ഉയർത്തെഴുന്നേൽക്കാനാണ് ശ്രമിക്കുന്നത്.
ഇതിെൻറ ഭാഗമായി ടീമിനെ അടിമുടി ഉടച്ചു വാർക്കുകയാണ് ക്ലബ് മാനേജ്മെൻറ്. ക്വികെ സെത്യനെ പുറത്താക്കിയ ക്ലബ് പുതിയ മാനേജരായി മുൻ താരം കൂടിയായ റൊണാൾഡ് കോമാനെ െകാണ്ടു വന്നിരിക്കുകയാണ്. പി.എസ്.ജിയിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ക്ലബ് ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ക്വാർട്ടറിൽ ബാഴ്സക്കെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകളും അസിസ്റ്റുമായി കൗടീന്യോ തന്നെ അപമാനിച്ച് പറഞ്ഞയച്ച ബാഴ്സലോണ ആരാധകർക്ക് അർഹിച്ച മറുപടി നൽകിയിരുന്നു.
11 ഗോളുകളും ഒമ്പത് അസിസ്റ്റുമായാണ് കൗടീന്യോ ജർമനിയിൽ സീസൺ അവസാനിപ്പിച്ചത്. പരിക്കിനെത്തുടർന്ന് ബുണ്ട്സ്ലിഗയിലെ അവസാനത്തെ എട്ട് മത്സരങ്ങൾ താരത്തിന് നഷ്ടമായി.
കഴിഞ്ഞ സീസണിൽ ബാഴ്സക്കായി 11 ഗോൾ സ്കോർ ചെയ്തെങ്കിലും റെക്കോഡ് തുകക്ക് ടീമിലെത്തിച്ച 28കാരെൻറ പ്രകടനത്തിൽ സംതൃപ്തരല്ലായിരുന്ന കാറ്റലൻമാർ ബയേണിന് വായ്പയായി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.