മഞ്ചേരി: ഇടവേളക്കുശേഷം സ്വന്തം മണ്ണിൽ പന്ത് തട്ടാനെത്തിയ മലബാറിയൻസിന് ഡൽഹി സുദേവ എഫ്.സിക്കെതിരെ ഒന്നൊന്നര വിജയം. ഗോളടിക്കാത്ത ആദ്യപകുതിക്കു ശേഷം രണ്ടാം വരവിൽ ഗോൾ വസന്തമൊരുക്കിയാണ് ആതിഥേയരായ ഗോകുലം കേരള എഫ്.സി സ്വന്തം കാണികളെ ആവേശം കൊള്ളിച്ചത്. തങ്ങളുടെ ആറാം മത്സരത്തിൽ മുൻ മത്സരങ്ങൾക്ക് ലഭിച്ച വിമർശനങ്ങൾക്കുള്ള മറുപടികൂടി നൽകിയായിരുന്നു ഗോകുലത്തിന്റെ തിരിച്ചു വരവ്. രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ ഗോകുലം സ്ട്രൈക്കർ കാമറൂൺ താരം ദോഡി എൻഡോയും 62, 70 മിനിറ്റുകളിൽ കളിയിലെ താരമായി തിരഞ്ഞെടുത്ത ടി. ഷിജിനും നേടിയ ഗോളുകളാണ് ഗോകുലത്തിന് ആവേശ വിജയം സമ്മാനിച്ചത്. ഇതോടെ സ്വന്തം മൈതാനത്ത് തുടർച്ചയായ രണ്ടാം വിജയവും മുന്നോട്ടുള്ള ഊർജവുമായാണ് ഗോകുലം കളി മതിയാക്കിയത്. വിജയത്തോടെ 11 പോയന്റുമായി ഗോകുലം പോയന്റ് പട്ടികയിൽ മൂന്നാമതെത്തി.
മുന്നേറ്റങ്ങൾക്ക് ഒട്ടും കുറവില്ലെങ്കിലും ഇരുടീമുകളും ഗോൾ നോടാനാവാതെയാണ് ഒന്നാം പകുതി പിരിഞ്ഞത്. ഗോളുകൾ പിറന്നില്ലെങ്കിലും ഒരുപിടി മികച്ച മുന്നേറ്റങ്ങളുമായി ഇരുകൂട്ടരും കൊമ്പുകോർത്തു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ ഗോകുലത്തിന്റെ മധ്യനിര താരം താഹിർ സമാൻ വലത് വിങ്ങിൽനിന്ന് തൊടുത്തുവിട്ട കനത്തിലുള്ള ഷോട്ട് ഗോകുലത്തിന്റെ കാമറൂൺ ഗ്ലാമർ താരം അഗസ്റ്റിൻ ജൂനിയർ ബൗസോലാംങ്ങ വലയിലെത്തിച്ചെങ്കിലും അധികം വൈകാതെ ലൈൻ റഫറി ഓഫ്സൈഡ് പതാക ഉയർത്തി. തുടർന്നും മികച്ച മുന്നേറ്റത്തോടെ ഗോകുലം ഗോളടിക്കുമെന്ന് തോന്നിച്ചെങ്കിലും വല കുലുങ്ങിയില്ല. ആദ്യ പകുതിയിൽ രണ്ട് കോർണറുകളടക്കം ഗോകുലത്തിന് ലഭിച്ച മികച്ച അവസരങ്ങൾ സ്ട്രൈക്കർമാർക്ക് ഗോളാക്കാനാവാതെ പോവുകയായിരുന്നു. 11ാം മിനിറ്റിൽ ഗോകുലത്തിന്റെ ഡിഫൻഡർ വികാസ് നൽകിയ ക്രോസിൽ അഗസ്റ്റിൻ ജൂനിയർ തലവെച്ചു നൽകിയ പന്ത് നിർഭാഗ്യംകൊണ്ടാണ് ഗോളാകാതെ മടങ്ങിയത്. 20ാം മിനിറ്റിൽ ഡൽഹിയുടെ മനോഹര മുന്നേറ്റം മികച്ച ഷോട്ടിൽ അവസാനിച്ചെങ്കിലും ഗോകുലം ഗോളിയുടെ കൈകളിലേക്കായിരുന്നു.
ആദ്യ പകുതിയിലെ ഗോകുലം ടീം കൂടുതൽ കരുത്തോടെ തിരിച്ചിറങ്ങിയ കാഴ്ചയാണ് പിന്നീട് മൈതാനത്ത് കണ്ടത്. ആവേശം നിറച്ച രണ്ടാം പകുതിയുടെ 53ാം മിനിറ്റിൽ സുബാങ്കർ അധികാരി വലത് ഭാഗത്തുനിന്ന് നൽകിയ ത്രോ ബോൾ ദോഡി എൻഡോ ചുറ്റിത്തിരിഞ്ഞ് ഇടതുകാൽകൊണ്ട് ഗോളിയുടെ കൈ തൊട്ടുരുമ്മി പോസ്റ്റിലേക്ക് അടിച്ചാണ് ഗോകുലം ഗോൾവേട്ടക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഗോകുലം പ്രതിരോധ പാളിച്ചയിൽനിന്ന് ലഭിച്ച ബാൾ പോസ്റ്റിൽനിന്ന് കിക്കെടുത്ത് ഡൽഹിയുടെ ഷുബോ പോൾ മികച്ച അവസരം പോസ്റ്റിന് മുകളിലോട്ടടിച്ച് തുലച്ചു. ഡൽഹി സമനില പിടിക്കേണ്ട അവസരം വഴിമാറിയത് തലനാരിഴക്കാണ്. 62 മിനിറ്റിൽ ഇരട്ട പ്രഹരവുമായി ഗോകുലം കളി പിടിച്ചെടുത്തു.
ഗോകുലം മിഡ്ഫീൽഡർ പി.എൻ. നൗഫലിന്റെ പാസിൽ പോസ്റ്റിൽ തക്കം പാർത്തിരുന്ന ടി. ഷിജിൻ തലവെച്ച് വല കുലുക്കി മലബാറിയൻസിന് ഇരട്ടഗോൾ സമ്മാനിച്ചു. രണ്ട് പ്രതിരോധഭടന്മാരെ കബളിപ്പിച്ച് നൗഫൽ നൽകിയ അളന്നുമുറിച്ച പാസ് ഷിജിൻ ഗോൾവലയുടെ വലതുമൂലയിലേക്ക് തലയിലാക്കി കുത്തിമറിക്കുകയായിരുന്നു. ഒരു ഗോൾ തിരിച്ചടിക്കാൻ ലക്ഷ്യമിട്ട് പന്തുമായി പാഞ്ഞുകളിച്ച ഡൽഹിയുടെ താരങ്ങൾക്ക് ഗോകുലത്തിന്റെ പിൻനിരയെ മറികടക്കാനായില്ല. 70ാം മിനിറ്റിൽ ആളൊഴിഞ്ഞ എതിർഗോൾ മുഖത്ത് ആതിഥേയ ടീമിലെ സ്ഥിരം സാന്നിധ്യമായ വി.എസ്. ശ്രീകുട്ടൻ നീട്ടി വലിച്ച് നൽകിയ വേഗം കുറഞ്ഞ പാസ് ഷിജിൻ ഗോളിയെ സാക്ഷിയാക്കി വല കുലുക്കി തന്റെ രണ്ടാമത്തെയും ഗോകുലത്തിന്റെ മൂന്നാമെത്തയും ഗോളടിച്ചു. രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ വ്യക്തമായ മുന്നേറ്റമാണ് മൈതാനത്ത് പ്രകടമായത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഡൽഹി പോസ്റ്റിലേക്ക് ആതിഥേയരുടെ ആക്രമണം ഉണ്ടായെങ്കിലും ഗോകുലത്തിന് ലീഡ് വർധിപ്പാക്കാനായില്ല. ഈ മാസം 12ന് രാജസ്ഥാൻ എഫ്.സിയുമായാണ് മഞ്ചേരിയിൽ ഗോകുലത്തിന്റെ അടുത്ത കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.