കോഴിക്കോട്: ക്യാപ്റ്റൻപട്ടം അഴിച്ചുവെച്ച് പകരക്കാരനായി ഇറങ്ങിയ സ്പെയിൻകാരനായ അലക്സാൺട്രോ സാഞ്ചസിന്റെ ഹാട്രിക് മികവോടെ ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്.സി രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ 5-0ന് നിലംപരിശാക്കി. കഴിഞ്ഞ കളികളിൽ ക്യാപ്റ്റനായിരുന്ന സാഞ്ചസ് രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ വി.എസ്. ശ്രീകുട്ടന് ക്യാപ്റ്റൻ പട്ടം നൽകി പകരക്കാരനാകുകയായിരുന്നു.
കളിയുടെ ഏറെ സമയവും എതിരാളികളുടെ കളത്തിൽ പന്തുകൊണ്ട് ഊഞ്ഞാലാടിയ ഗോകുലം ഹോം ഗ്രൗണ്ടിൽ സ്വപ്നങ്ങൾ പൂവണിയിച്ചു. ജയത്തോടെ മൂന്നു മത്സരങ്ങളിൽ ഏഴു പോയന്റുമായി ഗോകുലം ഒന്നാം സ്ഥാനത്തേക്ക് കയറി.
കഴിഞ്ഞ കളിയിലെ നൊരോക്കക്കെതിരായ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ടീം രാജസ്ഥാനെ നേരിട്ടത്. ആദ്യ പത്തുമിനിറ്റോളം ആതിഥേയർ ഒത്തിണക്കത്തിൽ കളിതുടർന്നു. ഇടക്കു മാത്രം പന്ത് തിരിച്ച് ഗോകുലം ഗോളി ദേവൻഷ് ധബൻസിനരികിലെത്തി.
പാദചലനങ്ങളുടെ ചടുലതയിലും താളത്തിലും മാന്ത്രിക മുഹൂർത്തങ്ങൾ തീർക്കാൻ കണ്ണഞ്ചിക്കുന്ന പ്രകടനങ്ങൾ ഒരുവേള മലബാറിയൻസ് താരങ്ങൾ പുറത്തെടുത്തു. 22ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് തജികിസ്താൻ താരം കൊമറോൺ ടർസ്നോവ് കൊടുത്ത പാസ് മിഡ് ഫീൽഡർ അഭിജിത്ത് ബോക്സിൽ നിന്ന് അറ്റൻഡ് ചെയ്ത് ഗോൾ പോസ്റ്റിലേക്ക് തൊടുത്തുവിട്ടെങ്കിലും ബാറിനു മിഡിലിൽ തട്ടി തിരിച്ചു പോന്നു.
23ാം മിനിറ്റിൽ കൊമറോൺ ഗോളവസരം സൃഷ്ടിച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. 33ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ പന്തുമായെത്തിയ കൊമറോൺ രാജസ്ഥാനികളെ മറികടന്ന് ഇടങ്കാലുകൊണ്ട് നീട്ടി നൽകിയ പാസ് സ്പെയിൻ താരം നിലി പെർഡെമോ രാജസ്ഥാൻ ഗോളി സചിൻ ഝായെ മറികടത്തി വലയിലെത്തിച്ചതോടെ മത്സരത്തിലെ കന്നി ഗോൾ പിറന്നു.
1-0ത്തിന്റെ ലീഡിൽ കളിയിൽ മേധാവിത്വം പുലർത്തിയ ഗോകുലം ടീം അവസരങ്ങൾ ഏറെ കളഞ്ഞുകുളിച്ചെങ്കിലും ഗോൾ പോസ്റ്റിനു മുന്നിൽവെച്ച് എതിരാളികളെ തുരുതുരാ വിറപ്പിച്ചു നിർത്തി. മധ്യഭാഗം പിന്നിട്ട് പന്ത് ഗോകുലം ഗോളിക്കുനേരെ പാഞ്ഞത് അപൂർവമായിരുന്നു.
രാജസ്ഥാൻ മുന്നേറ്റത്തെ തടയാനുള്ള ശ്രമത്തിനിടെ ഗോകുലത്തിന്റെ മൂന്ന് താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. 60ാം മിനിറ്റിൽ കൊമറോണിനെ കയറ്റി പകരക്കാരനായി അലക്സാൺട്രോ സാഞ്ചസ് ഇറങ്ങിയുടൻ കിട്ടിയ ആദ്യ പന്ത് രാജസ്ഥാൻ ഗോൾ പോസ്റ്റിലേക്ക് നീട്ടി വിട്ടെങ്കിലും ഗോളി പറന്നെത്തി ബാറിനു മുകളിലേക്ക് തട്ടി മാറ്റി രക്ഷപ്പെടുത്തി.
എഡു ബെഡിയ എടുത്ത കോർണർ കിക്ക് കളിക്കാർക്കിടയിലൂടെ പിന്നിൽനിന്ന് പറന്നെത്തിയ സാഞ്ചസ് ഹെഡ് ചെയ്ത് ഗോളാക്കി 2-0ത്തിന്റെ ലീഡാക്കി. 69ാം മിനിറ്റിൽ നൈജീരിയക്കാരനായ ജസ്റ്റിന് ലഭിച്ച സുവർണാവസരം കാലിൽനിന്ന് വഴുതിമാറിയെങ്കിലും ഗോകുലത്തിന്റെ ക്യാപ്റ്റൻ ശ്രീക്കുട്ടൻ ഗോളാക്കി പട്ടിക മുന്നിലേക്ക് ഉയർത്തി.
70ാം മിനിറ്റിൽ റിഷാദിനെയും സൗരവിനെയും നൗഫലിനെയും കളത്തിലിറക്കിയതോടെ മലബാറിയൻസിനു കരുത്തുകൂടി. 74ാം മിനിറ്റിൽ പന്തുമായി കുതിച്ചുപാഞ്ഞ സാഞ്ചസ് തന്റെ രണ്ടാമത്തെ ഗോളടിച്ച് 4-0ന്റെ ലീഡിലേക്ക് ഗോകുലത്തിനെ ഉയർത്തി.
88ാം മിനിറ്റിൽ വലതു വിങ്ങിലൂടെ എത്തിയ നൗഫൽ നൽകിയ പാസ് എടുത്ത സാഞ്ചസ് മനോഹരമായ പന്തടുക്കത്തോടെ ഗോളിയെ മറികടത്തി ഗോൾ വലയിലെത്തിച്ചതോടെ കളിയിലെ തന്റെ ആദ്യ ഹാട്രിക് കുറിച്ചു. 90ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽവെച്ച് സാഞ്ചസിനെ ഫൗൾ ചെയ്തതിനാൽ പെനാൽറ്റി ലഭിച്ചു. സാഞ്ചസ് എടുത്ത പെനാൽറ്റി കിക്ക് രാജസ്ഥാൻ ഗോളി സചിൻ ഝാ സേവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.