ദോഹ: തനിക്ക് ആവശ്യമുള്ളപ്പോൾ താൻ സംസാരിക്കുമെന്ന് പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്വന്തം ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരെ 'ടോക് ടി.വി അഭിമുഖത്തിൽ വിമർശനമുന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു റൊണാൾഡോ. 'എന്റെ ജീവിതത്തിൽ മികച്ച സമയം എന്നു പറയുന്നത് ഞാൻ തീരുമാനിക്കുന്ന സമയമാണ്' -റൊണാൾഡോ തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. പരിശീലന സ്ഥലത്തിനടുത്ത്
അപ്രതീക്ഷിതമായാണ് പോർചുഗീസ് നായകൻ വാർത്തസമ്മേളനത്തിനെത്തിയത്. മറ്റുള്ളവർ എന്തു ചിന്തിക്കുന്നുവെന്നത് തനിക്ക് വിഷയമല്ലെന്ന് റൊണാൾഡോ പറഞ്ഞു. തനിക്ക് ആവശ്യമുള്ളപ്പോൾ താൻ സംസാരിക്കും. വർഷങ്ങളായി സഹതാരങ്ങൾക്ക് തന്നെ അറിയാം. താൻ ഏങ്ങനെയാണെന്നും അവർക്കറിയാം. ഏറെ നേടാൻ കാത്തിരിക്കുന്ന സംഘമാണ് പോർചുഗലിന്റേത്. വിജയദാഹത്തിലും വിജയത്തിനായുള്ള ഏകാഗ്രതയിലുമാണ്. കഴിഞ്ഞയാഴ്ച താൻ നൽകിയ ഇന്റർവ്യൂ ടീമിന്റെ ലക്ഷ്യത്തെയും ഏകാഗ്രതയെയും ബാധിക്കില്ലെന്നും റൊണാൾഡോ വ്യക്തമാക്കി.
കളിക്കാർക്കു മാത്രമല്ല, കോച്ചിനും ഫെഡറേഷൻ പ്രസിഡന്റിനും കിറ്റ് കൈകാര്യംചെയ്യുന്ന ജോലിക്കാരനും വരെ തന്നെ മനസ്സിലാക്കുന്നു. മറ്റുള്ളവർ പറയുന്നതും എഴുതുന്നതും അവരെയൊന്നും സ്വാധീനിക്കില്ല. മാഞ്ചസ്റ്റർ യുനൈറ്റഡിലെ സഹതാരംകൂടിയായ പോർചുഗലുകാരൻ ബ്രൂണോ ഫെർണാണ്ടസുമായി വഴക്കാണെന്ന മാധ്യമപ്രചാരണങ്ങളും റൊണാൾഡോ തള്ളി. ബ്രൂണോയുടെ വിമാനം വൈകിയതിനെക്കുറിച്ചാണ് സംസാരിച്ചത്. താങ്കൾ ബോട്ടിലായിരുന്നോ വന്നത് എന്നായിരുന്നു തന്റെ തമാശ ചോദ്യം.
മാധ്യമങ്ങളത് വലിയ സംഭവമാക്കി. ലയണൽ മെസ്സിയുടെ അർജന്റീനയുമായി ലോകകപ്പ് ഫൈനൽ പ്രതീക്ഷിക്കാമോയെന്നും ചോദ്യമുയർന്നു. സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തെ തോൽപിക്കാൻ ആഗ്രഹമുണ്ട്. കാത്തിരുന്നു കാണാം. പോർചുഗൽ-അർജന്റീന ഫൈനൽ മനോഹരമാകും. ചെസിൽ സംഭവിച്ചപോലെ ഫുട്ബാളിലും മെസ്സി എതിരാളിയായാൽ അതൊരു മാജിക്കാകും -കഴിഞ്ഞ ദിവസം വൈറലായ ഇരുവരും ചേർന്നുള്ള ചെസ് കളി ചിത്രം സൂചിപ്പിച്ച് റൊണാൾഡോ പറഞ്ഞു.
വ്യാഴാഴ്ച ഗ്രൂപ് എച്ചിൽ ഘാനക്കെതിരെയാണ് പോർചുഗലിന്റെ ആദ്യമത്സരം. ആഴ്ചയിൽ അഞ്ചു കോടി രൂപയോളം പ്രതിഫലത്തിനാണ് റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയത്. കരാർ റദ്ദാക്കാനാണ് യുനൈറ്റഡിന്റെ തീരുമാനം. ഇതോടെ ജനുവരിയിൽ മറ്റു ക്ലബിലേക്ക് മാറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.