ജിദ്ദ: 2026 ഫിഫ ലോകകപ്പ് ഫുട്ബാൾ, 2027 ഏഷ്യൻ കപ്പ് സംയുക്ത യോഗ്യത റൗണ്ടിലെ ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരം വ്യാഴാഴ്ച ദക്ഷിണ സൗദിയിലെ അബഹയിൽ നടക്കും. പ്രാദേശിക സമയം രാത്രി 10ന് (ഇന്ത്യൻ സമയം 12.30) അബഹ കിങ് ഫഹദ് റോഡിൽ ബാഹസ് പാലത്തിന് സമീപമുള്ള ‘ദമക്ക്’ എന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് കളി. പരിക്കേറ്റ് നീണ്ട നാളത്തെ വിശ്രമത്തിനുശേഷം മിഡ്ഫീൽഡർ ജീക്സൻ സിങ്ങും സെൻട്രൽ ബാക്ക് അൻവർ അലിയും തിരിച്ചെത്തിയതിനാൽ കരുത്തേറിയ ബ്ലൂ ടൈഗേഴ്സ് ഏറെ പ്രതീക്ഷയോടെയാണ് പൊതുവേ ദുർബലരെന്ന് കരുതുന്ന അഫ്ഗാനെ എതിരിടാനൊരുങ്ങുന്നത്.
രണ്ട് മത്സരങ്ങളിൽ ഓരോ ജയവും തോൽവിയുമായി മൂന്ന് പോയന്റോടെ കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്താൻ എന്നിവരടങ്ങിയ എ ഗ്രൂപ്പിൽ ഇന്ത്യ നിലവിൽ മൂന്നാമതാണ്. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ രണ്ട് വിജയങ്ങൾ നേടി ആറ് പോയൻറുമായി ഒന്നാം സ്ഥാനത്തും ഒരു ജയത്തോടെ കുവൈത്ത് രണ്ടാമതുമാണ്. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അഫ്ഗാനിസ്താൻ അവസാന സ്ഥാനത്തും. വ്യാഴാഴ്ചത്തെ മത്സരത്തിന് ശേഷം ഇന്ത്യയിൽവെച്ച് വീണ്ടും അഫ്ഗാനിസ്താനെ നേരിടുന്നുണ്ട്.
ഇരു മത്സരങ്ങളിലും ജയിക്കാനായാൽ ഒമ്പത് പോയേൻറാടെ ഗ്രൂപ്പിൽ നില മെച്ചപ്പെടുത്താനാവും. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിൽ ഇതുവരെ 10 മത്സരങ്ങളാണ് നടന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു. ഒരു പ്രാവശ്യം മാത്രമാണ് അഫ്ഗാന് വിജയിക്കാനായത്. നാല് മത്സരങ്ങൾ സമനിലയിലായി. 2019ലും 2021ലും നടന്ന ഏഷ്യൻ ഫെഡറേഷൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ-അഫ്ഗാനിസ്താൻ പോരാട്ടം ഓരോ ഗോളുകൾ വീതം നേടി സമനിലയിലായിരുന്നെങ്കിലും 2022ൽ നടന്ന ഇരു ടീമുകളുടെയും യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ഇന്ത്യ ജയിച്ചിരുന്നു. ഖത്തറിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ഒറ്റ ഗോൾ പോലും നേടാനാകാതെ മടങ്ങിയ ഇന്ത്യ ഇഗോർ സ്റ്റിമാക്കിന് കീഴിൽ നിലവിൽ തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.