ദോഹ: നിർണായക അങ്കത്തിൽ ഖത്തറിനോട് തോറ്റ ഇന്ത്യ ലോകകപ്പ് യോഗ്യത റൗണ്ടിൽനിന്ന് പുറത്തായി. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആതിഥേയരോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി.
ഗ്രൂപ് ‘എ’യിൽനിന്ന് ഖത്തറിനു പുറമെ, കുവൈത്തും ഫൈനൽ റൗണ്ടിലേക്ക് കടന്നു. അഫ്ഗാനിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കുവൈത്ത് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലീഡെടുത്തിട്ടും രണ്ടാം പകുതിയിൽ വിവാദ ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ വഴങ്ങിയതാണ് ഇന്ത്യയുടെ മൂന്നാം റൗണ്ട് സ്വപ്നം തകർത്തത്. യൂസഫ് അയ്മൻ (73ാം മിനിറ്റിൽ), അഹ്മദ് അൽറാവി (85) എന്നിവരാണ് ഖത്തറിനായി ഗോൾ നേടിയത്. ലാലിയൻ സുവാര ചങ്തെ ഇന്ത്യക്കായി വലകുലുക്കി.
വിവാദ ഗോളിലൂടെയാണ് ഖത്തർ മത്സരത്തിൽ ഒപ്പമെത്തുന്നത്. അയ്മന്‍റെ ഹെഡ്ഡർ ഗുർപ്രീത് സേവ് ചെയ്തതിനു പിന്നാലെ ഗോൾ ലൈനിനു പുറത്തുപോയ പന്ത് എടുത്താണ് ഖത്തർ ഗോളടിക്കുന്നത്. ലൈനിനു പുറത്തുപോയ പന്ത് അൽ ഹസ്സൻ ബാക്ക് ഹീൽ പാസ്സിലൂടെ അയ്മന് നൽകി. പിന്നാലെ താരം പന്ത് വലയിലേക്ക് തട്ടിയിട്ടു. ഈസമയം ഗൂർപ്രീത് പോസ്റ്റിന് പുറത്തായിരുന്നു. ഇന്ത്യൻ താരങ്ങൾ പന്ത് പുറത്തുപോയെന്ന് ചൂണ്ടിക്കാട്ടി റഫറിയോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
റീപ്ലേയിലും പന്ത് പുറത്തുകടന്നത് വ്യക്തമായി കാണാമായിരുന്നു. എന്നാൽ, റഫറി തീരുമാനത്തിൽനിന്ന് പിന്മാറിയില്ല. 12 മിനിറ്റിനുള്ളിൽ ഇന്ത്യയെ ഞെട്ടിച്ച് ഖത്തർ മത്സരത്തിൽ ലീഡെടുത്തു. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഇന്ത്യൻ താരങ്ങൾ ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. തോറ്റതോടെ ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും നഷ്ടമായി. ഗ്രൂപ്പ് എയിൽ ഖത്തറിനു 16 പോയന്‍റും കുവൈത്തിന് ഏഴു പോയന്‍റുമാണുള്ളത്. അഞ്ച് പോയന്‍റ് വീതമുള്ള ഇന്ത്യ മൂന്നാമതും അഫ്ഗാൻ നാലാമതുമാണ്.
ഇന്ത്യൻ ടീമിൽ കഴിഞ്ഞ കളിയിൽ വിരമിച്ച സുനിൽ ഛേത്രിയുടെ ഒമ്പതാം നമ്പറിൽ മൻവീർ സിങ്ങാണ് കളിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ കളിച്ചില്ല. 4-3-3 ഫോർമേഷനിലായിരുന്നു നീലപ്പടയുടെ വരവ്. 3-5-2ലാണ് ഏഷ്യ ജേതാക്കളായ ഖത്തർ ഇറങ്ങിയത്. ആദ്യ പകുതിയിൽ ഇന്ത്യ മികച്ച നീക്കങ്ങളുമായി മുന്നിൽനിന്നു.
അഞ്ചാം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യ മുന്നേറ്റം ജാസിം ബിൻ ഹമദ് സ്റ്റേഡിയം കണ്ടത്. ജയ് ഗുപ്ത റഹീം അലിക്ക് നൽകിയ പാസ് ഖത്തർ ഗോളി എല്ലെതി എളുപ്പത്തിൽ പിടിച്ചു. ഫൈനൽ തേർഡിൽ മികവ് പുലർത്താൻ തുടക്കത്തിൽ ഇന്ത്യക്ക് കഴിഞ്ഞില്ല. 12ാം മിനിറ്റിൽ ആതിഥേയർക്ക് ലഭിച്ച മികച്ച ഗോളവസരം നഷ്ടമായി. അൽറാവിയുടെ ഷോട്ട് മെഹ്താബ് സിങ് ഗോൾലൈൻ സേവിലൂടെ വിഫലമാക്കി. ഖത്തറിന്റെ പ്രസിങ് ഗെയിമിന് മുന്നിൽ പന്തിൽ ആധിപത്യം പുലർത്താനാകാതിരുന്ന ഇന്ത്യ 20 മിനിറ്റിന് ശേഷം ഉഷാറായി. സുരേഷ് സിങ് വാങ്ജവും റഹീം അലിയും ചാങ്തെയും ഖത്തറിന് ഭീഷണിയുയർത്തി. 32ാം മിനിറ്റിൽ മൻവീറിന്റെ ഷോട്ട് ഖത്തർ ഗോളി തട്ടിത്തെറിപ്പിച്ചു. റീബൗണ്ട് ബാൾ ഗോളാക്കാൻ ചാങ്തെയെ ഖത്തർ താരങ്ങൾ അനുവദിച്ചില്ല.
നാല് മിനിറ്റിന് ശേഷമായിരുന്നു ഇന്ത്യൻ ആരാധകർ കാത്തിരുന്ന നിമിഷം. ഗോൾ പിറന്ന മുഹൂർത്തം. ബോക്സിന്റെ വക്കിൽ വെച്ച് ബ്രണ്ടൻ ഫെർണാണ്ടസ് നീട്ടിയ പാസിൽ നിന്നായിരുന്നു സൂപ്പർ താരം ലാൽലിയാൻസുവാല ചാങ്തെ ഗോളടിച്ചത്. ലീഡ് നേടിയതോടെ മുന്നേറ്റനിര കൂടുതൽ കരുത്തുകാട്ടി. കോർണർ കിക്കടക്കം വൻസമ്മർദമുയർത്തിയ ശേഷമാണ് ഇന്ത്യ ഇടവേളക്ക് പിരിഞ്ഞത്. ആദ്യപകുതിയിൽ ഖത്തർ മുന്നേറ്റക്കാരായ അൽറാവിയും അൽഗനേഹിയും മഞ്ഞക്കാർഡ് കണ്ടു.
ഗോൾകീപ്പർ എലെതിക്ക് പകരം അൽ നദീർ രണ്ടാം പകുതിയിൽ ഖത്തറിന്റെ വലകാത്തു. മുഹമ്മദ് ഖാലിദ് ഗൗഡയുടെ ഹെഡ്ഡർ 57ാം മിനിറ്റിൽ ഇന്ത്യയെ അൽപം വിറപ്പിച്ചു. പിന്നാലെ ഫർഹത്തിനെ ഫൗൾ ചെയ്ത ബ്രെണ്ടൻ ഫെർണാണ്ടസ് മഞ്ഞക്കാർഡ് വാങ്ങി. 64ാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസിനും റഹീം അലിക്കും പകരം സഹലും ലിസ്റ്റൺ കൊളാസോയുമെത്തി. 75ാം മിനിറ്റിൽ ഖത്തർ സമനില പിടിച്ചു. യൂസുഫ് അയ്മന്റെ വിവാദ ഗോൾ പിറന്നതിന് 12 മിനിറ്റിന് ശേഷം അൽറാവിയുടെ ഗോൾ ഇന്ത്യൻ നെഞ്ചകം പിളർത്തി. അഫ്ഗാനിസ്ഥാനെതിരെ കുവൈത്ത് 1-0ന് ജയിച്ചതിനാൽ ഇന്ത്യയുടെ മൂന്നാം റൗണ്ട് പ്രതീക്ഷയും എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള പ്രവേശനവും അസ്തമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.