ദോഹ: ഗാലറിയിൽ ആവേശപ്പൂരവുമായി ഇരമ്പിയാർത്ത ആരാധകർക്ക് ആശ്വസിക്കാൻ ഒരു വിജയമോ പോയന്റോ എന്തിനൊരു ഗോൾ പോലുമില്ലാതെ ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ് ബിയിൽ അവസാനസ്ഥാനക്കാരായി ഇന്ത്യയുടെ മടക്കം.
ഖത്തറിന്റെ മനോഹര കളിമുറ്റമായ അൽ ബെയ്ത് സ്റ്റേഡിയത്തിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ സിറിയക്ക് മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. നീക്കങ്ങളിലും ആക്രമണങ്ങളിലും തുല്യശക്തികളായിരുന്നു ഇന്ത്യയും സിറിയയും. എന്നാൽ, കളിയുടെ 76ാം മിനിറ്റിൽ യു.എ.ഇയിലെ അൽ വഹ്ദ ക്ലബിനായി കളിക്കുന്ന ഉമർ ഖിർബിൻ നേടിയ ഏകഗോളിൽ കഥകഴിഞ്ഞു.
ടൂർണമെൻറിലെ ആദ്യമത്സരത്തിൽ ആസ്ട്രേലിയയോടും (2-0), പിന്നാലെ ഉസ്ബെകിസ്താനോടും (3-0) ദയനീയമായി കീഴടങ്ങിയവർ മൂന്നാം അങ്കത്തിൽ തോൽവിയുടെ കനം കുറച്ചെന്നുമാത്രം ആശ്വസിക്കാം. ഒരു ജയത്തിലൂടെ മൂന്ന് പോയൻറ് നേടിയാൽ, മൂന്നാം സ്ഥാനക്കാരിൽ ഒരാളായി പ്രീക്വാർട്ടറിൽ ഇടംനേടാമെന്ന നേരിയ പ്രതീക്ഷയോടെയാണ് ഇന്ത്യ അൽ ബെയ്ത് സ്റ്റേഡിയത്തിലെത്തിയത്.
കഴിഞ്ഞ രാത്രിയിൽ ഗ്രൂപ് ‘എ’യിൽ ചൈന തോറ്റതോടെ ഈ പ്രതീക്ഷ ഒരു മരുപ്പച്ചപോലെ അകലെയുണ്ടായിരുന്നു. ആ സ്വപ്നവുമായാണ് കോച്ച് ഇഗോർ സ്റ്റിമാക് പ്ലെയിങ് ഇലവനെ സജ്ജമാക്കിയതും. ഗോൾ വഴങ്ങാതിരിക്കുക, ഒപ്പം ആക്രമണത്തിനുള്ള അവസരവും ഉപയോഗപ്പെടുത്തുക. പക്ഷേ, മധ്യനിരയിൽ പന്ത് ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞതോടെ എതിർ ഗോൾമുഖത്ത് വലിയ ഭീഷണിയൊന്നും സൃഷ്ടിക്കാൻ കഴിയാതെപോയി.
ഉസ്ബെകിസ്താനെ നേരിട്ട ടീമിൽനിന്ന് മൂന്ന് മാറ്റങ്ങൾ സിറിയക്കെതിരെയും കോച്ച് ഇഗോർ സ്റ്റിമാക് വരുത്തിയിരുന്നു. പ്ലെയിങ് ഇലവനിൽ സുഭാഷിഷ് ബോസ്, ദീപക് താംഗ്രി, ലാലിയാൻസുവാല ചാങ്തെ എന്നിവർ തിരിച്ചെത്തിയപ്പോൾ ആസ്ട്രേലിയയെ നേരിട്ട ടീമിൽ ഒരു മാറ്റം മാത്രമായിരുന്നുണ്ടായത്. ലോങ് റേഞ്ച് ഷോട്ടിനും പന്ത് വരുതിയിലാക്കാനും മിടുക്കരായ സിറിയക്കാരെ പ്രതിരോധിച്ചു നിർത്താനുള്ള കോച്ചിന്റെ പ്ലാൻ ആദ്യ പകുതിയിൽ വിജയം കണ്ടു. എന്നാൽ, ഗോളടിക്കാൻ കഴിയാതെപോയത് പ്രതിരോധമെന്ന ആയുധത്തിന് തിരിച്ചടിയുമായി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഉപയോഗിച്ച അതേ പ്ലെയിങ് ഇലവനുമായാണ് സിറിയൻ കോച്ച് ഹെക്ടർ കൂപ്പർ ഇന്ത്യക്കെതിരെ ടീമിനെ ഇറക്കിയത്.
ഇന്ത്യൻ പ്രതിരോധത്തിൽ ശരീരത്തെ ആയുധമാക്കി കോട്ടകെട്ടിയ സന്ദേശ് ജിങ്കാൻ തന്നെയായിരുന്നു ആദ്യപകുതിയിൽ ഇന്ത്യൻ ഗോൾ മുഖം കാത്തത്. എന്നാൽ, കളിക്കിടയിലെ പരിക്ക് വില്ലനായി. 47ാം മിനിറ്റിൽ ജിങ്കാനെ പിൻവലിക്കാൻ കോച്ച് നിർബന്ധിതമായത് ഇന്ത്യൻ പ്രതിരോധത്തിനേറ്റ തിരിച്ചടിയായി.
പകരമെത്തിയ നിഖിൽ പൂജാരിക്കും രാഹുലിനും സുഭാഷിഷിനുമൊന്നും ജിങ്കാന്റെ അസാന്നിധ്യം തീർക്കാനായില്ല. ഈ നഷ്ടം തന്നെയായിരുന്നു സിറിയയുടെ വിജയഗോളിന് വഴിയൊരുക്കിയതും. മലയാളി താരം സഹൽ അബ്ദുൽ സമദ് 64ാം മിനിറ്റിലാണ് കളത്തിലെത്തിയത്. ഛേത്രിക്കും അപൂയക്കുമൊപ്പം മികച്ച ഏതാനും നീക്കങ്ങളും നടത്തിയെങ്കിലും സിറിയൻ വല കുലുക്കാനായില്ല. സിറിയൻ ഗോളി അഹമ്മദ് മദീനയും ഇന്ത്യൻ ഗോളി ഗുർപ്രീതും മിന്നും ഫോമിലായിരുന്നെന്നതും ശ്രദ്ധേയം.
നിരന്തരം മുന്നേറ്റങ്ങൾ ആവർത്തിച്ചതിന്റെ തുടർച്ചയായിരുന്നു സിറിയൻ ഗോൾ പിറന്നത്. കളിയുടെ 78ാം മിനിറ്റിൽ വലതു വിങ്ങിൽനിന്ന് മധ്യനിര കണക്കാക്കിയെത്തിയ ലോങ് ക്രോസ് ഏറ്റുവാങ്ങിയ ജലിൽ ഇല്യാസ് പന്ത് ഉമർ ഖർബിന് മറിച്ചുനൽകി. ബോക്സിനുള്ളിൽ മുന്നേറ്റനിര താരം ഇബ്രാഹിം ഹെസാറിലേക്ക് പാസ് ചെയ്ത് ബോക്സിനുള്ളിലേക്ക് കയറിയ ഉമറിലേക്ക് വീണ്ടും പന്തെത്തിയപ്പോൾ ഇന്ത്യൻ പ്രതിരോധത്തിൽ രാഹുൽ ഭെകെ മാത്രമായിരുന്നു മുന്നിൽ.
ഓടിയെത്തിയ ആകാശ് മിശ്രക്ക് വല്ലതും ചെയ്യാനാകും മുമ്പേ ഗുർപ്രീതിന്റെ വലകീറി പന്ത് വിശ്രമിച്ചു. ഇരമ്പിയ സിറിയൻ ആരാധകർക്ക് ആഘോഷപ്പൂരമാക്കാനായി ഒരു ഗോൾ. ഉസ്ബെകിനെതിരെ സമനിലയും ഇന്ത്യക്കെതിരായ ജയവുമായതോടെ സിറിയ നാല് പോയൻറുമായി പ്രീക്വാർട്ടർ സാധ്യത ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.