ലുങ്ലീ (മിസോറം): ഇന്ത്യൻ ഫുട്ബാൾ ടീമംഗം ലലിയാൻസുവാല ചാങ്തെ സ്വദേശമായ ലുങ്ലിയിൽ ഈ കൊേറാണക്കാലത്ത് ഒരു ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ കളിചരിത്രത്തിൽതന്നെ ഏറ്റവും മധുരമുള്ള പേരാണ് ടൂർണെമൻറിന് നൽകിയിട്ടുള്ളത്-'ഗുലാബ് ജാമുൻ കപ്പ്'. ഈ പേര് തെരഞ്ഞെടുക്കാൻ ചാങ്തെയെ പ്രേരിപ്പിച്ചതിന് പിന്നിലെ കഥയും മധുരം നിറഞ്ഞതാണ്. ലോക്ഡൗൺ കാലത്ത് വിൽപന കുറഞ്ഞ് പ്രതിസന്ധിയിലായ ലുങ്ലീയിലെ ഒരു ഗുലാബ് ജാമൂൻ കടയെ കൈപിടിച്ചുയർത്താൻ കൂടിയാണ് കളിക്കുപിന്നിലെ കാര്യം.
ഇന്ത്യൻ ടീമിലെ വിങ്ങറും മിസോറമിലെ സൂപ്പർ താരവുമായ ചാങ്തെ ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിയുടെ മുൻനിര പോരാളിയാണ്. ലോക്ഡൗണിൽ നാട്ടിൽ കഴിയുന്ന താരം, ഈ സമയത്ത് മിസോറമിലെ യുവതാരങ്ങൾക്ക് പരിശീലനം നൽകാനും സമയം കണ്ടെത്തുന്നു. ഐ.എസ്.എല്ലിലും ഐ ലീഗിലുമുള്ള ടീമുകളുടെ റിസർവ് നിരകളിലുള്ള താരങ്ങൾക്കാണ് ചാങ്തെ പരിശീലനം നൽകുന്നത്. ഇതിനായി അധികൃതരിൽനിന്ന് അനുമതിയെടുത്തിട്ടുണ്ട്.
ഈ താരങ്ങളെ പങ്കെടുപ്പിച്ച് വാരാന്ത്യ ദിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന ആശയം ചാങ്തെ വിജയകരമായി നടപ്പാക്കിത്തുടങ്ങി. വിജയികൾക്ക് ലുങ്ലീയിലെ പ്രശസ്തമായ കടയിൽനിന്നുള്ള ഗുലാബ് ജാമുൻ പെട്ടികളാണ് സമ്മാനമായി നൽകുന്നത്. അങ്ങനെയാണ്, ടൂർണമെൻറിന് ഔദ്യോഗികമായി 'ഗുലാബ് ജാമുൻ കപ്പ്' എന്ന് പേരിട്ടത്. 'അവരുടെ ഗുലാബ് ജാമുൻ ഏറെ പ്രശസ്തമാണ്. കച്ചവടം കുറഞ്ഞ് പ്രതിസന്ധിയിലായ അവരുടെ അടുത്തുനിന്നും ഗുലാബ് ജാമൂൻ വാങ്ങി വിജയികൾക്ക് സമ്മാനമായി നൽകാനുള്ള ആശയം എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെയാണ് ഗുലാബ് ജാമുൻ കപ്പ് യാഥാർഥ്യമായത്' -ചാങ്തെ പറഞ്ഞു.
സ്കൂളിൽ പോകുന്ന കാലം മുതൽ പതിവായി മധുരം വാങ്ങുന്ന കടക്കും കടയുടമക്കും തെൻറ ഹൃദയത്തിൽ സവിശേഷ ഇടമുണ്ടെന്നും താരം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.