ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആദ്യ പകുതിയിലേക്ക് അടുക്കവെ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ്. ശനിയാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്.സിയാണ് എതിരാളികൾ. ഐ.എസ്.എൽ 10 സീസൺ പിന്നിട്ടിട്ടും കണ്ഠീരവയിലൊരു ജയം കുറിക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ലെന്നതാണ് കൗതുകകരം. ഹോം മൈതാനം പോലെ ബാസ്റ്റേഴ്സ് ആരാധകർ ഒഴുകിയെത്തുന്ന കണ്ഠീരവയിൽ ശക്തരായ ബംഗളൂരുവിനെ നേരിടുമ്പോൾ മൈതാനത്തും ഗാലറിയിലും ഒരുപോലെ ആവേശത്തീപ്പൊരി വിതറും. കൊച്ചിയിലേറ്റ 3-1ന്റെ തോൽവിയുടെ കനം മായ്ക്കാനാവും കൊമ്പന്മാരുടെ ശ്രമം.
ആത്മവിശ്വാസത്തോടെ ബംഗളൂരു
ഹോം മൈതാനത്ത് ശക്തരാണ് ബംഗളൂരു. ഇതുവരെ അഞ്ച് ഹോം മത്സരങ്ങളിൽനിന്ന് 13 പോയന്റാണ് ‘ദ ബ്ലൂസ്’ വാരിയത്. ശനിയാഴ്ച ബ്ലാസ്റ്റേഴ്സിനെയും വീഴ്ത്തിയാൽ ഐ.എസ്.എല്ലിൽ ഹോം മൈതാനത്ത് ബംഗളൂരുവിന്റെ ഏറ്റവും മികച്ച പ്രകടനമായി അതു മാറും. 10 കളിയിൽനിന്ന് ആറു ജയവും രണ്ടു വീതം തോൽവിയും സമനിലയുമായി 20 പോയന്റുമായി പട്ടികയിൽ രണ്ടാമതാണ് ബംഗളൂരു. സീസണിന്റെ തുടക്കത്തിൽ അജയ്യരായി മുന്നേറിയ ബംഗളൂരു അവസാന അഞ്ചു കളിക്കിടെ രണ്ടു തോൽവിയും ഒരു സമനിലയുമായി അൽപം നിറം മങ്ങിയിരുന്നു. ഏറ്റവുമൊടുവിൽ ഒഡിഷയോട് രണ്ടിനെതിരെ നാല് ഗോളിനാണ് ബംഗളൂരു വീണത്. ഒഡിഷക്കെതിരെ തകർന്ന പ്രതിരോധത്തിലെ വീഴ്ചകൾ തിരുത്തി സ്വന്തം മണ്ണിലെ വിജയത്തിലൂടെ പോയന്റ് പട്ടികയിൽ ടീമിനെ മുന്നിലെത്തിക്കുകയാണ് കോച്ച് ജെറാർഡ് സരഗോസയുടെ ലക്ഷ്യം.
ഐ.എസ്.എല്ലിലെ എക്കാലത്തെയും ഇന്ത്യൻ ടോപ് സ്കോററായ സുനിൽ ഛേത്രി ഇപ്പോഴും കളം നിറഞ്ഞു കളിക്കുന്നതാണ് ആതിഥേയരുടെ പ്രതീക്ഷ. അഞ്ചു ഗോൾ ഇതിനകം ക്രെഡിറ്റിലാക്കി ടീമിന്റെ ടോപ് സ്കോററായ ചേത്രി സെറ്റ്പീസുകളിൽ ഗോൾമുഖത്ത് ഭീഷണിയാണ്. ഈ സീസണിൽ കാര്യമായ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ജോർജ് പെരേര ഡയസ് അപകടകാരിയാണ്. സീസണിലെ തന്റെ ഏക ഗോൾ ഡയസ് കുറിച്ചത് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു. മറ്റൊരു മുന്നേറ്റ താരമായ എഡ്ഗാർ മെൻഡസാകട്ടെ ഇതുവരെ നേടിയ നാലിൽ രണ്ടു ഗോളും കൊച്ചിയിലെ മത്സരത്തിലാണ് കുറിച്ചത്. ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ 18 മത്സരങ്ങളിൽ 11 എണ്ണത്തിൽ ബംഗളൂരുവിനായിരുന്നു ജയം. ബ്ലാസ്റ്റേഴ്സ് നാലെണ്ണത്തിൽ ജയം കണ്ടപ്പോൾ മൂന്നെണ്ണം സമനിലയിൽ പിരിഞ്ഞു.
പാളുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം
ബംഗളൂരുവിനെതിരെ കൊച്ചിയിൽ ഒന്നാന്തരമായി കളിച്ചിട്ടും ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അടിയറവ് പറഞ്ഞത്. മധ്യനിരയും മുന്നേറ്റ നിരയും നന്നായി കളിക്കുമ്പോഴും പ്രതിരോധ നിര വരുത്തുന്ന പാളിച്ചകൾക്ക് വലിയ വില നൽകേണ്ടിവരുന്നു. ചെന്നൈയിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മാത്രമാണ് കൊമ്പന്മാർക്ക് ക്ലീൻ വിജയമുള്ളത്. ഗോവക്കെതിരായ മത്സരത്തിലൊഴികെ ബാക്കി ഒമ്പതു മത്സരത്തിലും ഗോളടിച്ചതിനൊപ്പം ഗോൾ വഴങ്ങുകയും ചെയ്തു. അടിച്ചതിനെക്കാൾ കൂടുതലാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ വീണ ഗോളുകളുടെ എണ്ണം. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോർ വഴങ്ങിയ ടീമുകളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. എപ്പോൾ വേണമെങ്കിലും വിള്ളൽ വീഴാവുന്ന പ്രതിരോധത്തിന്റെ ദൗർബല്യമാണ് ഇത് വെളിപ്പെടുത്തുന്നത്. അതേസമയം, ബംഗളൂരുവാകട്ടെ കളിച്ച 10 മത്സരങ്ങളിൽ അഞ്ചിലും ഗോൾ വഴങ്ങിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
വ്യക്തിഗത മികവു കണക്കിലെടുത്താൽ ജീസസ് ജിമെനസും നോഹ സദൂയിയും അഡ്രിയാൻ ലൂണയുമടക്കം ഒന്നാംനിര താരങ്ങളുള്ള കേരളത്തിന്റെ ആക്രമണനിരക്കാണ് മുൻതൂക്കം.
വേഗമാർന്ന നീക്കങ്ങളുമായി ബോക്സിലേക്ക് കടന്നെത്തുന്ന വിങ്ങർ കോറോയിൽ പ്രതീക്ഷയുണ്ട്. അവസാന കളിയിൽ ഗോവക്കെതിരെ ഒറ്റ ഗോളിന് തോറ്റെങ്കിലും ബാൾ പൊസഷനിലും പാസിങ് കൃത്യതയിലും ഷോട്ടുകളിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. എന്നാൽ, ഫൈനൽ തേഡിലെ അവസരങ്ങൾ ഗോളിലേക്ക് വഴിതിരിച്ചുവിടാനാവുന്നില്ലെങ്കിൽ ഒരു കണക്കും കൊമ്പന്മാരുടെ രക്ഷക്കെത്തില്ല.
10 കളിയിൽനിന്നായി മൂന്ന് ജയവും രണ്ട് സമനിലയും അഞ്ചു തോൽവിയുമടക്കം 11 പോയന്റുമായി പട്ടികയിൽ പത്താമതാണ് ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിനെതിരെ കൊച്ചിയിൽ പുറത്തെടുത്ത പോരാട്ടവീര്യം ആവർത്തിക്കുകയും പ്രതിരോധം പഴുതടക്കുകയും ചെയ്താൽ മഞ്ഞപ്പടക്ക് ഓർത്തുവെക്കാവുന്നൊരു ജയം കണ്ഠീരവയിൽ കുറിക്കാനാവും.
ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്ലാസ്റ്റേഴ്സ്, ആരാധകർക്കായി ഒരു ജയം നേടുന്നെങ്കിൽ അത് കണ്ഠീരവയുടെ മൈതാനത്താവണമെന്ന് ആരാധകക്കൂട്ടമായ മഞ്ഞപ്പടയും ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.