ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഈ സീസണിൽ തങ്ങളുടെ ഏറ്റവും വലിയ മാർജിൻ കുറിച്ച മത്സരത്തിൽ ഒഡിഷയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ബംഗളൂരു എഫ്.സി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ തുടക്കംമുതലേ ആക്രമിച്ചുകളിച്ച ബംഗളൂരു പതിവിന് വിപരീതമായി ഫിനിഷിങ്ങിൽ ലക്ഷ്യംകണ്ടപ്പോൾ എവേ മത്സരത്തിൽ ഒഡിഷക്ക് അപ്രതീക്ഷിത തോൽവി.
രോഹിത് കുമാർ, റോയ് കൃഷ്ണ, പാബ്ലോ പെരസ് എന്നിവർ ബംഗളൂരുവിനായി വലകുലുക്കിയപ്പോൾ ഒഡിഷയുടെ ആശ്വാസഗോൾ പെനാൽട്ടിയിലൂടെ ബ്രസീലിയൻ താരം ഡിയഗോ മൗറീഷ്യോ നേടി. റോയ് കൃഷ്ണയാണ് ‘ഹീറോ ഓഫ് ദ മാച്ച്’. ഇതോടെ ബംഗളൂരുവിന് 14 കളിയിൽനിന്ന് 16 പോയന്റായി. ചെന്നൈയിനും 16 പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ബംഗളൂരുവിനെ മറികടന്നതിനാൽ ചെന്നൈയിൻ ഏഴും ബംഗളൂരു എട്ടും സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ കളിയിലെന്നപോലെ ക്യാപ്റ്റൻ സുനിൽ ചേത്രിയെ കരക്കിരുത്തിയാണ് ബംഗളൂരു കോച്ച് സൈമൺ ഗ്രെയ്സൺ കണ്ഠീരവ മൈതാനത്ത് ആദ്യ ഇലവനെ ഇറക്കിയത്. റോയ് കൃഷ്ണക്കൊപ്പം ശിവശക്തിക്കായിരുന്നു ആക്രമണച്ചുമതല. സന്ദേശ് ജിങ്കാനും അലൻ കോസ്റ്ററയും കാത്ത പ്രതിരോധ നിരയിലേക്ക് ഇടക്കിടെ ഡിയഗോ മൗറീഷ്യോ ആക്രമണശ്രമങ്ങൾ തുടരുന്നതിനിടെ 25ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന ഗോളെത്തി. ബംഗളൂരുവിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ഇടതു കോർണറിൽനിന്ന് യാവിയുടെ കിക്ക് ഒഡിഷ ഗോളി അമരിന്ദർ സിങ് കുത്തിയകറ്റിയത് വന്നുവീണത് ബംഗളൂരു പ്രതിരോധ താരം പ്രബീർ ദാസിന്റെ കാലിൽ. പ്രബീർ ദാസിന്റെ പാസ് യാവി ഹെർണാണ്ടസിലേക്ക്. യാവിയുടെ ഒന്നാന്തരം ഇടങ്കാലൻ ക്രോസ് രോഹിതിന്റെ തലയിൽ ടച്ച് ചെയ്ത് അലൻ കോസ്റ്റയിലേക്ക്. കോസ്റ്റ തട്ടിയിട്ട പന്ത് നേരമൊട്ടും കളയാതെ രോഹിത് കുമാർ ഫസ്റ്ററ് പോസ്റ്റിലേക്ക് തട്ടിയിട്ടപ്പോൾ സ്കോർ ബോർഡ് 1-0. ഗോൾ വീണ ആഘാതത്തിൽനിന്ന് ഒഡിഷ ഉണരുംമുമ്പെ 28ാം മിനിറ്റിൽ രണ്ടാം ഗോളുമെത്തി. മൈതാനമധ്യത്തുനിന്ന് ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച ശിവശക്തി സിക്സ്യാർഡ് ബോക്സിന് തൊട്ടുമുന്നിൽനിന്ന് രണ്ട് ഒഡിഷ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നൽകിയ ഒന്നാന്തരം പാസ് ഫിനിഷ് ചെയ്യേണ്ട പണിയേ റോയ് കൃഷ്ണക്കുണ്ടായിരുന്നുള്ളൂ. സ്കോർ 2-0.
കൊണ്ടും കൊടുത്തും ഇരുടീമും മുന്നേറുന്നതിനിടെ നാൽപതാം മിനിറ്റിൽ ബംഗളൂരു ലീഡുയർത്തിയെന്ന് തോന്നിച്ചു. കളിയിലുടനീളം മികച്ചരീതിയിൽ പന്തുതട്ടിയ യാവിക്കായിരുന്നു ഇത്തവണ അവസരം. മൈതാനമധ്യത്തുനിന്ന് ഡ്രിബ്ൾ ചെയ്ത് മുന്നേറിയ യാവി പെനാൽറ്ററി ബോക്സിൽ ഗോളി അമരീന്ദറുമായി മുഖാമുഖം എത്തിയെങ്കിലും പ്ലേസിങ് പിഴച്ചു. അമരീന്ദറിന്റെ സേവിൽ പന്ത് കോർണറിനായി വഴിമാറി.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ രണ്ടു മാറ്റങ്ങളോടെ ഒഡിഷ ആക്രമണത്തിന് മൂർച്ച കൂട്ടാനായിരുന്നു കോച്ച് ജോസഫ് ഗൊംപാവുവിന്റെ തന്ത്രം.
ധനചന്ദ്ര മീട്ടെയെ മാറ്റി സാഹിൽ പൻവാറിനെയും ഒസാമ മാലികിനെ മാറ്റി വിക്ടർ റോഡ്രിഗസിനെയും ഇറക്കി. സാഹിലിന്റെ വരവോടെ ഇടതുവിങ്ങിൽ നീക്കങ്ങൾക്ക് വേഗം കൂടി. അമ്പതാം മിനിറ്റിൽ ഒഡിഷ ഫലംകാണുകയും ചെയ്തു.
റോഡ്രിഗസ് നീട്ടിനൽകിയ പാസ് ബോക്സിൽ ഓടിയെടുത്ത ഡിയഗോ മൗറീഷ്യോയുടെ തന്ത്രപരമായ നീക്കത്തിന് തടയിടുന്നതിനിടയിൽ ബംഗളൂരു ഗോളി ഗുർപ്രീത് സിങ്ങിന്റെ ദേഹത്തുതട്ടി മൗറീഷ്യോ പെനാൽറ്റി ബോക്സിൽ വീണതോടെ റഫറി സെന്തിൽ നാഥൻ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. പരിചയസമ്പന്നനായ ഗുർപ്രീത് സിങ് സന്ധുവിനെ എതിർദിശയിലേക്ക് ചാടിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് മൗറീഷ്യോ പന്തെത്തിച്ചപ്പോൾ സ്കോർ (2-1).
ഭദ്രമായ ലീഡിനായി ബംഗളൂരുവും സമനില ഗോളിനായി ഒഡിഷയും ആക്രമിച്ചുകളിച്ചതോടെ കളി പലപ്പോഴും പരുക്കനായി. പരിക്കേറ്റ വിക്ടറിനെ 70ാം മിനിറ്റിൽ പിൻവലിച്ച് ഒഡിഷ പെഡ്രോയെ കൊണ്ടുവന്നു. 73ാം മിനിറ്റിൽ ബംഗളൂരു ഇരട്ട മാറ്റം വരുത്തി. ശിവശക്തിക്ക് പകരം സുനിൽ ചേത്രിയും പരാഗ് ശ്രീനിവാസിന് പകരം ഉദാന്ത സിങ്ങും കളത്തിലെത്തി. തൊട്ടടുത്ത മിനിറ്റിൽ റോയ് കൃഷ്ണ പന്ത് ഒഡിഷ വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ്കെണിയിൽ കുരുങ്ങി. പിന്നാലെ റെയ്നിയർ ഫെർണാണ്ടസിനെ മാറ്റി ഐസക് വാൻമൽസാവയെ ഒഡിഷയും ഇറക്കി. 85ാം മിനിറ്റിൽ വീണ്ടും ഇരട്ടമാറ്റം കൊണ്ടുവന്ന ബംഗളൂരുവിന്റെ തന്ത്രം ഫലിച്ചു. രോഹിത് കുമാറിന് പകരം പാബ്ലോ പെരസും യാവിക്ക് പകരം ഡാനിഷ് ഫാറൂഖുമാണ് ഇറങ്ങിയത്. പകരക്കാരനായിറങ്ങിയ പാബ്ലോ പെരസ് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ബംഗളൂരുവിന്റെ ലീഡുയർത്തി. ഒഡിഷക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്ന് ബോക്സിലേക്ക് വന്ന പന്ത് ലഭിച്ചത് ഉദാന്ത സിങ്ങിന്. നേരെ റോയ് കൃഷ്ണക്ക് പാസ് കൈമാറി ഉദാന്ത കൗണ്ടർ അറ്റാക്കിന് തുടക്കമിട്ടു. വലതുവിങ്ങിൽ റോയ്കൃഷണയുടെ കുതിപ്പിന് സമാന്തരമായി ഉദാന്തയും പെരസും. മുന്നിലേക്ക് റോയ് കൃഷ്ണ നീട്ടിനൽകിയ പന്ത് ഓടിയെടുത്ത ഉദാന്ത ബോക്സിലേക്ക് മറിച്ചുനൽകിയ പാസ് പെരസിന്റെ കാലിൽ.
ആദ്യശ്രമത്തിൽ ഒഡിഷ പ്രതിരോധതാരം തടസ്സമായെങ്കിലും താരത്തെ കബളിപ്പിച്ച് രണ്ടാം ശ്രമത്തിൽ പന്ത് വലയിലാക്കി; സ്കോർ (3-1). ഇഞ്ചുറി ടൈം അവസാനിക്കാനിരിക്കെ പെരസിന്റെ ഇടങ്കാലൻ ഷോട്ട് ഒഡിഷ പോസ്റ്റിൽ തട്ടി വഴി മാറിയില്ലായിരുന്നെങ്കിൽ ബംഗളൂരുവിന്റെ സ്കോർ വീണ്ടും ഉയർന്നേനെ. ജനുവരി 18ന് ജാംഷഡ്പുരുമായി എവേ മത്സരത്തിന് ശേഷം 28ന് ചെന്നൈയിനുമായി ശ്രീകണ്ഠീരവയിൽ വീണ്ടും ബംഗളൂരു എഫ്.സി പോരാട്ടത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.