അർജന്‍റീനക്കായി കോടികൾ ചെലവാക്കുന്നതിനു പകരം ഇവിടെ പരിശീലന ഗ്രൗണ്ടുകൾ നിർമിക്കൂ -ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ

കോഴിക്കോട്: അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം ഇവിടെ പരിശീലന ഗ്രൗണ്ടുകൾ തയാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് സാഫ് കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം ആഷിഖ് കുരുണിയൻ. രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.

സാഫ് കപ്പ് വിജയത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഇവിടെ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടർ 19 ടീമിൽ ഉൾപ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിലാണ് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്, അതും വാടകക്ക് എടുത്ത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല’ -ആഷിഖ് പറഞ്ഞു.

‘മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണ് ഉള്ളത്, മഞ്ചേരിയും കോട്ടപ്പടിയും. ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂർണമെന്റിനല്ലാതെ തുറക്കില്ല. ഏത് സർക്കാറാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്‌ബാളിനെ വളർത്താൻ ശരിക്കും ലക്ഷ്യമിടുന്നെങ്കിൽ ആദ്യം കളിക്കാർക്ക് വളർന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ് സീസണിൽ നാട്ടിൽപോയി പരിശീലിക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാൽ എനിക്കതിന് കഴിഞ്ഞില്ല’ -ആഷിഖ് കൂട്ടിച്ചേർത്തു.

മലപ്പുറത്ത് മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ, പ്രാക്ടീസ് ചെയ്യാൻ പാകത്തിൽ നിലവാരമുള്ള ഒരു ഗ്രൗണ്ടും എവിടെയുമില്ല. ഒഡിഷയിലായിരുന്നു ഇന്റർകോണ്ടിനന്റൽ ടൂർണമെന്റ് നടന്നത്, അവിടുത്തെ പരിശീലന കേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്. ഒരു കോമ്പൗണ്ടിനുള്ളിൽ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങൾ ഉണ്ട്. അവിടുന്ന് ഒരൊറ്റ ഐ.എസ്.എൽ കളിക്കാർ പോലും ഇല്ലെന്ന് ഓർക്കണം, കേരളത്തിൽനിന്ന് എത്ര കളിക്കാർ ദേശീയ ടീമിലും ഐ.എസ്.എല്ലിലും കളിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അത്തരത്തിലുള്ളൊരു സൗകര്യമില്ലെന്നും ആഷിഖ് വ്യക്തമാക്കി.

നേരത്തെ, ലോക ചാമ്പ്യന്മാരായ അർജന്‍റീന ടീമിനെ ഫുട്ബാൾ കളിക്കാൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ കൈയിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി അവസരം കളഞ്ഞുകുളിച്ച് വിവാദത്തിലായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ക്ഷണം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Instead of spending crores on Argentina, build training grounds here -Ashique Kuruniyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.