പകരക്കാരനായിറങ്ങി ഗോളടിച്ചു; എം.എൽ.എസ്സിലെ അരങ്ങേറ്റം ഗംഭീരമാക്കി മെസ്സി

ന്യൂജഴ്സി: ലീഗ്സ് കപ്പിലും യു.എസ്. ഓപൺ കപ്പിലും കാഴ്ചവെച്ച ഗംഭീര പ്രകടനത്തിന്റെ തുടർച്ചയായി മേജർ സോക്കർ ലീഗിലെ (എം.എൽ.എസ്) അരങ്ങേറ്റവും ഗംഭീരമാക്കി ലയണൽ മെസ്സി.ഹാരിസണിലെ റെഡ്ബു​ൾ അറീനയിൽ നിറഗാലറിയുടെ ആവേശാരവങ്ങൾക്കു കീഴെ അരങ്ങേറിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടക്കിയ ഇന്റർ മയാമി എം.എൽ.എസിൽ വിജയപാതയിൽ തിരിച്ചെത്തി. മത്സരത്തിൽ പകരക്കാരനായിറങ്ങിയ മെസ്സി നിശ്ചിത സമയം തീരാൻ ഒരു മിനിറ്റ് ബാക്കിയിരിക്കേ ബുൾസിന്റെ വലയിലേക്ക് പന്തുപായിച്ചാണ് എം.എൽ.എസിലെ തന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്.


മെസ്സിയെയും സെർജിയോ ബുസ്കെറ്റ്സിനെയും ബെഞ്ചിലിരുത്തിയാണ് ഇന്റർമയാമി കളി തുടങ്ങിയത്. മെസ്സിയുടെ അഭാവത്തിൽ എക്വഡോറുകാരനായ ലിയനാർഡോ കംപാനയാണ് മയാമിയുടെ മുന്നേറ്റ നിര നയിച്ചത്. 39ാം മിനിറ്റിൽ ഡിയാഗോ ഗോമസിന്റെ ഗോളിലൂടെയാണ് ഇന്റർ മയാമി ലീഡെടുത്തത്. സെറ്റ്പീസിൽനിന്നുവന്ന നീക്കത്തിൽ നോ അലൻ നൽകിയ ക്രോസിൽ പന്തു പിടിച്ചെടുത്ത ഗോമസ് ബോക്സിനുള്ളിൽനിന്ന് ഇടങ്കാലുകൊണ്ട് തൊടുത്ത ഗ്രൗണ്ടർ ഗോളിക്ക് പിടികൊടുക്കാതെ വലയിലേക്ക് ഉരുണ്ടുകയറുകയായിരുന്നു.

മത്സരം ഒരു മണിക്കൂർ പിന്നിടവേ, രണ്ടാം പകുതിയിൽ കംപാനയെ പിൻവലിച്ച് കോച്ച് ടാറ്റാ മാർട്ടിനോ ഇതിഹാസതാരത്തെ കളത്തിലെത്തിക്കുകയായിരുന്നു. 89ാം മിനിറ്റിലാണ് അമേരിക്കൻ ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. ജോർഡി ആൽബ ശ്രമകരമായി നൽകിയ പന്തിനെ ത​ന്നെ വരിഞ്ഞുമുറുക്കാനെത്തിയ നാലു ഡിഫൻഡർമാർക്കിടയിലൂടെ മെസ്സി സമർഥമായി ബെഞ്ചമിൻ ക്രിമാഷിക്ക് നീട്ടുകയായിരുന്നു. 18കാരനായ ക്രിമാഷി പന്തെടുത്ത് സമാന്തരമായി നൽകിയ പാസിനെ ക്ലോസ്റേഞ്ചിൽനിന്ന് മെസ്സി ടാപ്-ഇന്നിലൂടെ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഗാലറി ആരവങ്ങളിൽ മുങ്ങി.

തോൽവിയുടെ പടുകുഴിയിലായിരുന്ന ഇന്റർ മയാമി മെസ്സി എത്തിയതിൽ പിന്നെ തോറ്റിട്ടില്ല. തുടർച്ചയായ ഒമ്പതാം  മത്സരത്തിലും മെസ്സിയും സംഘവും ജയിച്ചുകയറുകയായിരുന്നു. അർജന്റീനാ നായകന്റെ ചിറകിലേറി ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പിൽ മുത്തമിട്ട മയാമി കഴിഞ്ഞ ദിവസമാണ് യു.എസ്.ഓപൺ കപ്പ് ഫൈനലിൽ പ്രവേശിച്ചത്. എം.എൽ.എസിൽ 15ാം സ്ഥാനത്തായിരുന്ന ടീം ന്യൂയോർക്കിനെതിരായ വിജയത്തോടെ ഒരു സ്ഥാനം മുകളിലെത്തി. മയാമിക്ക് വേണ്ടി ഒമ്പതാം മത്സരത്തിനിറങ്ങിയ മെസ്സി പുതിയ ക്ലബിനുവേണ്ടി ഇതുവരെ 11 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 


Tags:    
News Summary - Inter Miami vs. New York Red Bulls recap: Messi scores electric goal in 2-0 victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT