സൂപ്പർ താരം ലയണൽ മെസ്സിയില്ലാഞ്ഞിട്ടും മേജർ ലീഗിൽ ജയിച്ചുകയറി ഇന്റർ മയാമി. സ്പോർട്ടിങ് കൻസാസ് സിറ്റിയെ (സ്പോർട്ടിങ് കെ.സി) രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. ലോകകപ്പ്, യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നതിനാൽ മെസ്സിയടക്കം എട്ട് താരങ്ങളില്ലാതെയാണ് ഇന്റർ മയാമി കളത്തിലിറങ്ങിയത്. എന്നാൽ, ടാറ്റ മാർട്ടിനോയുടെ സംഘം തോൽവിയറിയാത്ത തുടർച്ചയായ 12 മത്സരങ്ങൾ പൂർത്തിയാക്കിയാണ് കളത്തിൽനിന്ന് തിരിച്ചുകയറിയത്.
ഒമ്പതാം മിനിറ്റിൽ ഡാനിയൽ സലോയിയിലൂടെ സ്പോർട്ടിങ് കെ.സിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ, 25ാം മിനിറ്റിൽ ഉയർന്നുവന്ന പന്ത് പിടിച്ചെടുക്കാനെത്തിയ ലിയനാഡോ കമ്പാനയെ എതിർ ഗോൾകീപ്പർ ടിം മെലിയ വീഴ്ത്തിയപ്പോൾ റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. ഇത് പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ച് കമ്പാന മയാമിയെ ഒപ്പമെത്തിക്കുകയും ചെയ്തു.
ആദ്യപകുതി അവസാനിക്കാനിരിക്കെ ഡി ആൻഡ്രെ യെഡ്‍ലിന്റെ ക്രോസ് മനോഹരമായ ഹെഡറിലൂടെ എതിർ വലയിലെത്തിച്ച് കമ്പാന ഒരു ഗോൾ ലീഡും സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങിയയുടൻ കമ്പാനക്ക് ഹാട്രിക്കിനുള്ള സുവർണാവസരം ലഭിച്ചെങ്കിലും എതിർ ഗോളി തട്ടിയകറ്റി. 60ാം മിനിറ്റിൽ സെർജിയോ ബുസ്കറ്റ്സ് എടുത്ത ഫ്രീകിക്ക് വലയിലെത്തിച്ച് അർജന്റീനക്കാരൻ ഫകുണ്ടോ ഫാരിയാസ് ലീഡ് ഇരട്ടിയാക്കി. 78ാം മിനിറ്റിൽ അലൻ പുലിഡൊ സ്പോർട്ടിങ് കെ.സിക്കായി ഒരു ഗോൾ തിരിച്ചടിച്ചു. സീസണിൽ താരത്തിന്റെ 13ാം ഗോളായിരുന്നു ഇത്. തുടർന്ന് ഗോൾ മടക്കാൻ സ്പോർട്ടിങ് കൻസാസ് സിറ്റി ആഞ്ഞുപിടിച്ചെങ്കിലും ഇന്റർ മയാമി പ്രതിരോധം ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.