ദോഹ: അഞ്ചാം ഏഷ്യൻ കപ്പ് കിരീടമെന്ന സ്വപ്നവുമായി ഖത്തറിലെത്തിയ ജപ്പാന് ക്വാർട്ടർ ഫൈനലിൽ മടക്ക ടിക്കറ്റ് സമ്മാനിച്ച് ഇറാൻ സെമി ഫൈനലിലേക്ക്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടാം പകുതിയിൽ പിറന്ന ഇരട്ട ഗോളുകളുടെ മികവിൽ 2-1നായിരുന്നു ബ്ലൂ സാമുറായിയുടെ മോഹങ്ങൾ ഇറാൻ തച്ചുടച്ചത്.
ആദ്യപകുതിയിൽ കളി മുഴുവൻ നിയന്ത്രിച്ച ജപ്പാനെ, രണ്ടാം പകുതിയിൽ ആക്രമണ ഗെയിമിലൂടെ സമ്മർദത്തിലാക്കിയ ഇറാൻ കളി സ്വന്തമാക്കി. 28ാം മിനിറ്റിൽ ഹിദിമാസ മൊറിറ്റയുടെ ഗോളിലൂടെ ജപ്പാനായിരുന്നു ലീഡ് നേടിയത്. മിസ് പാസും, ഏകോപനമില്ലാത്ത മധ്യനിരയുമായി ഒന്നാം പകുതിയിൽ തപ്പിത്തടഞ്ഞ ഇറാൻ, പക്ഷേ രണ്ടാം പകുതി തങ്ങളുടേതാക്കി മാറ്റി. ചാട്ടുളി വേഗത്തിൽ ആക്രമിച്ചു കയറിയവർ നിരന്തര മുന്നേറ്റങ്ങളിലൂടെ ജപ്പാന്റെ ഗെയിം പ്ലാനിനെ പൊളിച്ചപ്പോൾ ഗോളുകൾ ഒന്നിനു പിന്നാലെ ഒന്നായി പിറന്നു. 55ാം മിനിറ്റിൽ മുഹമ്മദ് മുഹബിയും, ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിൽ പെനാൽറ്റി അവസരം ലക്ഷ്യത്തിലെത്തിച്ച് അലിറിസ ജഹാൻബക്ഷുമാണ് ഇറാനുവേണ്ടി വലകുലുക്കിയത്.
സിറിയക്കെതിരായ പ്രീക്വാർട്ടർ കളിച്ച് രണ്ടു ദിവസത്തെ ഇടവേളക്കിടയിലായിരുന്നു ഇറാൻ ക്വാർട്ടറിൽ പന്തു തട്ടിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡുമായി പുറത്തായി മെഹ്ദി തരേമിയുടെ അസാന്നിധ്യം ബാധിക്കാതെ പോരാടിയാണ് ടീമിന്റെ പടയോട്ടം.
28ാം മിനിറ്റിൽ ഇറാന്റെ പ്രതിരോധ കോട്ട പൊളിച്ചുകൊണ്ടായിരുന്നു ജപ്പാൻ സ്കോർ ചെയ്തത്. മൂന്ന് ഇറാനിയൻ പ്രതിരോധ താരങ്ങളെ മറികടന്ന് പന്തുമായി കുതിച്ച ഹിദിമാസ മൊറിറ്റയുടെ ഷോട്ട് നെടുനീളൻ ഡൈവിലൂടെ തടയാനുള്ള ഇറാൻ ഗോളി അലി റിസ ബിറൻവാഡിന്റെ ശ്രമം വിജയം കണ്ടില്ല. നിലംപറ്റിയുള്ള ഡൈവിനിടെ കാലിൽ തട്ടി ബൗൺസ് ചെയ്ത പന്ത് ഗോൾപോസ്റ്റിന് മേൽകൂരയിളക്കി വിശ്രമിച്ചു.
ആദ്യ പകുതിയിൽ പതിനെട്ടടവുകൾ പയറ്റിയിട്ടും തിരിച്ചടിക്കാൻ കഴിയാതെ അവശരായ ഇറാൻ രണ്ടാം പകുതിയിൽ കരുത്തോടെ ഉണർന്നു. അതിന്റെ ഫലം 55ാം മിനിറ്റിൽതന്നെ കളത്തിൽ കണ്ടു. ജപ്പാന് സ്വന്തം ബോക്സിനരികിൽ സംഭവിച്ച വലിയ പിഴവായിരുന്നു ഇറാന് മറുപടി ഗോൾ നേടുന്നതിലേക്ക് അവസരം തുറന്നത്. ജപ്പാൻ ബോക്സിന് മുന്നിൽ നിന്നും പന്ത് ചിപ്പ് ചെയ്ത് നൽകിയ സർദാൻ അസ്മൗനിന്റെ ക്രോസിന് പാകമായി ഓടിയെത്തിയ മുഹമ്മദ് മുഹബി അനായാസം ഡ്രിബ്ൾ ചെയ്ത് വലംകാൽ കൊണ്ട് ടച്ച് ചെയ്തപ്പോൾ ജപ്പാൻ ഗോളി സിയോൺ സുസുകിയെയും കബളിപ്പിച്ച് പന്ത് വലയിലേക്ക്.
ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിന്റെ മുഴുവൻ ക്ഷീണവും തീർത്ത് ടീമിനെ ഉണർത്താനുള്ള ഊർജം നൽകുന്നതായിരുന്നു ഈ ഗോൾ. തൊട്ടുപിന്നാലെ 63ാം മിനിറ്റിൽ സർദർ അസ്മൗനിന്റെ സോളോ മുന്നേറ്റം ജപ്പാൻ വലകുലുക്കിയെങ്കിലും ലൈൻ റഫറിയുടെ ഓഫ്സൈഡ് വിളിയിൽ ഗോൾ പാഴായി. കളി ലോങ് വിസിലിലേക്ക് നീങ്ങവേ വിജയ ഗോളിനായുള്ള ഇരു ടീമിന്റെയും ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യം ഇറാനെ തുണച്ചു. ഹുസൈൻ കനാനിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി അലി റിസ ലക്ഷ്യത്തിലെത്തിച്ച് സെമി ബർത്ത് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.