ശരിക്കും കളി 60 മിനിറ്റിൽ താഴെ; നാം കാണുന്നത് ഒന്നര മണിക്കൂറിലേറെ- സമയം തെറ്റുന്ന ഫുട്ബാളിനെ ശരിയാക്കാൻ സ്റ്റോപ്​ക്ലോക്ക് വരുന്നു?

ഖത്തർ ലോകകപ്പിലാണ് ലോകം ശരിക്കും അധിക സമയത്തിന്റെ വിലയറിഞ്ഞത്. 90 മിനിറ്റു കഴിഞ്ഞും പുരോഗമിച്ച മത്സരങ്ങൾ പലതും 10 മിനിറ്റും അതിലധികവും സമയം പിന്നെയും നടന്നു. നിർണായക കളികളിൽ എതിരാളികൾക്ക് അവസരമൊരുക്കിയെന്ന പരാതിയും ഉയർന്നുകേട്ടു. ഈ വിഷയത്തിൽ കൃത്യത ആവശ്യമാണെന്ന നിർ​ദേശങ്ങൾക്ക് ശക്തി കൂടി വന്നതോടെ മുതിർന്ന തലങ്ങളിൽ ചർച്ച സജീവമാകുകയാണ്. കഴിഞ്ഞ ജനുവരിയിൽ രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ബോർഡ് ഇതിനായി യോഗം ചേർന്നത് തുടർ നടപടികൾ ഉണ്ടാകുമെന്ന സൂചന നൽകുന്നു.

90 മിനിറ്റ് മത്സരത്തിൽ അധിക സമയം അനുവദിച്ചിരുന്നത് പരിക്കു മുലവും മറ്റുമുള്ള വലിയ സമയ നഷ്ടങ്ങൾ നികത്താനായിരുന്നു- അതും 1891ൽ. കാലമേറെ ചെന്നപ്പോൾ അനുവദിക്കുന്ന സമയം പക്ഷേ, കൂടിക്കൂടി വന്നു. ‘വാർ’ പരിശോധന പോലുള്ളവ എത്തിയതോടെ ചിലപ്പോൾ 10 മിനിറ്റു കടന്നു. പകരക്കാരെ ഇറക്കൽ, വിഡിയോ അസിസ്റ്റന്റ് റഫറി പരിശോധന, ഗോൾ ആഘോഷം എന്നിവ മാത്രമല്ല, വെറുതെ പന്തുപിടിച്ച് സമയം കൊല്ലലുൾപ്പെടെ അധിക സമയം അനുവദിക്കാവുന്ന കാരണങ്ങൾ പലതാണ്. ഇതെല്ലാം കൂടി പരിഗണിക്കു​മ്പോൾ 90 മിനിറ്റ് കളി എപ്പോൾ തീരുമെന്നത് റഫറിക്കു മാത്രം മനസ്സിലാകുന്ന ഒന്നായി മാറി.

ഇതിന് പരിഹാരവുമായി പ്രമുഖ താരങ്ങൾ തന്നെ രംഗത്തെത്തിയതാണ് പുതിയ വാർത്ത. ഡച്ച് ഇതിഹാസം മാർകോ വാൻ ബാസ്റ്റൺ, മുൻ പ്രിമിയർ ലീഗ് റഫറി മാർക് ക്ലാറ്റൻബർഗ്, മുൻ ഗണ്ണേഴ്സ് മേധാവി ഡേവിഡ് ഡീൻ എന്നിവരടങ്ങിയ സംഘം കളി 60 മിനിറ്റു തന്നെയാകണമെന്ന് നിർദേശിക്കുന്നു. കളി നടക്കാത്തപ്പോൾ സമയമറിയിക്കുന്ന ക്ലോക്ക് നിലക്കുംവിധമുള്ള ക്രമീകരണമാണുണ്ടാവുക.

സാധാരണ 90 മിനിറ്റ് മത്സരങ്ങളിൽ പോലും ശരാശരി കളി നടക്കുന്നത് 60 മിനിറ്റിൽ താഴെയാണ്. 2018ലെ റഷ്യൻ ലോകകപ്പിൽ ശരാശരി 52 മിനിറ്റ് മുതൽ 58 മിനിറ്റ് വരെ സമയമാണ് മിക്ക മത്സരങ്ങളിലും ശരിക്കും കളി നടന്നത്. ഇത് പരിഗണിച്ചാണ് എല്ലാ കളികളും കൃത്യമായി 60 മിനിറ്റു തന്നെയാകണമെന്ന നിർദേശവുമായി പ്രമുഖർ രംഗത്തുള്ളത്.

ഖത്തർ ലോകകപ്പിൽ ശരാശരി 11 മിനിറ്റ് ആദ്യ റൗണ്ടിൽ അനുവദിച്ചിരുന്നതായി കണക്കുകൾ പറയുന്നു. ഇംഗ്ലണ്ട്- ഇറാൻ മത്സരമായിരുന്നു ഏറ്റവും കൂടുതൽ അധിക സമയം ലഭിച്ച മത്സരം. പരിക്കായിരുന്നു വില്ലൻ. എന്നാലും 24 മിനിറ്റാണ് ഇരു പകുതികളിലാണ് റഫറി വക ലഭിച്ചത്. ഓരോ ഗോളിനും​ ശേഷം കൂടുതൽ സമയമെടുക്കുന്നുവെന്ന് കണക്കാക്കി പിന്നെയും സമയം അനുവദിക്കുകയും ചെയ്തു. അർജന്റീന- സൗദി അറേബ്യ മത്സരവും ഏറെ നേരം നീണ്ടു.

അധിക സമയത്ത് പിറന്ന ഗോളുകൾക്കെതിരെയും വിമർശനമുയർന്നു.

ഇതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റോപ് ക്ലോക്ക് സംവിധാനം വരുന്നത്. പക്ഷേ, ഔദ്യോഗിക തലത്തിൽ നടപടികൾ ആരംഭിക്കാത്തതിനാൽ നടപ്പാകാൻ കാത്തിരിക്കേണ്ടിവരും. 

Tags:    
News Summary - Is football timekeeping set to change forever?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.