ഹൂപ്പറും ഗോമസും പിന്നെ അർജൻറീനക്കാരൻ പെരേറയും; ബ്ലാസ്​റ്റേഴ്​സ്​ കപ്പടിച്ചാൽ മതിയായിരുന്നു

കലിപ്പടക്കുമെന്ന വീരവാദവുമായി എല്ലാ സീസണിലും എത്തുമെങ്കിലും ശരാശരി എന്ന കാറ്റഗറിയിൽ പോലും പെടാതെ ബൂട്ടഴിക്കുന്ന പതിവ്​ ​കേരള ബ്ലാസ്​റ്റേഴ്​സിനുള്ളതാണ്​. ഇക്കുറി പതിവു പല്ലവിക്ക്​ മാറ്റമുണ്ടാവുമോയെന്ന്​ കാത്തിരുന്ന്​ കാണാം. വെള്ളിയാഴ്​ച ഐ.എസ്​.എൽ ഏഴാം സീസണിന്​ കിക്കോഫ്​ കുറിക്കു​േമ്പാൾ, ഇത്തവണയെങ്കിലും കലിപ്പടക്കാൻ കഴിഞ്ഞെങ്കിലെന്ന്​ മഞ്ഞപ്പടയെ നെഞ്ചിലേറ്റുന്നവർ ആഗ്രഹിക്കുന്നുണ്ട്​. വെള്ളിയാഴ്​ച ഉദ്​ഘാടന മത്സരത്തിൽ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനാണ്​ കേരള ബ്ലാസ്​റ്റേഴ്​സി​െൻറ എതിരാളികൾ.

2018-19ൽ ഒമ്പതാമതും 2019-20ൽ ഏഴാമതും ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് കഷ്​ടകാലമായിരുന്നു. എന്നാൽ, മികവുറ്റ വിദേശ താരങ്ങളും ഇന്ത്യയിൽ നിന്നുള്ള യുവനിരയും ചേരു​േമ്പാൾ ഇത്തവണ കേരള ബ്ലാസ്​റ്റേഴ്​സ്​ ടൂർണമെൻറിലെ ഫേവറിറ്റുകളാണെന്ന കാര്യത്തിൽ സംശയമില്ല.

എല്ലാം ഒന്നിനൊന്ന്​​ മെച്ചം

കേരള ബ്ലാസ്റ്റേഴ്സി​െൻറ ഏഴ് വിദേശ കളിക്കാരിൽ ആറുപേരും പുതിയ സൈനിങ്ങുകളാണ്. എല്ലാവരും ഒന്നിനൊന്നു മെച്ചം. കഴ​ിവുറ്റ ഈ ടീമിനെ ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്​ സ്​പോർടിങ്​ ഡയറക്​ടറായ ലിത്വാനിയക്കാരൻ കരോളിസ്​ സ്​കിൻകിസാണ്​. പ്രായം 30 വയസ്സ്​ മാത്രം. വലിയ പദവിയിൽ ഇളമുറക്കാരനാണെങ്കിലും സ്​കിൻകിസ്​ നടത്തിയ ഓരോ ചുവടുവെപ്പും എടുത്തു പറയേണ്ടതാണ്​. ചുരുങ്ങിയ ബജറ്റിൽ ഒതുങ്ങി മികച്ച ടീമിനെത്തന്നെയാണ്​ ​​അദ്ദേഹം പുതു സീസണിലേക്ക്​ ബ്ലാസ്​റ്റേഴ്​സിനെ ഒരുക്കിയത്​. എല്ലാം ഒത്തുവന്നപ്പോൾ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും എ പ്ലസ്​ കാറ്റഗറിയിലേക്ക്​ എത്തിയെന്നാണ്​ കായിക ലോകത്തി​െൻറ കണക്കുകൂട്ടൽ.



പ്രതിരോധം 'പൊളിയാണ്​'

കഴിഞ്ഞ രണ്ടു സീസണിലും പ്രതിരോധത്തിലെ വിള്ളൽ ബ്ലാസ്​റ്റേഴ്​സിന്​ വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്​. അതിനെല്ലാം ഇത്തവണ പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സി​െൻറ സ്‌പോട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസിന് സാധിച്ചിരിക്കുന്നു. വിദേശ സൈനിങ്ങുകളിൽ രണ്ട് പേരെ സ്കിൻകിസ് എത്തിച്ചിരിക്കുന്നത് പ്രതിരോധത്തി​െൻറ ചുക്കാൻ പിടിക്കാൻ തന്നെയാണ്. ബുർക്കിനഫാസോക്കാരൻ ബക്കറി കോനെയും സിംബവെയിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും. ലോകോത്തര ലീഗുകളിലെ വലിയ അനുഭവ സമ്പത്തുമായി എത്തുന്ന ഇവർ ടീമിന്​ മുതൽകൂട്ടാവും.

ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കറി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും. സെൻട്രൽ ബാക്ക് പൊസിഷനിൽ ഇവരുടെ കോമ്പോ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ കൂടുതൽ കരുത്തരാക്കുന്നത്.



ഇവർക്ക്​ പകരക്കാരനായി മലയാളി താരം അബ്ദുൾ ഹക്കുവുമുണ്ട്​. കോസ്റ്റയ്ക്കും പകരം ഒരു സൂപ്പർ സബ്ബായോ ചിലപ്പോൾ ആദ്യ ഇലവനിലൊ ഹക്കുവിനെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കാണാൻ കഴിഞ്ഞേക്കും. കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങളെല്ലാം മികച്ച രീതിയിൽ ഉപയോഗിച്ച ഹക്കു ഇത്തവണയും ക്ലബ്ബിനായി നല്ല പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.

നിഷു കുമാർ + ജെസൽ കർണെയ്റോ = വിങ്ങിലൂടെ പന്ത്​ പറക്കും

വിങ്ങുകളിലെ ഇന്ത്യൻ കരുത്ത് ആഫ്രിക്കൻ കോട്ടയെ കൂടുതൽ ശക്തമാക്കുമെന്ന് പറയുന്നതാകും ശരി. കഴിഞ്ഞ ഒറ്റ സീസണിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ജെസൽ കർണെയ്റോ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ആദ്യം നീട്ടിയ താരങ്ങളിൽ ഒരാളാണ്. ഇടതു വിങ്ങിൽ ജെസലി​െൻറ സാന്നിധ്യം പ്രതിരോധത്തെ മികച്ചതാക്കുമ്പോൾ വലതു വിങ്ങിൽ നിഷു കുമാർ കൂടി എത്തുന്നതോടെ അത് പൂർണമാകുന്നു. ബെംഗളൂരു എഫ്​.സിയിൽ നിന്ന് മോഹവില നൽകിയാണ് ബ്ലാസ്റ്റേഴ്സ് നിഷുവിനെ സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ഇവരുടെ പകരക്കാരൻ നോർത്ത് ഈസ്റ്റിൽ നിന്നുള്ള ലാൽറുവാൻത്താരയാണ്. ഇരു വിങ്ങുകളിലും കോച്ചിന് വിശ്വസ്തതയോടെ കളിപ്പിക്കാൻ സാധിക്കുന്ന താരമാണ് ലാൽറുവാൻത്താര. സന്ദീപ് സിങ്ങും ദനചന്ദ്ര മേത്തിയും ബ്ലാസ്റ്റേഴ്സി​െൻറ കരുതൽ താരങ്ങളാണ്. 



ബെസ്​റ്റ്​ മിഡ്​ഫീൽഡേഴ്​സ്​

ക്രിയേറ്റീവ്​ മിഡ്​ഫീൽഡറു​െട അഭാവം എല്ലാ സീസണിലും ബ്ലാസ്​റ്റേഴ്​സിന്​ വലിയ വെല്ലുവിളിയാവാറുണ്ട്​. ഇത്തവണ കോച്ച്​ വികുനക്ക്​ അതിനുള്ള പരിഹാരം സ്​പാനിഷ്​ താരം സിസെ​െൻറ ഗോമസാണ്​. കഴിഞ്ഞ രണ്ട് സീസണുകളിലായി മിഡ്ഫീൽഡിൽ പ്രശ്നങ്ങളുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഗോമസിനെ പോലുള്ള താരത്തെ അത്യാവശ്യമാണ്. മിഡ്ഫീൽഡിലും ഡിഫൻസിലും മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് 32 കാരനായ ഈ താരത്തിന് ക്ലബ് നീണ്ട കരാരാണ്​ മുന്നോട്ട് വച്ചത്​. ഗോമസ് ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പിട്ടത്. കുറച്ച് സീസണുകൾക്ക് മുമ്പ് ലാലിഗയിലേക്ക് സ്ഥാനക്കയറ്റം നേടിയ ലാസ് പൽമാസി​െൻറ ഒരു പ്രധാന ഭാഗമായ വിസെ​െൻറ ഗോമസ് സ്പെയിനിൽ കാണിച്ച അതേ ഫോം കേരള ബ്ലാസ്റ്റേഴ്സിലും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗോമസായിരിക്കും മധ്യനിരയിലും മൈതാനത്ത് മൊത്തത്തിലും കേരള ബ്ലാസ്റ്റേഴ്സി​െൻറ തന്ത്രങ്ങൾ മെനയുക. ഡിഫൻസീവ് മിഡ്ഫീൽഡ് റോളിൽ സ്‌പാനിഷ് താരത്തിനൊപ്പം രോഹിത് കുമാറും ജീക്സൻ സിങ്ങും കേരള ബ്ലാസ്റ്റേഴ്സി​െൻറ മഞ്ഞ കുപ്പായമണിയും.


ഒരുകൂട്ടം മലയാളി താരങ്ങളാണ് മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സി​െൻറ കരുത്ത്. സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി, പ്രശാന്ത് മോഹൻ, അർജുൻ ജയരാജ്. അഞ്ച് വർഷമായി കരാർ ഉയർത്തിയ രാഹുലും സഹലും കേരള ബ്ലാസ്റ്റേഴ്സി​െൻറ ഭാവി പദ്ധതികളിലെ സുപ്രധാന കണ്ണികളാണെന്ന് വ്യക്തമാണ്. ഈ സീസണിലും ഇരുവർക്കും ടീമിൽ നിർണായക റോളാണുള്ളത്. വേഗതകൊണ്ടും കിടിലൻ ക്രോസുകൾകൊണ്ടും കഴിഞ്ഞ സീസണിൽ ആരാധകരെ രസിപ്പിച്ച പ്രശാന്തിനും കളിയിലെ നിർണായക ഘട്ടങ്ങളിൽ ഒരു സൂപ്പർ സബ് ആകാനും സാധിക്കുന്ന അർജുൻ ജയരാജിനും കിബുവി​െൻറ തന്ത്രങ്ങളിൽ പ്രധാന റോളാകുമുണ്ടാവുക.

ഏതു ഇലവനിലും നന്നായി ഫിറ്റാവുന്ന നെങ്ദാമ്പ നോറോമും കോച്ചുമായി മികച്ച ആശയവിനിമയം നടത്തി കളിയുടെ ഗതി മാറ്റിവിടാൻ സാധിക്കുന്ന സെയ്ത്യസെൻ സിങ്ങും മധ്യനിരയിലെ വടക്ക് കിഴക്കൻ സാനിധ്യമാകുമ്പോൾ കഴിഞ്ഞ സീസണിൽ മധ്യനിരയിൽ ഒറ്റയാൾ പോരാട്ടവുമായി തിളങ്ങിയ സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയും ഇത്തവണ ടീമിലുണ്ട്. 



മൂർച്ചയുള്ള മുന്നേറ്റം

ഇംഗ്ലീഷ് താരം ഗ്യാരി ഹൂപ്പർ നയിക്കുന്ന മുന്നേറ്റ നിരയിൽ ജോർദാൻ മുറേയാകും താരത്തി​െൻറ പകരക്കാരനാവുക. ഇവർ തമ്മിലുള്ള കോമ്പിനേഷന് കോച്ച് തയ്യാറാകുമോയെന്നും കണ്ടറിയണം. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും മുന്നേറ്റ നിരയിലും തിളങ്ങാൻ സാധിക്കുന്ന അർജൻറീനക്കാരൻ ഫകുണ്ടോ പെരേരയാണ് മറ്റൊരു വിദേശ താരം.



ഗോൾ കീപ്പേഴ്​സും ഫിറ്റാണ്​

ഡേവിഡ് ജെയിംസ് അടക്കമുള്ള ഇതിഹാസ താരങ്ങൾ ഗോൾവല കാത്ത ബ്ലാസ്റ്റേഴ്സി​െൻറ ഈ സീസണിലെ ഗോൾകീപ്പർമാർ നാലു പേരാണ്. നാലും ഇന്ത്യൻ താരങ്ങൾ തന്നെയാണെന്നത് എടുത്ത് പറയാണം. ഒന്നാം നമ്പർ ഗോൾകീപ്പറായി എത്തുക ആൽബിനോ ഗോമസ് എന്ന ഗോവൻ താരമായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സി, ഡൽഹി ഡൈനാമോസ്, ഒഡിഷ എഫ്.സി എന്നീ ടീമുകളുടെ ഭാഗമായിരുന്ന താരമാണ്​ ഗോമസ്​. ബിലാൽ ഖാൻ, മുഹിത് ഖാൻ, പ്രബ്ശുഖൻ ഗിൽ എന്നിവരാണ് മറ്റ് ഗോൾകീപ്പർമാർ.


കൂട്ടിയും കുറച്ചും കോച്ചിങ്​ സ്​റ്റാഫുകൾ


സ്‌പോട്ടിങ് ഡയറക്ടർ കരോളിസ്​ സ്​കിൻസി​െൻറ നിയമനമായിരുന്നു ബ്ലാസ്​റ്റേഴസി​െൻറ ഈ സീസണിലെ വലിയ മാറ്റം. ആവശ്യാനുസരണം വിദേശ താരങ്ങളെയും പ്രാദേശിക താരങ്ങളെയും ടീമിലെത്തിക്കുക എന്ന സുപ്രധാന ചുമതല സ്‌പോട്ടിങ് ഡയറക്ടറുടേതാണ്. കഴിഞ്ഞ ആറു സീസണിലും ഇത് സി.ഇ.ഒയാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ അത് കൂടുതൽ പ്രഫഷണലായി. ലാത്വിയന്‍ ക്ലബ്ബ് എഫ്.സി സുഡുവയില്‍ നിന്ന് പരിചയസമ്പന്നനായ കരോളിസ് സ്‌കിന്‍കിസ് ബ്ലാസ്​റ്റേഴ്​സിലെത്തി​ ത​െൻറ ജോലി ഭംഗിയാക്കുകയും ചെയ്​തിരിക്കുന്നു.

കിബു വികുന എന്ന മുഖ്യ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് മോഹൻ ബഗാനെ ഐ ലീഗ് ചാംപ്യന്മാരാക്കിയ ശേഷമാണ്. രണ്ട് വർഷത്തെ കരാറാണ് കോച്ചുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവച്ചിരിക്കുന്നത്. വികുനയുടെ വലംകൈയാണ് സഹപരിശീലകൻ തോമസ് ഷോസ്. വർഷങ്ങളായി വികുനയ്ക്കൊപ്പമുള്ള അദ്ദേഹത്തിന് പരിശീലന വേഷത്തിൽ നിർണായക പങ്കാണുണ്ടാവുക. ഇതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരവും പരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദും വികുനയുടെ പരിശീലക സംഘത്തിലെ പ്രധാനിയാണ്.

ഇന്ത്യയുടെ വിഖ്യാത ഗോൾകീപ്പർ യൂസഫ് അൻസാരിയാണ് കേരള ബ്ലാസ്റ്റേഴ്സി​െൻറ ഗോൾ കീപ്പിങ് പരിശീലകൻ. അണ്ടർ 19 ഇന്ത്യൻ ടീമിനെയടക്കം പരിശീലിപ്പിച്ചട്ടുള്ള അനുഭവ സമ്പത്തുമായാണ് അദ്ദേഹമെത്തുന്നത്. ഫിറ്റ്നസ് പരിശീലക​െൻറ റോളെന്താണെന്ന് നന്നായി അറിയാവുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ കിബു വികുനയുടെ സംഘത്തിലും അത്തരത്തിലൊരാളുണ്ട്- പോളിയൂസ്. ഒപ്പം തന്ത്രങ്ങൾ മെനയുന്ന ടാക്ടിക്കൽ ആൻഡ് അനലിറ്റിക്കൽ പരിശീലകനും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സ്‌പെയിനിൽ നിന്നുള്ള ഡേവിഡ് ഒച്ചോവ.




കോച്ച്​ ഹാപ്പിയാണ്​

കഴിഞ്ഞ ഐ ലീഗിൽ മോഹൻ ബഗാനെ ചാംപ്യന്മാരാക്കിയ ശേഷമാണ് കിബു കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബ്ലാസ്റ്റേഴ്സി​െൻറ കടവും ആരാധകരുടെ 'കലിപ്പും' തീർക്കേണ്ട വലിയ ഉത്തരവാദിത്വം കിബുവിനുണ്ട്. അതിനുള്ള വ്യക്തമായ തന്ത്രങ്ങൾ മെനയുകയാണ് കിബു. 4-3-3 ശൈലിയാണ് കിബു പൊതുവെ സ്വീകരിക്കുന്നത്. 4-4-2 ഫോര്‍മേഷനില്‍ ഡബിള്‍ സിക്സ് കളിക്കാനും താല്‍പ്പര്യപ്പെടാറുണ്ട്. സൂപ്പർ താരങ്ങളേക്കാൾ കിബു വിശ്വാസമർപ്പിക്കുന്നത് ത​െൻറ തന്ത്രങ്ങളോട് പൊരുത്തപ്പെട്ടു പോകുന്ന താരങ്ങളെയാണ്. വ്യക്തികളേക്കാൾ ടീമിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ഓഗബച്ചെയും ജിങ്കനുമെല്ലാം തുറന്ന വാതിലിലൂടെ പുറത്തേക്ക് പോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.