ഇന്ത്യൻ കാൽപന്തുകളിത്തട്ടിൽ പത്താണ്ട് കാലത്തെമാത്രം പാരമ്പര്യം. ഐ ലീഗിനായി ഒരുക്കിയറക്കിയ ടീമിന് ഇന്ത്യയിലെ ടോപ് ക്ലാസ് ക്ലബുകളിലൊന്നായി മാറാൻ വേണ്ടിവന്നത് അരങ്ങേറ്റ സീസൺ മാത്രം. കളിയാസ്വാദകരെ ഞെട്ടിച്ച പ്രകടനം, ആരാധകരെ എളുപ്പത്തിൽ ടീമോടടുപ്പിച്ച കളിയഴക്. 2013ൽ കളിക്കളത്തിലിറങ്ങിയ ടീം ആ സീസണിലെ ഐ ലീഗ് ജേതാക്കളായി, അടങ്ങാത്ത കളിയാവേശം തൊട്ടടുത്ത സീസണിലെ ചാമ്പ്യൻപട്ടവും സ്വന്തം തട്ടകത്തിലെത്തിച്ചു.
അക്കാലത്ത് ഐലീഗ് കിരീടം നേടിയ ആദ്യ സൗത്ത് ഇന്ത്യൻ ടീം എന്ന ഖ്യാതിയും ബംഗളൂരു എഫ്.സിക്കായിരുന്നു. 2017 -18 സീസണിലാണ് ടീം ഐ.എസ്.എല്ലിലെത്തുന്നത്. പ്രാരംഭ സീസണിൽ റണ്ണറപ്പായി ലീഗിനെ പ്രകമ്പനം കൊള്ളിച്ചായിരുന്നു ടീം വരവറിയിച്ചത്. തൊട്ടടുത്ത സീസണിൽ ആ പരാതിക്കറുതിയായി.
ചാമ്പ്യൻപട്ടം നേടി ഐലീഗും ഐ.എസ്.എലും നേടുന്ന ആദ്യ ക്ലബായി ബാംഗ്ലൂർ മാറി. അവസാന വർഷത്തിലും റണ്ണറപ്പായി കളിക്ക് അവധി കൊടുത്ത ടീം ഇത്തവണ ഒരുങ്ങുന്നത് ചരിത്രം ആവർത്തിക്കാനാണ്. ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ക്യാപ്റ്റൻ സുനിൽ ഛേത്രിയും, ചോരാത്ത കൈകളുമായി പോസ്റ്റിന് താഴെ വൻമതിലായി തുടരുന്ന കീപ്പർ ഗുർപ്രീത് സിങ്ങും ബ്ലാസ്റ്റേഴ്സിൽനിന്ന് കൂടുമാറിയെത്തിയ ടോപ് ക്ലാസ് ഡിഫൻഡർ ജെസലും ചേർന്ന ലൈനപ്പ് ഇത്തവണ രണ്ടും കല്പിച്ചാണ് പോരിനിറങ്ങുന്നത്.
കൂടാതെ ആസ്ട്രേലിയൻ ഡിഫൻഡർ അലക്സാണ്ടർ ജൊവനോവിക്, നെതർലൻഡ് മധ്യനിര താരം കെസിയ വീൻട്രോപ്, ഇംഗ്ലീഷ് അറ്റാക്കർ കർട്ടിഷ് മെയ്ൻ, റയാൻ വില്യംസ് എന്നിവരടങ്ങിയ വിദേശ നിരയുമുണ്ട്.
മികച്ച കളിപാടവവും വീക്ഷണവുമുള്ള പരിശീലകരിലൊരാൾ, ലെസ്റ്റർ സിറ്റിയിലും ആസ്റ്റൺ വില്ലയിലും പന്തുതട്ടിയ കളി പാടവം, 2005 മുതൽ പരിശീലക കുപ്പായത്തിൽ, കളി തന്ത്രജ്ഞൻ സൈമൺ ഗ്രൈസന്റെ ചരിത്രവും അനുഭവവും പറയാൻ ഇനിയും ഒരുപാടുണ്ടാവും.
അടിസ്ഥാന നിലവാരമുള്ള ടീമിനെവരെ മുൻനിരയിലെത്തിച്ച് രാജ്യത്തെ പ്രധാന കിരീടം നേടിക്കൊടുത്ത സൈമൺ 2022 മുതൽ ബാംഗ്ലൂരിന്റെ കളിത്തട്ടിലുണ്ട്. കഴിഞ്ഞ സീസണിലെ ബാംഗ്ലൂരിന്റെ മികവാർന്ന പ്രകടനത്തിന് പിന്നിൽ നിസ്സംശയം പറയാം ഇദ്ദേഹത്തിന്റെ തന്ത്രങ്ങളാണെന്ന്. അറ്റാക്കിൽ പ്രോത്സാഹിപ്പിക്കുന്ന സൈമൺ ശ്രദ്ധാലുവായ ഗെയിം പ്ലാനിങ് കൊണ്ടും പ്രശസ്തനാണ്.
സെപ്. 21 കേരള ബ്ലാസ്റ്റേഴ്സ്
സെപ്. 27 മോഹൻ ബഗാൻ
ഒക്ടോ. 04 ഈസ്റ്റ് ബംഗാൾ
ഒക്ടോ. 25 എഫ്.സി ഗോവ
ഒക്ടോ. 31 ഒഡിഷ എഫ്.സി
നവം. 04 ഹൈദരാബാദ് എഫ്.സി
നവം. 26 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
നവം. 30 പഞ്ചാബ് എഫ്.സി
ഡിസം. 08 മുംബൈ സിറ്റി എഫ്.സി
ഡിസം. 13 ചെന്നൈയിൻ എഫ്.സി
ഡിസം. 16 ജാംഷഡ്പുർ എഫ്.സി
ഡിസം. 24 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.