ദിമിയുടെ മനോഹരഗോളിൽ ബഗാനെയും മലർത്തിയടിച്ച് ബ്ലാസ്റ്റേഴ്സ്; ഹാട്രിക് ജയത്തോടെ പോയന്റ്നിലയിൽ ഒന്നാമത്

കൊൽക്കത്ത: കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പടയോട്ടം. മോഹൻ ബഗാനെതിരെ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ജയമാണിത്, അതും അവരുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ.

ഒരു ഗോൾ ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗോവയെ മറികടന്ന് വീണ്ടും പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസാണ് (ഒമ്പതാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്. നേരത്തെ പരസ്പരം ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ അഞ്ചിലും ജയം ബഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. 12 മത്സരങ്ങളിൽനിന്ന് 26 പോയന്‍റാണ് ബ്ലാസ്റ്റേഴ്സിന്.

രണ്ടാമതുള്ള ഗോവക്ക് ഒമ്പത് മത്സരങ്ങളിൽ 23 പോയന്‍റും. ഒന്നാം പകുതി ബ്ലാസ്റ്റേഴ്സിന് സ്വന്തമായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. നാലാം മിനിറ്റിൽ പ്രതിരോധ താരത്തിൽനിന്ന് പന്ത് തട്ടിയെടുത്ത് ബോക്സിന്‍റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് തൊടുത്ത ഒരു ഇടങ്കാൽ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക്. മഞ്ഞപ്പടയുടെ പ്രസ്സിങ് ഗെയിംമിന് ഒമ്പതാം മിനിറ്റിൽ ഫലംകണ്ടു. പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിന്‍റെ ഇടതുപാർശ്വത്തിൽനിന്ന് ദിമിത്രിയുടെ ഇടങ്കാൽ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരു അവസരവും നൽകാതെ പോസ്റ്റിനുള്ളിൽ. സീസണിൽ താരത്തിന്‍റെ ഏഴാം ഗോളാണിത്.

ഗോൾവേട്ടക്കാരനിൽ ഇതോടെ ഒന്നാമനായി. ഒമ്പതു മത്സരങ്ങളിൽ ഏഴു ഗോളുകളും രണ്ടു അസിസ്റ്റുകളുമാണ് താരത്തിന്‍റെ പേരിലുള്ളത്. കൃത്യമായ ഇടവേളകളിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മോഹൻ ബഗാന്‍റെ ബോക്സിൽ വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. 39ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനു മുന്നിലുണ്ടായിരുന്ന കെ.പി. രാഹുലിന്‍റെ കാലിൽ. അൽപം മുന്നോട്ട് കുതിച്ച് താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് പുറത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ പെപ്രയുടെ മികച്ച മുന്നേറ്റം. ബഗാന്‍റെ കാര്യമായ നീക്കങ്ങളൊന്നും ഇല്ലാതെയാണ് ആദ്യ പകുതി പൂർത്തിയായത്.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി ബഗാൻ കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കീഴ്പ്പെടുത്താനായില്ല. അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനും അവസരങ്ങൾ ഒന്നൊന്നായി ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രാഹുലിന് ലഭിച്ച സുവർണാവസരം ഗോളിയിൽ തട്ടി മടങ്ങി. സൂപ്പർതാരം അഡ്രിയൻ ലൂണയുടെ അഭാവത്തിൽ യുവനിര പുറത്തെടുക്കുന്ന തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. വിബിൻ മോഹനൻ പരിക്കേറ്റതിനാൽ മുഹമ്മദ് അസ്ഹർ മധ്യനിരയിൽ ഇടംനേടി. ക്വാമെ പെപ്രയും ദിമിത്രിയും തന്നെയായിരുന്നു സ്ട്രൈക്കർമാർ.

പ്രതിരോധതാരം ബ്രെൻഡൻ ഹാമിൽ, മധ്യനിരയിലെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ഉൾപ്പെടെ പല താരങ്ങളും പരിക്കിന്‍റെ പിടിയിലായതായാണ് ബഗാന് തിരിച്ചടിയായത്.

Tags:    
News Summary - ISL: Blasters beat Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.