ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ എഫ്.സി ഗോവക്കെതിരായ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു പിന്നിൽ. ആതിഥേയർക്കായി ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) മധ്യനിരതാരം റോളിൻ ബോർഗെസാണ് ഗോൾ നേടിയത്.
ബോക്സിന്‍റെ വലതുപാർശ്വത്തിൽനിന്ന് വിക്ടർ റോഡ്രിഗസ് ബോക്സിനുള്ളിലേക്ക് നൽകിയ ഒരു മനോഹര ക്രോസിൽനിന്നുള്ള പന്ത് താരം വലുതുകാൽ കൊണ്ട് വലക്കുള്ളിലാക്കി. ഫറ്റോർഡ സ്റ്റേഡിയത്തിൽ കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതിക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സ് വലയിൽ ഗോളെത്തിയത്. ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം.
തോറ്റാൽ ഒന്നാം സ്ഥാനം ഗോവ കൊണ്ടുപോകും. വമ്പൻമാരായ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവർക്കെതിരെയാണ് ഈ മാസം ബ്ലാസ്റ്റേഴ്സിന്റെ മറ്റു പ്രധാന മത്സരങ്ങൾ. അതുകൊണ്ടുതന്നെ ഗോവക്കെതിരെ ജയം നേടുന്നത് ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമാകും. സീസണിൽ ഇതുവരെ എട്ടു മത്സരങ്ങളിൽനിന്ന് അഞ്ച് ജയം, രണ്ടു സമനില, ഒരു തോൽവി ഉൾപ്പെടെ 17 പോയന്‍റാണ് മഞ്ഞപ്പടക്ക്.
എന്നാൽ, സീസണിൽ ഇതുവരെ തോൽവിയറിയാതെയാണ് ഗോവയുടെ കുതിപ്പ്. ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ച് 16 പോയന്‍റ്. ബംഗളൂരുവിനോട് ഗോൾരഹിത സമനില വഴങ്ങി. മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനാണ് ഗോവൻ പ്രതിരോധത്തിന്റെ ചുമതല. ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തുകയാണ് ഗോവയുടെ ലക്ഷ്യം. 2017നു ശേഷം ബ്ലാസ്റ്റേഴ്സിന് ഗോവയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.