കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇടവേളക്കു പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഒപ്പത്തിനൊപ്പം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. മത്സരത്തിന്‍റെ 45ാം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് വാങ്ങി ജീക്സൺ സിങ് പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരിലേക്ക് ചുരുങ്ങി.
കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ 23ാം മിനിറ്റിൽ ഫെദോർ സിർനിച്ചിലൂടെ മഞ്ഞപ്പടയാണ് ആദ്യം ലീഡെടുത്തത്. ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള താരത്തിന്‍റെ വലങ്കാൽ ഷോട്ടാണ് ഗോളിലെത്തിയത്. ഇടവേളക്കു പിരിയാൻ നിൽക്കെയാണ് ജീക്സൺ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകുന്നത്. പിന്നാലെ ബംഗാളിന് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. ഇൻജുറി ടൈമിൽ (45+5) ബോക്സിനുള്ളിൽ ബംഗാൾ താരം വിഷ്ണു പൂത്തിയയെ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ കരൺജിത്ത് സിങ് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
കിക്കെടുത്ത സോൾ ക്രെസ്പോ പന്ത് അനായാസം വലയിലാക്കി. പ്ലേ ഓഫ് റൗണ്ടിൽ പ്രവേശിച്ച കേരള ബ്ലാസ്റ്റേഴ്സ് നില മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ടാണ് സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. ഇനിയുള്ളത് രണ്ടു എവേ മത്സരങ്ങളാണ്. നാലാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യാനായാൽ നോക്കൗട്ടിൽ ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കും. 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്‌റ്റേഴ്‌സ്. ഇതടക്കം മൂന്നു മത്സരങ്ങളും ജയിച്ചാല്‍ പരമാവധി 39 പോയന്റ് നേടാം. 21 പോയന്റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്.സി ചൊവ്വാഴ്ച ഒഡിഷ എഫ്.സിയോട് തോറ്റതാണ് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായത്.
ആദ്യ ആറ് സ്ഥാനക്കാർക്ക് നോക്കൗട്ട് പ്രവേശനമുണ്ട്. ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനമെങ്കിലും ഉറപ്പാണ്. ടേബിളിലെ ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമി ഫൈനലിൽ എത്തും. മൂന്ന് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ ഒറ്റപ്പാദ നോക്കൗട്ട് മത്സരം കളിച്ച് സെമി യോഗ്യത നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.