കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ തുടർച്ചയായ അഞ്ചാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുന്നു. ബംഗളൂരു എഫ്.സിയാണ് ഇവാൻ വുകോമാനോവിചിന്റെ ടീമിന്റെ എതിരാളികൾ. എട്ടു മത്സരങ്ങളിൽ 15 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്. ബംഗളൂരുവിന് ഏഴു പോയന്റും.
സീസണിലെ ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപിച്ചശേഷം തുടരെ മൂന്നു മത്സരങ്ങൾ തോറ്റ് പിൻനിരയിലായിരുന്നു ബ്ലാസ്റ്റേഴ്സ്. എ.ടി.കെ മോഹൻ ബഗാനോടും മുംബൈ സിറ്റിയോടും ഒഡിഷ എഫ്.സിയോടുമാണ് തോറ്റത്. എന്നാൽ, പിന്നീടുള്ള മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയും എഫ്.സി ഗോവയെയും ഹൈദരാബാദ് എഫ്.സിയെയും ജാംഷഡ്പുർ എഫ്.സിയെയും തോൽപിച്ചു.
ആദ്യ കളികളിൽ നിറംമങ്ങിയ സ്ട്രൈക്കർ ദിമിത്രിയോസ് ഡിയാമന്റകോസ് സ്കോർ ചെയ്തുതുടങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസമാവുന്നത്. ആദ്യ നാലു മത്സരങ്ങളിലും സ്കോർ ചെയ്യാനാവാതിരുന്ന ഗ്രീസ് താരം പിന്നീടുള്ള നാലു കളികളിലും ഗോൾ നേടി. ഹൈദരാബാദിനും ജാംഷഡ്പുരിനുമെതിരെ നേടിയ 1-0 വിജയങ്ങളിലെ സ്കോറർ ഈ 29കാരനായിരുന്നു.
സീസണിൽ ഒട്ടും ഫോമിലല്ലാത്ത ബംഗളൂരു എട്ടു കളികളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ഒരു സമനിലയും അഞ്ച് തോൽവിയുമാണ് അക്കൗണ്ടിൽ. സൂപ്പർ താരം സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖർ അമ്പേ നിറംമങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.