ബംഗളൂരു: കഴിഞ്ഞ ദിവസം ജാംഷഡ്പുരിനോട് തോറ്റ ഒഡിഷ എഫ്.സി നൽകിയ ലൈഫ്ലൈൻ ഉപയോഗപ്പെടുത്താൻ എഫ്.സി ഗോവക്കായില്ല. ജയിച്ചാൽ മുന്നേറാമായിരുന്ന കളിയിൽ ബംഗളൂരു എഫ്.സിയോട് 3-1ന് തോറ്റ ഗോവ ഐ.എസ്.എല്ലിൽ പ്ലേഓഫ് കാണാതെ പുറത്തായി.
ഇതോടെ ജീവശ്വാസം കിട്ടിയ ഒഡിഷ 30 പോയന്റുമായി അവസാനത്തെ പ്ലേഓഫ് സ്ഥാനം കരസ്ഥമാക്കി. ഏഴാം സ്ഥാനക്കാരായാണ് ഗോവയുടെ (27) മടക്കം. ബംഗളൂരുവിനായി ശിവശക്തി നാരായണൻ രണ്ടു ഗോൾ സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ പാബ്ലോ പെരസിന്റെ ബൂട്ടിൽനിന്നായിരുന്നു. ഐകർ ഗ്വറോച്ചേനയാണ് ഗോവയുടെ ആശ്വാസ ഗോൾ നേടിയത്. മുംബൈ എഫ്.സിയും (46) ഹൈദരാബാദ് എഫ്.സിയും (39) ഒന്നും രണ്ടും സ്ഥാനക്കാരായി നേരിട്ട് സെമിയിലെത്തിയിട്ടുണ്ട്.
ബംഗളൂരു എഫ്.സിയും (34) എ.ടി.കെ മോഹൻ ബഗാനും (31) കേരള ബ്ലാസ്റ്റേഴ്സുമാണ് (31) നിലവിൽ മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാരായി പ്ലേഓഫിൽ കയറിയ മറ്റു ടീമുകൾ. ബംഗളൂരുവിന്റെ കളികൾ പൂർത്തിയായി. എ.ടി.കെക്കും ബ്ലാസ്റ്റേഴ്സിനും ഓരോ കളികൂടി ബാക്കിയുണ്ട്. നാല്, അഞ്ച് സ്ഥാനക്കാർ തമ്മിലും മൂന്ന്, ആറ് സ്ഥാനക്കാർ തമ്മിലുമാണ് ഏക പാദ പ്ലേഓഫുകൾ കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.