പുതിയ കോച്ചും വിദേശ താരങ്ങളുമെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് തന്നെയാണെന്ന് തോന്നിക്കുന്നതായിരുന്നു ഐ.എസ്.എല്ലിൽ ആദ്യ മത്സരങ്ങളിലെ ക്ലബിെൻറ പ്രകടനം. കളിയിൽ ചെറിയ മാറ്റമൊക്കെയുണ്ടായിരുന്നെങ്കിലും ഗോൾ വഴങ്ങുന്നതിലെ ധാരാളിത്തം ആദ്യ മത്സരത്തിൽ തെളിഞ്ഞുകണ്ടു. ഗോൾ നേടുന്നതിലെ പിശുക്ക് പിന്നീടുള്ള കളികളിൽ മുഴച്ചുനിന്നു. ഈ രണ്ടു കുറവുകളും നികത്തുന്നതായിരുന്നു ഒഡിഷ എഫ്.സിക്കെതിരായ മത്സരം.
ഗോൾ വഴങ്ങാതിരുന്നതിനൊപ്പം ആവശ്യഘട്ടങ്ങളിൽ സ്കോർ ചെയ്യുകയും ചെയ്ത ടീം ആരാധകരുടെ മനസ്സിലേക്കു കൂടിയാണ് ഗോളടിച്ചുകയറിയത്. ടീമിെൻറ മുഖ്യ സ്ട്രൈക്കറായ സ്പെയിൻകാരൻ അൽവാരോ വാസ്ക്വസ് ഗാർഷ്യ ആദ്യമായി ലക്ഷ്യംകണ്ടതും കുറച്ചുകാലമായി ടീമിലുള്ള മലയാളി താരം കെ. പ്രശാന്ത് മോഹൻ കന്നി ഗോൾ നേടിയതുമെല്ലാം ടീമിന് ഊർജ്ജമായി.
ആദ്യ രണ്ടു മത്സരങ്ങളിലായി ഒമ്പതു ഗോളുകൾ അടിച്ചുകൂട്ടിയ ഒഡിഷയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് ഫുൾമാർക്ക് നൽകണം. ആദ്യ കളിയിൽ ഏറെ വിള്ളലുണ്ടായ പ്രതിരോധ മധ്യത്തിൽ മാർകോ ലെസ്കോവിചിന് കൂട്ടായി എനെസ് സിപോവിച് എത്തിയതോടെ ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. വിങ്ങുകളിൽ നായകൻ ജെസൽ കർണെയ്റോയും ഹർമൻജോത് ഖബ്രയും ഭേദപ്പെട്ട രീതിയിൽ കളിക്കുന്നതും ടീമിന് മുതൽകൂട്ടാണ്.
മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ഉറുഗ്വായ്ക്കാരൻ അഡ്രിയൻ ലൂനയുടെ മികവും ടീമിെൻറ പ്രകടനത്തിൽ നിർണായകമായി. ഒഡിഷക്കെതിരായ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് ലൂനയുടെ പാസുകളായിരുന്നു. പിന്തുണയുമായി സഹൽ അബ്ദുസ്സമദും നന്നായി കളിച്ചുതുടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നേട്ടമാണ്.
ഹോൾഡിങ് മിഡ്ഫീൽഡർമാരായി ജിക്സൺ സിങ്ങും പുയിറ്റയും പ്രതിരോധത്തിനും മുൻനിരക്കുമിടയിലെ പാലമാവുന്നു. കഴിഞ്ഞ സീസണിൽ ക്ലബിെൻറ മികച്ച താരമായിരുന്ന അതിവേഗ വിംഗർ കെ.പി. രാഹുലിെൻറ പരിക്ക് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാവേണ്ടതായിരുന്നു. എന്നാൽ, പകരം കളിക്കുന്ന വിൻസി ബാരെറ്റോയും പ്രശാന്തും ആ വിടവ് നികത്തുന്ന രീതിയിൽ പന്തുതട്ടുന്നുണ്ട്.
പുതിയ പരിശീലകൻ ഇവാൻ വുകാമാനോവിചിെൻറ തന്ത്രങ്ങൾ ടീം കളത്തിൽ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു എന്നിടത്താണ് ബ്ലാസ്റ്റേഴ്സിെൻറ മികവ് പുറത്തേക്കുവരുന്നത്. ഇനി അത് നിലനിർത്തുകയാണ് ആവശ്യം. അടുത്ത കളിയിൽ വരുന്ന ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുമ്പോൾ വിജയത്തുടർച്ച മാത്രമായിരിക്കും ടീമിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.