ഐ.എസ്.എൽ പോരിനിന്ന് കിക്കോഫ്

ഇന്ത്യൻ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഒമ്പതാമത് സീസണിന് വെള്ളിയാഴ്ച തുടക്കമാവും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും കൊൽക്കത്ത ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തോടെയാണ് കിക്കോഫ്.

കോവിഡ് കാലത്തെ കാണികളില്ലാത്ത കളികൾക്കുശേഷം ആരാധകരുടെ ആർപ്പുവിളികളുടെ നടുവിലാണ് കളിപ്പൂരമെന്നതാണ് ഇത്തവണത്തെ സവിശേഷത. ഫോർമാറ്റിൽ ചെറിയ മാറ്റവുമായാണ് ഇത്തവണ ഐ.എസ്.എല്ലിന് പന്തുരുളുന്നത്.

ലീഗ് റൗണ്ട് കഴിയുമ്പോൾ മുന്നിലെത്തുന്ന രണ്ടു ടീമുകൾ സെമിയിലേക്കു കടക്കും. മൂന്നു മുതൽ ആറു വരെ സ്ഥാനത്തെത്തുന്ന ടീമുകളിൽനിന്ന് ഒറ്റപ്പാദ പ്ലേഓഫിലൂടെ രണ്ടു ടീമുകൾകൂടി അവസാന നാലിൽ ഇടംപിടിക്കും.

കഴിഞ്ഞതവണ അങ്കംവെട്ടിയ 11 ടീമുകൾതന്നെയാണ് ഈ സീസണിലും കളത്തിൽ. ബ്ലാസ്റ്റേഴ്സിനെയും ഈസ്റ്റ് ബംഗാളിനെയും കൂടാതെ ഹൈദരാബാദ് എഫ്.സി, എ.ടി.കെ മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, എഫ്.സി ഗോവ, മുംബൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ജാംഷഡ്പുർ എഫ്.സി, ഒഡിഷ എഫ്.സി എന്നിവരാണ് പോരിനിറങ്ങുക.

ആരാധകക്കൂട്ടത്തിന് മുന്നില്‍ കളിക്കുമ്പോള്‍ സമ്മര്‍ദമില്ല -വുകോമാനോവിച്

വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ആരാധകർക്ക് മുന്നില്‍ കളിക്കാനിറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകൻ ഇവാന്‍ വുകോമാനോവിച്. ടീമിന്റെ പ്രീസീസണ്‍ പ്രകടനത്തിലും ഒരുക്കങ്ങളിലും സംതൃപ്തനാണ്.

കഴിഞ്ഞതവണ വരണ്ട തുടക്കമായിരുന്നു. ഫൈനലിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതാണ് ഐ.എസ്.എല്ലിന്റെ ഭംഗി. ആര്‍ക്കും ആരെയും തോല്‍പിക്കാനാവും. ഈ സീസണിലും അങ്ങനെതന്നെയാണ് പ്രതീക്ഷിക്കുന്നത്.

തിരിച്ചടികളും അപ്രതീക്ഷിത വിജയങ്ങളും ലീഗില്‍ കാണാനാവും.സ്‌ക്വാഡിലെ 28 അംഗങ്ങളും സജ്ജരാണ്. ആര്‍ക്കും പരിക്കില്ല. വലിയ ആരാധക കൂട്ടത്തിന് മുന്നില്‍ കളിക്കുമ്പോള്‍ അധിക സമ്മര്‍ദമില്ല. റഫറിയിങ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടി ഈ സീസണില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ മികച്ച ടീമാണ്, മികച്ച എതിരാളികളുമാണ്. മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും വുകോമാനോവിച് പറഞ്ഞു.

തോല്‍ക്കാന്‍വേണ്ടിയല്ല കളിക്കുന്നത് -കോണ്‍സ്റ്റന്റൈന്‍

എല്ലാ മത്സരങ്ങളും ജയിക്കാനാണ് ശ്രമമെന്ന് ഈസ്റ്റ് ബംഗാളിന്‍റെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനല്ല ഞാന്‍ ഈസ്റ്റ് ബംഗാളിലെത്തിയത്. ടീമിന് മികച്ചനേട്ടം സ്വന്തമാക്കാൻ വേണ്ടതെല്ലാം ചെയ്യും.

കഴിഞ്ഞ സീസണുകളിൽ സംഭവിച്ചതിലൊന്നും ചെയ്യാനാവില്ല. എന്നാൽ, ഇനിയുള്ള കാര്യങ്ങള്‍ എനിക്ക് മാറ്റാനാവും. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ടീമായി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞാന്‍ എത്തുമ്പോള്‍ 12 കളിക്കാര്‍ മാത്രമാണുണ്ടായിരുന്നത്.

ഇപ്പോള്‍ 27 താരങ്ങള്‍ സ്‌ക്വാഡിലുണ്ട്. ഏത് ടീമിനെയുംപോലെ മികച്ച തുടക്കമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബ്ലാസ്‌റ്റേഴ്സിനെതിരായ മത്സരത്തില്‍ മാത്രമാണ് ഞാന്‍ ഇപ്പോൾ ശ്രദ്ധ. മൂന്ന് പോയന്റ് നേടാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ കാണികളെ നിശ്ശബ്ദരാക്കാന്‍ കഴിയുമെന്നും കരുതുന്നു -കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

Tags:    
News Summary - ISL Match start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.