മുംബൈ: സ്വന്തം തട്ടകത്തിൽ സമാനതകളില്ലാത്ത തോൽവിയുമായി നാട്ടുകാർക്ക് മുന്നിൽ നാണംകെട്ട് ബംഗളൂരു. കരുത്തരായ മുംബൈ ടീമിനു മുന്നിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ആതിഥേയ വീഴ്ച.
കളിയുടെ 11ാം മിനിറ്റിൽ ഗോളടിമേളത്തിന് തുടക്കമിട്ട മുംബൈക്കാർ കൃത്യമായ ഇടവേളകളിൽ എതിർവല നിറച്ച് ബംഗളൂരു തിരിച്ചുവരവിന്റെ എല്ലാ സാധ്യതകളും അടച്ചുകളഞ്ഞു. അബ്ദുൽനാസർ അൽഖയാലിയാണ് ആദ്യ ഗോൾ കുറിച്ചത്. 30ാം മിനിറ്റിൽ ആകാശ് മിശ്ര കൂടി സ്കോർ ചെയ്തു. മുംബൈ രണ്ടു ഗോൾ ലീഡുമായി ഇടവേളക്കു പിരിഞ്ഞ കളിയിൽ ജോർജ് പെരേര ഡയസ്, ലാലൻസുവാല ചാങ്തെ എന്നിവർ രണ്ടാം പകുതിയിൽ പട്ടിക പൂർത്തിയാക്കി.
കളിയിലും അവസരങ്ങളിലും ഏകദേശം ഒപ്പമെന്നു തോന്നിച്ചെങ്കിലും ലക്ഷ്യം കാണുന്നതിലെ വൻപരാജയം ബംഗളൂരുവിന് ദുരന്തമാകുകയായിരുന്നു. ഗോവയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതും മോഹൻ ബഗാൻ മൂന്നാമതുമാണ്. മുംബൈ നാലാം സ്ഥാനത്തും ബംഗളൂരു ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.