റോം: ഇറ്റാലിയൻ ഫുട്ബാളിലെ കിടയറ്റ സ്ട്രൈക്കർമാരിലൊരാളായിരുന്ന ജിയാൻലുക വിയാലി (58) അന്തരിച്ചു. 2017ൽ ബാധിച്ച പാൻക്രിയാസ് കാൻസർ ഭേദമായിരുന്നെങ്കിലും 2021ൽ വീണ്ടും അസുഖം പിടികൂടുകയായിരുന്നു. ആരോഗ്യം വഷളായതോടെ ഇറ്റാലിയൻ ഫുട്ബാളിന്റെ ചീഫ് ഡെലഗേഷൻ സ്ഥാനം രാജിവെക്കുന്നതയായി ഡിസംബർ മധ്യത്തിൽ വിയാലി പ്രഖ്യാപിച്ചിരുന്നു. മുൻ ടീമംഗവും അടുത്ത സുഹൃത്തുമായ റോബർട്ടോ മാൻസീനി ദേശീയ കോച്ചും വിയാലി ചീഫ് ഡെലഗേഷനുമായിരിക്കെയാണ് ഇറ്റലി 2021ൽ യൂറോ ചാമ്പ്യന്മാരായത്. ‘ഗമേലി ഡെൽ ഗോൾ’ (ഗോൾ ഇരട്ടകൾ) എന്ന വിളിപ്പേരുള്ള ഇരുവരും ചേർന്നാണ് 1990ൽ സാംപ്ദോറിയയുടെ ഏക കപ്പ് വിന്നേഴ്സ് കപ്പും 1991ൽ ടീമിന്റെ ഏക സീരീ എ കിരീടവും നേടിക്കൊടുത്തത്. ഇരുവരും ചേർന്ന് 1992ൽ സാംപ്ദോറിയയെ യൂറോപ്യൻ കപ്പ് ഫൈനലിലുമെത്തിച്ചു. ‘എനിക്ക് സഹോദരനെയാണ് നഷ്ടമായത്’ -വിയാലിയുടെ മരണവിവരമറിഞ്ഞപ്പോൾ മാൻസീനി പറഞ്ഞു.
സാംപ്ദോറിയയിൽനിന്ന് യുവന്റസിലെത്തിയ വിയാലി ക്ലബിനൊപ്പം ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും യുവേഫ കപ്പും സ്വന്തമാക്കി. പിന്നീട് ചെൽസിക്കായും പന്തുതട്ടി. ചെൽസിയെ പരിശീലിപ്പിക്കുകയും ചെയ്ത വിയാലി പിന്നീട് വാറ്റ്ഫോഡിന്റെയും കോച്ചായി.
ഇറ്റലിക്കായി 1985-1992 കാലത്ത് 59 മത്സരങ്ങളിൽ 16 ഗോൾ നേടിയിട്ടുണ്ട്. 1990ൽ ഇറ്റലി ആതിഥ്യം വഹിച്ച ലോകകപ്പിൽ ടീമിന്റെ പ്രധാന സ്ട്രൈക്കറായിരുന്നെങ്കിലും ഫോമിലല്ലാതിരുന്നതോടെ സാൽവറ്റോർ ഷില്ലാച്ചിക്കും റോബർട്ടോ ബാജിയോക്കും വഴിമാറിക്കൊടുക്കേണ്ടിവന്നു. ക്ലബ് തലത്തിൽ മികച്ച ഫോമിൽ കളിക്കുമ്പോൾതന്നെ ദേശീയ ടീം കോച്ച് അരീഗോ സാച്ചിയുമായി കൊമ്പുകോർത്ത വിയാലി 1992ൽ 28ാം വയസ്സിൽതന്നെ ഇറ്റലിക്കുപ്പായം അഴിച്ചുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.