ബെർലിൻ: കളിയിലെന്ന പോലെ ഗോളിലും അതിവേഗം കണ്ട ഗ്രൂപ് ബി മത്സരത്തിൽ ജയം പിടിച്ച് അസൂറിപ്പട. കാൽമണിക്കൂറിനകം മൂന്നു ഗോളുകൾ പിറന്ന കളിയിൽ 2-1നായിരുന്നു അൽബേനിയയെ ടീം മറികടന്നത്. പോരാട്ടം ചാമ്പ്യൻ ടീമിനെതിരെയായതിന്റെ കടുപ്പം ബൂട്ടുകളിൽ നിറച്ച് ഡോർട്മുണ്ട് മൈതാനത്തിറങ്ങിയ അൽബേനിയ ആദ്യ മിനിറ്റിൽ വല കുലുക്കിയായിരുന്നു തുടക്കം.
ഇറ്റാലിയൻ പിൻനിരക്ക് പറ്റിയ പിഴവ് വലിയ അവസരമാക്കി നദീം ബജ്റാമിയാണ് ടീമിനെ മുന്നിലെത്തിച്ചത്. ഊർജം തിരിച്ചുപിടിച്ച ഇറ്റലി 10 മിനിറ്റിനകം ഗോൾ മടക്കി. അലിസാൻഡ്രോ ബസ്തോനിയുടെ വകയായിരുന്നു ഗോൾ. അഞ്ചു മിനിറ്റിനകം അൽബേനിയൻ വലക്കണ്ണികൾ വീണ്ടും വിറകൊണ്ടു. ബറേലയുടെ മനോഹര വോളിയിലായിരുന്നു അസൂറികൾ ലീഡെടുത്ത ഗോൾ.
കഴിഞ്ഞ ദിവസം നടന്ന മറ്റ് രണ്ട് മത്സരങ്ങളിൽ സ്പെയിൻ ക്രൊയേഷ്യയേയും സ്വിറ്റ്സർലൻഡ് ഹംഗറിയേയും തോൽപ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സ്പെയിൻ ക്രൊയേഷ്യയെ തകർത്തുവിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹംഗറിക്കെതിരായ സ്വിറ്റ്സർലാൻഡിന്റെ വിജയം.
ഇന്ന് നടക്കുന്ന മത്സരങ്ങളിൽ റുമേനിയ യുക്രെയ്നേയും സ്ലോവേനിയ ഡെന്മാർക്കിനേയും നേരിടും. കരുത്തരായ ഇംഗ്ലണ്ടും ഇന്ന് കളത്തിലിറങ്ങും സെർബിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.