ഒളിമ്പിക്സ് വനിത ഫുട്ബാളിൽ കരുത്തരായ ബ്രസീലിന് തോൽവി. ജപ്പാനാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീലിനെ കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലായിരുന്നു ജപ്പാന്റെ ജയം. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ജപ്പാനും ബ്രസീലിനും തുല്യ പോയിന്റാണ് ഉള്ളത്. മൂന്ന് പോയിന്റുകളുമായി ജപ്പാനും ബ്രസീലും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.
56ാം മിനിറ്റിൽ ജെനിഫെറിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ നേടിയ രണ്ട് ഗോളുകളിലൂടെ ജപ്പാൻ ബ്രസീലിനെ കീഴടക്കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ കുമഗായി സാകി പെനാൽറ്റിയിലൂടെയാണ് ജപ്പാന്റെ സമനില ഗോൾ നേടിയത്.
പെനാൽറ്റിയിലൂടെ ഗോൾ വന്നതിന് പിന്നാലെ ജപ്പാൻ രണ്ടാമതും ബ്രസീൽ പോസ്റ്റിൽ നിറയൊഴിച്ചു. തനികാവ മൊമോക്കോയുടെ വകയായിരുന്നു ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും ജപ്പാന് പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിലും അവർ പാഴാക്കി.
കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളിൽ സ്പെയിൻ നൈജീരിയയേയും കൊളംബിയ ന്യൂസിലാൻഡിനേയും തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കൊളംബിയ ന്യൂസിലാൻഡിനെ മറികടന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.