മഷറാനോ: അതിജീവനങ്ങളുടെ പാഠപുസ്​തകം

'കെമാതിയന്‍ സിയോറാങ് പെമെയ്ന്‍ സെപക്ബോല' (ഒരു ഫുട്ബാളറുടെ മരണം) ഇന്തോനേഷ്യന്‍ എഴുത്തുകാരന്‍ സെനോ ഗുമീറ അജിദര്‍മയുടെ ചെറുകഥയാണ്. സൊബ്റത് എന്ന കളിക്കാരന്‍െറ കഥയാണ് 'ഡെത്ത്​ ഓഫ് എ ഫുട്ബാളര്‍' പറയുന്നത്. ഇന്തോനേഷ്യന്‍ ഫുട്ബാള്‍ ലീഗില്‍ കിരീടനേട്ടത്തിലത്തെുന്ന ക്ലബിലെ ഒരു മുന്നണിപ്പോരാളിയുടെ കഥ. നാട്ടില്‍ അലസതയും പ്രതിഭാ ദാരിദ്ര്യവും ചൂഴ്ന്നുനിന്ന യുവതയുടെ പ്രതീകമായിരുന്നു സൊബ്റത്.

ഫുട്ബാള്‍ കളിക്കാന്‍ ആശിച്ചുനടന്നിരുന്ന അയാളെ കളിയില്‍നിന്ന് അമ്മ നിരന്തരം വിലക്കിക്കൊണ്ടിരുന്നു. കളിക്കാന്‍ ചെന്ന ക്ലബുകളുടെ പരിശീലകരിലേറെയും മറ്റെന്തെങ്കിലും പണിക്ക് പോയ്ക്കൊള്ളാന്‍ സൊബ്റതിനോട് എല്ലായ്പോഴും ഉപദേശിച്ചു. എന്നിട്ടും കളിയില്‍ കടിച്ചുതൂങ്ങിയ അയാളെ ടീമിനൊപ്പം പരിശീലിക്കാന്‍ അനുവദിക്കുന്നതിന് കോച്ച് കുറേ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ക്ലബ്​ റൂമുകള്‍ അടിച്ചുവൃത്തിയാക്കാമെന്നും പ്രാക്ടീസിനുശേഷം മറ്റു താരങ്ങള്‍ക്ക് മസാജ് ചെയ്തു കൊടുക്കാമെന്നുമൊക്കെയുള്ള ആ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതിനാല്‍ ജോങ്രിങ് സലാക ടീമിനൊപ്പം സൊബ്റത് പേരിനൊരു സാന്നിധ്യമായി. ടീമിലെ മൂന്നാം നമ്പര്‍ ഗോളിയായാണ് സൊബ്റതിന്‍െറ പേര് അവര്‍ എഴുതിച്ചേര്‍ത്തത്.

ടീമിലെ സ്ട്രൈക്കര്‍മാര്‍ മിക്കവരും പരിക്കിന്‍െറ പിടിയിലകപ്പെട്ടതിനെ തുടര്‍ന്ന് സീസണിലെ ആദ്യഘട്ടത്തിലെ ഒരു മത്സരത്തില്‍, മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ സൊബ്റതിനെ മുന്‍നിരയില്‍ കളത്തിലിറക്കാന്‍ കോച്ച് നിര്‍ബന്ധിതനായി. അദ്ഭുതങ്ങളുടെ തുടക്കമായിരുന്നു അത്. സ്ട്രൈക്കറെന്ന നിലയില്‍ സൊബ്റത് അതിശയങ്ങളുടെ ചെപ്പുതുറക്കാന്‍ തുടങ്ങി. നിരന്തരം എതിര്‍വല കുലുക്കിയ അയാള്‍, സലാകയെ പോയന്‍റ്​ ടേബിളിന്‍െറ തലപ്പത്തേക്ക് എടുത്തുയര്‍ത്തി. നാടറിയുന്ന ഫുട്ബാള്‍ താരമാവുകയെന്ന അയാളുടെ സ്വപ്നങ്ങള്‍ നിറങ്ങളോടെ പൂത്തുവിടര്‍ന്നു. വാതുവെപ്പുകാര്‍ പണത്തിന്‍െറ കൂമ്പാരവുമായി പ്രലോഭിപ്പിച്ചിട്ടും കളിയോടുള്ള അര്‍പ്പണബോധത്തിലും വലുതല്ല മറ്റൊന്നുമെന്ന് സൊബ്റത് അവര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കി.

ഒടുവില്‍ സീസണിലെ അവസാന മത്സരം. ജയിച്ചാല്‍ ടീമിന് ലീഗ് കിരീടം. സെനായാന്‍ സ്റ്റേഡിയത്തിലെ മൈതാനമധ്യത്തുനില്‍ക്കുമ്പോള്‍ താനടിക്കാന്‍ പോകുന്ന വിജയഗോള്‍ അയാളുടെ മനസ്സകങ്ങളില്‍ പ്രതീക്ഷകളുടെ വല കുലുക്കിക്കൊണ്ടേയിരുന്നു. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ ഇഞ്ചുറി ടൈമിന്‍െറ അവസാന നാഴികയില്‍ അത് യാഥാര്‍ഥ്യമായി. സൊബ്റതിന്‍െറ ഷോട്ട് വല കുലുക്കിയതോടെ സലാകയുടെ സ്വപ്നതുല്യമായ പടയോട്ടം കിരീടത്തില്‍തൊട്ടുനിന്നു. സീസണില്‍ സൊബ്റതിന്‍െറ 17ാം ഗോളായിരുന്നു അത്. ആ ഫിനിഷിങ്ങോടെ അയാള്‍ ലീഗിലെ ടോപ്സ്കോററുമായി. ആ ഗോളിനൊപ്പമെന്നപോലെ കളി പെയ്തു തീരുമ്പോള്‍ ഗ്രൗണ്ടില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയാണ് സൊബ്റത്. വികാരത്തള്ളിച്ചയിലെ അയാളുടെ ആഘോഷനിമിഷങ്ങളാണതെന്ന് കാണികള്‍ കരുതി. കോച്ചിന്‍െറ നിര്‍ത്താതെയുള്ള കരച്ചില്‍ പക്ഷേ, ആഹ്ളാദങ്ങളുടെ മുനയൊടിച്ചു. സൊബ്റത് മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞതോടെ സെനായാന്‍ സ്റ്റേഡിയം മൂകതയിലാണ്ടു. കളിയില്‍ ആ മരണം സൃഷ്ടിച്ച ശൂന്യതയുടെ ആഴം അത്രയേറെയായിരുന്നു.

*********

ഈ കഥ പറഞ്ഞത് മറ്റു ചിലതു പറയാനാണ്. പകരക്കാരന്‍െറ കുപ്പായമിട്ട് സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചുകളില്‍ കാലം ചെലവിടുന്നവരുടെ മനോവ്യാപാരങ്ങളുണ്ട് ഈ മരണക്കഥയില്‍. ചില നേരങ്ങളില്‍ നിനച്ചിരിക്കാതെ വരുന്ന അവസരങ്ങളില്‍ കയറിപ്പിടിച്ച് സൊബ്റതിനെപ്പോലെ വാഴ്ത്തുമൊഴികളിലേക്ക് കയറിപ്പോകുന്നവരുമുണ്ട്. അതിലുപരി കളിച്ചുപരിചയിക്കാത്ത പൊസിഷനുകളിലായാലും ഒന്നു കത്തിത്തെളിയാന്‍ കളത്തില്‍ ചങ്കു പറിച്ചുകൊടുത്തും ടീമിന് മുതല്‍ക്കൂട്ടാകുന്നവരുടെ കഥ കൂടിയാണ് സെനോ പറഞ്ഞുതരുന്നത്.


ഈ മൂന്നുകാര്യങ്ങളും പരിശോധിക്കുമ്പോള്‍ ഇതിനോടെല്ലാം ഒട്ടിനില്‍ക്കുന്ന ഒരു കളിക്കാരനുണ്ട് ആധുനിക ഫുട്ബാളില്‍. യാവിയര്‍ അലയാന്ദ്രോ മഷറാനോ എന്ന സാന്‍ലോറന്‍സോക്കാരന്‍. റിവര്‍പ്ളേറ്റിനും കൊറിന്ത്യന്‍സിനും ലിവര്‍പൂളിനും ബാഴ്സലോണക്കും ബൂട്ടുകെട്ടിയ അര്‍ജന്‍റീനക്കാരന്‍. തന്നില്‍നിന്ന് അകന്നുപോകുമെന്ന് കരുതിയ സൗഭാഗ്യങ്ങളെയെല്ലാം അനല്‍പമായ അര്‍പണബോധത്തിന്‍െറയും അതുല്യമായ അധ്വാനശേഷിയുടെയും ബലത്തില്‍ വീറോടെ തന്നില്‍ ചേര്‍ത്തുനിര്‍ത്തിയ മഷറാനോ ഫുട്ബാളിലെ വലിയൊരു പാഠപുസ്തകമാണിന്ന്. ഗോള്‍ നേടുന്നവര്‍ മാത്രം വീരയോദ്ധാക്കളായി വിശേഷിപ്പിക്കപ്പെടുന്ന കളിയരങ്ങളില്‍ മഷറാനോ വേറിട്ട ജനുസ്സാണ്. അയാളുടെ പകര്‍ന്നാട്ടങ്ങളുടെ വൈവിധ്യം സമീപകാലത്ത് അത്രയേറെ സങ്കീര്‍ണത നിറഞ്ഞതായിരുന്നു. ശാസ്ത്രീയ രീതികളാല്‍ അപഗ്രഥിച്ച് മെനയുന്ന അടിതടകളുടെ കാലത്ത് ആ കണക്കുകൂട്ടലുകളെയൊക്കെ അപാരമായ ആത്മവിശ്വാസത്താല്‍ അസ്ഥാനത്താക്കി കരുത്തുകാട്ടിയെന്നതു തന്നെയാണ് അയാളെ വേറിട്ടു നിര്‍ത്തിയത്.

നാട്ടിന്‍ പുറങ്ങളില്‍ നമ്മള്‍ കണ്ടു പരിചയിച്ച മുഖമാണയാള്‍ക്ക്. തെക്കനേമരിക്കക്കാരനാണെങ്കിലും ഒരു മലയാളിയുടെ മട്ടും ഭാവവുമാണ് ഒറ്റനോട്ടത്തില്‍ മഷറാനോയെ നമ്മളിലേക്കടുപ്പിക്കുന്നത്. അയാളുടെ മുഖച്ഛായയുള്ള ചിലരെ നിത്യജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്. വിട്ടുകൊടുക്കില്ലെന്നുള്ള മലയാളിയുടെ ട്രേഡ്മാര്‍ക്ക് ഭാവമാണ് മഷറാനോ കാര്യമായി അടയാളപ്പെടുത്തുന്നതെന്നത് യാദൃച്ഛികമാകാം. ശാന്തനാണെന്ന് പുറമേ തോന്നുമെങ്കിലും കളത്തില്‍ ചിലപ്പോഴൊക്കെ സെവന്‍സ് മൈതാനങ്ങളിലെ കൊസറാക്കൊള്ളിമാരെ മഷറാനോ അനുസ്മരിപ്പിക്കുന്നത് അതുകൊണ്ടാവണം. ആകാര സൗഷ്ഠവമില്ളെങ്കിലും ആര്‍ക്കുമുന്നിലും തലവണങ്ങാത്തൊരു തന്‍േറടിയുണ്ട് അയാളുടെയുള്ളില്‍.

***************


കഴിവുണ്ടായിട്ടും കരക്കിരിക്കേണ്ടിവരുന്നവരുടെ കഥയാണ് ഫുട്ബാളില്‍ ഏറ്റവും ദയനീയം. കളിയുടെ നഷ്ടബോധങ്ങളില്‍ അതിനു പകരം വെക്കാന്‍ ഒന്നുമുണ്ടായേക്കില്ല. ഒരു കിരീടം കൈവിട്ടുപോവുന്നവനെയും എക്കാലവും പകരക്കാരന്‍െറ കുപ്പായത്തില്‍ ഒതുങ്ങിപ്പോകുന്നവനെയും ഏതു തുലാസിലിട്ടാണ് താരതമ്യം ചെയ്യുക? വമ്പന്‍ ക്ലബുകളില്‍ വര്‍ഷങ്ങളോളം താരകുമാരന്മാരുടെ നിഴലില്‍ ഒതുങ്ങിപ്പോവേണ്ടി വരുന്നവര്‍ നഷ്ടമായ പ്ളേയിങ് ഇലവനെച്ചൊല്ലി വാര്‍ക്കുന്ന കണ്ണുനീര്‍ വിഷയമാകാതെ പോകുന്നത് ഫുട്ബാളിലെ വലിയൊരു നീതികേടാണ്. അങ്ങനെയൊരു നിയോഗമായിരുന്നു ബാഴ്സലോണയെന്ന വിഖ്യാത നിരയില്‍ മഷറാനോയെ കാത്തിരുന്നതും. സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, സെര്‍ജിയോ ബുസ്ക്വെസ്​റ്റ്​സ്​ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മധ്യനിരയില്‍ ആവശ്യമെങ്കില്‍ കളത്തിലിറക്കാന്‍ പറ്റുന്ന താരം എന്ന നിലയിലാണ് ലിവര്‍പൂളില്‍നിന്ന് 2010 ആഗസ്റ്റ് 28ന് നാലുവര്‍ഷത്തെ കരാറില്‍ ഈ ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ ബാഴ്സലോണയിലത്തെുന്നത്. 'എനിക്ക് അധികം കളിക്കാന്‍ അവസരം കിട്ടില്ലെന്നറിയാം, കാരണം ബുസ്ക്വെസ്​റ്റ്​ എന്നേക്കാള്‍ മികച്ചവനാണ്' -ബാഴ്സയിലത്തെിയപ്പോള്‍ അര്‍ജന്‍റീക്കാരന്‍െറ ആദ്യപ്രതികരണങ്ങളിലൊന്ന് ഇതായിരുന്നു. സെപ്റ്റംബര്‍ 11ന് ആദ്യ മത്സരത്തിനിറങ്ങിയതു മുതല്‍ സീസണിലെ പകുതിയിലധികം മത്സരങ്ങളിലും പ്രതീക്ഷിച്ചതുപോലെ പകരക്കാരന്‍െറ റോള്‍ തന്നെ.

സബ്സ്റ്റിറ്റ്യൂട്ട് താരമെന്ന ലേബലില്‍ കരിയര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ബാഴ്സലോണയുടെ സെന്‍ട്രല്‍ ഡിഫന്‍സില്‍ ചില പ്രശ്നങ്ങള്‍ രൂപപ്പെടുന്നത്. ഡീഗോ മിലിറ്റോയും ആന്‍ഡ്രൂ ഫോണ്ടെസും ക്ളബിന് പുറത്തേക്കുള്ള വഴിയിലായിരുന്നു. കാര്‍ലെസ് പുയോളിനും എറിക് അബിദാലിനും പരിക്കു പറ്റുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബുസ്ക്വെസ്​റ്റിനെ കോച്ച് പെപ് ഗ്വാര്‍ഡിയോള സെന്‍ട്രല്‍ ഡിഫന്‍സില്‍ വിന്യസിച്ചു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡറായി മഷറാനോയും. എന്നാല്‍, പിന്‍നിരയില്‍ ബുസ്ക്വെസ്​റ്റിന്‍െറ വേഗക്കുറവ് ടീമിന് പ്രശ്നം സൃഷ്ടിച്ചു. ഇതോടെ ഷാക്റ്റര്‍ ഡോണെസ്കിനെതിരായ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇരുവരുടെയും സ്ഥാനം വെച്ചുമാറാനായിരുന്നു കോച്ചിന്‍െറ തീരുമാനം. തൊട്ടുമുമ്പ് പ്രീ ക്വാര്‍ട്ടറില്‍ ആഴ്സനലിനെതിരെ കളിയുടെ അവസാന മിനിറ്റില്‍ നിക്ക്ളാസ് ബെന്‍ഡ്നറുടെ ഗോളെന്നുറച്ച നീക്കത്തെ അതിസുന്ദരമായൊരു ടാക്ക്ളിലൂടെ മുനയൊടിച്ച മഷറാനോയുടെ മനോധൈര്യത്തിനുള്ള അംഗീകാരവും കൂടിയായിരുന്നു അത്. ആ ടാക്ളിങ് ഇല്ലായിരുന്നുവെങ്കില്‍ ബാഴ്സയെ പിന്തള്ളി ആഴ്സനല്‍ ക്വാര്‍ട്ടറിലത്തെിയേനേ. ഷാക്റ്ററിനെതിരെ ആദ്യമായി മഷറാനോ ബാഴ്സയുടെ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കാനിറങ്ങി. 'അവന്‍െറ വേഗവും പരിചയവും പിന്‍നിരയില്‍ എനിക്കാവശ്യമുണ്ടായിരുന്നു.' -ഷാക്റ്ററിനെതിരെ 5-1ന് ജയിച്ച ശേഷം ഗ്വാര്‍ഡിയോള പറഞ്ഞു. പുയോളിന് വീണ്ടും പരിക്കേറ്റതോടെ സ്പാനിഷ് ലീഗിലെ അവസാന 15 ലീഗ് മത്സരങ്ങളില്‍ 13ലും സെന്‍ട്രല്‍ ഡിഫന്‍ഡറായി മഷറാനോ കളത്തിലുണ്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മഡ്രിഡിനേയും ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേയും തോല്‍പിച്ചപ്പോഴും പിന്നണിയില്‍ മഷറാനോ പടുകോട്ട കെട്ടി.


ബെന്‍ഡ്നറിനെതിരായ ആ ടാക്ക്ളാണ് ബാഴ്സയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെട്ടു. അതേക്കുറിച്ച് പിന്നീട് ഗാര്‍ഡിയന്‍ പത്രത്തിന്‍െറ ലേഖകന്‍ സിഡ് ലൗവിന് നല്‍കിയ അഭിമുഖത്തില്‍ മഷറാനോ പറഞ്ഞത് 'എന്‍െറ കരിയര്‍ ആ ടാക്ക്ളിന് മുമ്പും പിമ്പും എന്ന രീതിയില്‍ അടയാളപ്പെടുത്തപ്പെട്ടു' എന്നാണ്. ബാഴ്സലോണയില്‍ പരിശീലനം നടത്തിയിരുന്ന തുടക്കനാളുകളില്‍ തനിക്ക് ഇവിടെ അധികം കാലമില്ളെന്ന് തോന്നിയിരുന്നതായി മഷറാനോ പറഞ്ഞിരുന്നു. എന്നാല്‍, ആ ടാക്ളിങ് എല്ലാം അയാള്‍ക്കനുകൂലമായി മാറ്റിമറിച്ചു. അടുത്ത സീസണില്‍ പുതിയ ഡിഫന്‍ഡറെ ടീമിലെടുക്കാതിരുന്ന ഗ്വാര്‍ഡിയോളക്ക് അര്‍ജന്‍റീനക്കാരനില്‍ അത്രയേറെ വിശ്വാസം കൈവന്നിരുന്നു. 'ഒരു മിഡ്ഫീല്‍ഡറെയാണ് ലിവര്‍പൂളില്‍നിന്ന് ഞങ്ങള്‍ വാങ്ങിയത്. ലക്ഷണമൊത്തൊരു ഡിഫന്‍ഡറെ അതോടൊപ്പം ഞങ്ങള്‍ക്ക് സൗജന്യമായി കിട്ടി.'- ഗ്വാര്‍ഡിയോളയുടെ ശ്രദ്ധേയമായ പ്രതികരണമായിരുന്നു അത്്. ഈയിടെ ചൈനീസ്​ ക്ലബിലേക്ക് കൂടുമാറുംമുമ്പുവരെ വന്‍ തുകക്ക് അയാളുടെ കരാറുകള്‍ ബാഴ്സ പുതുക്കി നല്‍കിക്കൊണ്ടിരുന്നു. എട്ടു വര്‍ഷത്തോളം നീണ്ട സംഭവ ബഹുലമായ കരിയറില്‍ നാലു ലീഗ് കിരീടം, രണ്ടു ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ടു ക്ളബ് ലോകകപ്പ് നേട്ടങ്ങളില്‍ ബാഴ്സക്കൊപ്പം മഷറാനോ പങ്കാളിയായി.

****************

അടിസ്ഥാനപരമായി മിഡ്ഫീല്‍ഡറായിരുന്നിട്ടും സെന്‍ട്രല്‍ ഡിഫന്‍ഡറിലേക്കുള്ള വേഷപ്പകര്‍ച്ചയില്‍ വിജയം കൊയ്യാന്‍ മഷറാനോയെ തുണച്ചത് കഠിനാധ്വാനവും കളിയോടുള്ള പോസിറ്റീവ് സമീപനവുമാണ്. താന്‍ നില്‍ക്കുന്ന ഇടത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യം, തീരുമാനങ്ങളെടുക്കുന്നതിലുള്ള മിടുക്കും ടൈമിങ്ങും, എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂര്‍ ഗണിച്ചെടുക്കാനുള്ള മികവ്, തരിമ്പും വിട്ടുകൊടുക്കാതിരിക്കാനുള്ള ചങ്കൂറ്റം തുടങ്ങിയ പല ഗുണങ്ങളും മേളിച്ചപ്പോഴാണ് ടോപ് ക്ലാസ് ഗണത്തില്‍ മഷറാനോയുടെ പേരും ഉള്‍പ്പെട്ടത്. ഭീമാകാരന്മാരായ പ്രതിരോധ ഭടന്മാര്‍ക്കിടയില്‍ അഞ്ചടി ഏഴിഞ്ച് ഉയരവുമായാണ് ഈ ഗതിമാറ്റത്തിലേക്ക് മികവോടെ പന്തുതട്ടിയതെന്നോര്‍ക്കണം.


മിടുക്കനായ സെന്‍റര്‍ ബാക്ക് എന്ന പേരു നേടിയതിനൊപ്പം കളത്തില്‍ ഒന്നാന്തരം ലീഡറെന്ന വിശേഷണം കൂടിയുണ്ട് മഷറാനോക്ക്. എല്‍ ജെഫെസിറ്റോ (കൊച്ചു തലവന്‍) എന്ന വിളിപ്പേരു വന്നതുതന്നെ അങ്ങിനെയാണ്. 'മധ്യനിരയിലേതിനേക്കാള്‍ കോച്ച് എന്നെ പരിഗണിക്കുന്നത് സെന്‍റര്‍ ഹാഫിലാണ്. എന്‍െറ യഥാര്‍ഥ പൊസിഷന്‍ അതല്ല. അവിടെ എനിക്ക് കുറച്ചു പ്രശ്നങ്ങളുണ്ടെന്നുമറിയാം. കഴിവിന്‍െറ പരമാവധി മികവ് പുറത്തെടുക്കാനാണ് എന്‍െറ ശ്രമം. അത്രയേറെ ഉയരമുള്ള ആളല്ല ഞാന്‍. എന്നാല്‍, പ്രതിബദ്ധതയും ഏകാഗ്രതയും സമന്വയിപ്പിച്ച് ആ പരിമിതികളെ അതിജീവിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. നമ്മുടെ മുമ്പാകെയത്തെുന്ന അവസരങ്ങള്‍ മുതലെടുക്കുകയെന്നതാണ് പ്രധാനം' -ബാഴ്സയില്‍ മികച്ച ഫോമില്‍ പന്തുതട്ടിയ സമയത്ത് മഷറാനോയുടെ പ്രതികരണം ഇതായിരുന്നു.

*************

മഷറാനോ വീണ്ടും അദ്ഭുതപ്പെടുത്തുന്നത് അര്‍ജന്‍റീനയുടെ ദേശീയ ജഴ്സിയണിയുമ്പോഴാണ്. ബാഴ്സയുടെ സെന്‍ട്രല്‍ ഡിഫന്‍സില്‍ കുറ്റിയുറപ്പിച്ചു നില്‍ക്കുന്ന ആളല്ല ആകാശനീലിമയിലെ മാഷെ. അവിടെ മുന്നേറ്റം ചമയ്ക്കാനുള്ള ചുമതലയാണേറെയും. 2014 ലോകകപ്പില്‍ ഫൈനലിലേക്കുള്ള അര്‍ജന്‍റീനയുടെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് ഈ 33കാരന്‍ വഹിച്ചത്. ടൂര്‍ണമെന്‍റിന്‍െറ താരമായി മഷറാനോയെ ചൂണ്ടിക്കാട്ടിയവരുമുണ്ട്. ടീമംഗങ്ങളെ മുഴുവന്‍ പ്രചോദിപ്പിക്കാനും നയിക്കാനും കഴിയുന്ന മഷറാനോ ആംബാന്‍ഡില്ലാത്ത നായകനയിരുന്നു.


തെര്‍ലന്‍ഡ്സിനെതിരായ സെമിഫൈനലില്‍ ടൈബ്രേക്കറിനുമുമ്പ് 'ഒരു രാജ്യമുണ്ട് നിന്‍െറ പിറകില്‍. ഇന്ന് നീ ഹീറോ ആയി മാറും' എന്ന് അര്‍ജന്‍റീനാ ഗോളി സെര്‍ജിയോ റൊമേരോയുടെ കാതില്‍ മന്ത്രിച്ച് പ്രോത്സാഹിപ്പിച്ചത് ഉദാഹരണം. ജര്‍മനിക്കെതിരെ ഫൈനലിലേറ്റ തോല്‍വിക്കുശേഷം നിരാശയോടെ രാജ്യാന്തര ഫുട്ബാളില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും അര്‍ജന്‍റീന ഒന്നടങ്കം വിളിച്ചപ്പോള്‍ തീരുമാനം മാറ്റി തിരിച്ചത്തെി. 2020ൽ റഷ്യയിലും സ്വപ്​നം സാധിക്കാതെ വന്നപ്പോൾ വിടപറഞ്ഞുപോയി. അര്‍ജന്‍റീനയുടെ അഴകുറ്റ കളിയൊന്നുമല്ല മുന്നോട്ടുവെക്കുന്നതെങ്കിലും, നാടിന്‍െറ നിറമുള്ള ഓർമകളിൽ എന്നും മാഷേയുണ്ടാകും.

Tags:    
News Summary - Javier Mascherano life story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.