കൊച്ചി: സന്തോഷ് ട്രോഫിയിൽ ആദ്യമായി പന്തുതട്ടുന്ന 13 കളിക്കാരുമായി കേരള ടീം. മിഡ് ഫീൽഡർ ജിജോ ജോസഫ് നയിക്കുന്ന 22 അംഗ ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു. കൊച്ചി പനമ്പിള്ളി നഗർ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന ക്യാമ്പിലെ 30 അംഗ കളിക്കാരിൽനിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് നടക്കുന്ന ഗ്രൂപ് ബി ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.
കേരള ടീം: വി. മിഥുൻ, എസ്. ഹജ്മൽ (ഗോൾ കീപ്പർമാർ), ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, എ.പി. മുഹമ്മദ് സഹീഫ്, പി.ടി. മുഹമ്മദ് ബാസിത് (പ്രതിരോധം), കെ. മുഹമ്മദ് റാഷിദ്, ക്യാപ്റ്റൻ ജിജോ ജോസഫ്, അർജുൻ ജയരാജ്, പി. അഖിൽ, കെ. സൽമാൻ, എം. ആദർശ്, വി. ബുജൈർ, പി.എൻ. നൗഫൽ, നിജോ ഗിൽബർട്ട്, എൻ.എസ്. ഷിഗിൽ (മിഡ്ഫീൽഡ്), ടി.കെ. ജെസിൻ, എസ്. രാജേഷ്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് അജ്സൽ (ഫോർവേഡ്).
കളിക്കാരിൽ ഏഴുപേർ മലപ്പുറം ജില്ലക്കാരാണ്. കേരള യുനൈറ്റഡ് എഫ്.സി താരങ്ങളായ എട്ടുപേർ ടീമിലുണ്ട്. ബിനോ ജോർജാണ് മുഖ്യ കോച്ച്. അസി. കോച്ചായി ടി.ജി. പുരുഷോത്തമനും ഗോൾ കീപ്പർ ട്രെയിനറായി സജി ജോയിയും പ്രവർത്തിക്കുന്നു. മുഹമ്മദ് ഫിസിയോതെറപ്പിസ്റ്റും മിഡാക് ഡെൻറൽ സെൻറർ മാനേജർകൂടിയായ മുഹമ്മദ് സലീം ടീം മാനേജറുമാണ്. കെ.എഫ്.എ എക്സിക്യൂട്ടിവ് അംഗം വിനോജ് കെ. ജോർജ്, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം കോച്ച് പുരുഷോത്തമൻ, മുൻ അന്താരാഷ്ട്ര കളിക്കാരായ കെ.എം. അബ്ദുൽ നൗഷാദ്, കെ.വി. ധനേഷ് എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. രാംകോ സിമൻറ്സാണ് ടീമിെൻറ മുഖ്യ സ്പോൺസർ. കെ.എഫ്.എ കമേഴ്സ്യൽ മാർക്കറ്റിങ് പാർട്ണർമാരായ സ്കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡും കൂടെയുണ്ട്.
രാംകോ മാർക്കറ്റിങ് വൈസ് പ്രസിഡൻറ് രഞ്ജിത്ത് ജേക്കബ്, സീനിയർ ജനറൽ മാനേജർ രമേഷ് ഭരത്, സീനിയർ ഡി.ജി.എം മാർക്കറ്റിങ് ഗോപകുമാർ, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡൻറ് കെ.എം.ഐ. മേത്തർ, കെ.എഫ്.എ പ്രസിഡൻറ് ടോം ജോസ്, ജനറൽ സെക്രട്ടറി അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൊച്ചി: കോവിഡിെൻറ പ്രശ്നങ്ങൾക്കിടയിലും തീവ്രപരിശീലനമാണ് ടീം നേടിയതെന്നും ഇക്കുറി സന്തോഷ് ട്രോഫി കേരളം സ്വന്തമാക്കുമെന്നും കോച്ച് ബിനോ ജോർജ്. ഒരുമാസത്തിലേറെ പരിശീലനം നീണ്ടു. ഓരോ കളിക്കാരനും തെൻറ ഉത്തരവാദിത്തം അറിയാം. മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ടൂർണമെൻറ് നേടാനാകൂ. ആദ്യ ഒരാഴ്ച കോവിഡുമൂലം പരിശീലനം നേടാനായില്ലെങ്കിലും പിന്നീട് കാര്യങ്ങൾ ട്രാക്കിലായെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 19ന് കോഴിക്കോട് ദേവഗിരി കോളജിൽ തുടങ്ങിയ കോച്ചിങ് ക്യാമ്പിൽ 60 കളിക്കാർ പങ്കെടുത്തിരുന്നു. അതിൽനിന്ന് 30 പേരെ ഉൾപ്പെടുത്തിയാണ് അവസാനഘട്ട ക്യാമ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.