ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള താരതമ്യം തുടങ്ങിയിട്ട് നാളേറെയായി. ആധുനിക ഫുട്ബാളിലെ ഏറ്റവും മികച്ച താരങ്ങളായ ഇവരിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പലരും വിയർക്കും. എന്നാൽ, റൊണാൾഡോയെ മുൻപ് പരിശീലിപ്പിച്ച ജോസ് മൊറീഞ്ഞോ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ ശ്രദ്ധേയമായത്.
റോമ വിട്ട് ഫെനർബാസിന്റെ പരിശീലകനായി ചുമതലയേൽക്കാൻ തുർക്കിയിലേക്ക് പറക്കും മുൻപാണ് ജോസ് മൊറീഞ്ഞോ ടി.എൻ.ടി സ്‌പോർട്‌സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്.
തന്റെ മാനേജീരിയൽ കരിയറിൽ ഒരിക്കലെങ്കിലും പരിശീലിപ്പിക്കണമെന്ന് ആഗ്രഹിച്ച ഫുട്ബാൾ താരം ആരെന്നുള്ള ചോദ്യത്തിന് ലയണൽ മെസ്സി എന്നായിരുന്നു ഉത്തരം.
റൊണാൾഡോയേക്കാൾ മികച്ചവനാണോ മെസ്സിയെന്ന തുടർ ചോദ്യത്തിന് 'തീർച്ചയായും ഞാൻ ആ ചെറുക്കനാണെന്ന് പറയും,' എന്നാണ് മൗറീഞ്ഞോയുടെ പ്രതികരണം.
റയൽ മാഡ്രിഡ് , മാഞ്ചസ്റ്റർ യുനൈറ്റഡ് , ചെൽസി തുടങ്ങിയ ടീമുകളെയും റൊണാൾഡോ ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെയും പരിശീലിപ്പിച്ചയാളാണ് 61-കാരനായ മോറീഞ്ഞോ.
പരിശീലിപ്പിച്ച കളിക്കാരിൽ മികച്ചവനാര് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ, ' ഒരാളെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. ടെറി, ലാംപാർഡ്, ദ്രോഗ്ബ, റൊണാൾഡോ, സാബി അലോൻസോ അങ്ങനെ പോകുന്നു'.
ജെസ്സി ഓവൻസാണ് താൻ ഇഷ്ടപ്പെടുന്ന കായിക താരമെന്നും സാൻ സിറോയെ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമെന്നും മൊറീഞ്ഞോ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.