പയ്യനാട് (മലപ്പുറം): 'കേരളത്തിന്റെ സന്തോഷ് ട്രോഫി ഗ്രാമമായ' തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൊഴിയൂരിൽനിന്ന് എല്ലാ വർഷവും സന്തോഷ് ട്രോഫി ടീമിൽ പ്രാതിനിധ്യമുണ്ടാകാറുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, സർവീസസ്, ഹിമാചൽ പ്രദേശ്, ഛണ്ഡീഗഢ്, റെയിൽവേസ് തുടങ്ങി ഏതാണ്ടെല്ലാ ടീമുകൾക്ക് വേണ്ടിയും പൊഴിയൂരുകാർ ബൂട്ടണിഞ്ഞിട്ടുണ്ട്.
എന്നാൽ, 2009ന് ശേഷം ഇതാദ്യമായി സന്തോഷ് ട്രോഫിയിൽ പൊഴിയൂരിന്റെ പ്രാതിനിധ്യമില്ല. ഇക്കുറി മലപ്പുറത്ത് ആദ്യമായി വിരുന്നെത്തിയ കളിയുത്സവം കാണാൻ സന്തോഷ് ട്രോഫി ഗ്രാമത്തിൽ നിന്നൊരാൾ എത്തി. ഫുട്ബാൾ സംഘാടകനും പ്രാദേശിക ക്ലബുകളുടെ ടീം മാനേജറുമായ ജസ്റ്റിൻ അലക്സ് എന്ന യുവാവായിരിക്കും ഒരുപക്ഷേ എറ്റവും ദൂരത്തുനിന്നും മലപ്പുറത്തെത്തിയ കളിപ്രേമി.
വിവരമറിഞ്ഞ മലപ്പുറം എം.എസ്.പി അസി. കമാണ്ടന്റും സംഘാടക സമിതി ഭാരവാഹിയുമായ ഹബീബ് റഹ്മാൻ വി.ഐ.പി ഗാലറിയിൽ സീറ്റും തരപ്പെടുത്തിക്കൊടുത്തു. ഇന്ത്യൻ താരം അനസ് എടത്തൊടിക അടക്കമുള്ള മലപ്പുറത്തെ മുൻ സന്തോഷ് ട്രോഫി താരങ്ങളും കളിയാരാധകനെ ചേർത്തുപിടിച്ചു.
കേരള പൊലീസ് താരം ഫിറോസ് കളത്തിങ്ങലിന്റെ മഞ്ചേരിയിലെ വീട്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ശേഷമാണ് ജസ്റ്റിൻ പയ്യനാട്ടെത്തിയത്. ഫുട്ബാൾ സംഘാടകൻ മണ്ണാർക്കാട് സ്വദേശി അമീർ ബാബുവും കൂടെയുണ്ടായിരുന്നു. മുൻ സന്തോഷ് ട്രോഫി താരങ്ങളായ സിറാജുദ്ധീൻ ചെമ്മിളി, അഹമ്മദ് മാലിക്, കെ.പി. നസീബ്, സലീൽ, ഫൈസൽ തുടങ്ങിയവരും ഇഫ്‌താർ വിരുന്നിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.