കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേഓഫ് സ്വപ്നം വർണാഭമാക്കാൻ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ. ഇന്ന് ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കുന്ന കൊമ്പന്മാർക്ക് ജയിച്ചാൽ മൂന്നാം സ്ഥാനത്ത് ലീഡ് നാലു പോയന്റാക്കി ഉയർത്താം.
മുംബൈ സിറ്റി (42), ഹൈദരാബാദ് എഫ്.സി (35) ടീമുകൾക്ക് പിറകിൽ 28 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്. 27 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനാണ് നാലാമതുള്ളത്.
മുംബൈ സിറ്റിയോടും എഫ്.സി ഗോവയോടും തോറ്റതിനു പിന്നാലെ കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത്. ഈസ്റ്റ് ബംഗാൾ 12 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. അവസാന നാലു മത്സരങ്ങളും തോറ്റാണ് കൊൽക്കത്തക്കാർ സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത്.
പരിക്കേറ്റ സ്റ്റോപ്പർ ബാക്ക് മാർകോ ലെസ്കോവിച് ഇന്നും ഇറങ്ങില്ലെന്നാണ് സൂചന. പകരം വിക്ടർ മോൺഗിൽ തന്നെ കളിക്കും. അതേസമയം, സസ്പെൻഷൻ കഴിഞ്ഞ് മിഡ്ഫീൽഡർ ഇവാൻ കലിയൂഷ്നി തിരിച്ചെത്തും.
എന്നാൽ, കലിയൂഷ്നിയെ ഇറക്കുമോ, അല്ലെങ്കിൽ മുൻനിരയിൽ ദിമിത്രിയോസ് ഡിയമന്റകോസിന് കൂട്ടായി അപോസ്തലോസ് ജിയാനൗവിനെ കളിപ്പിച്ച കഴിഞ്ഞ കളിയിലെ തന്ത്രം കോച്ച് ഇവാൻ വുകോമാനോവിച് ആവർത്തിക്കുമോ എന്നത് കാത്തിരുന്നുകാണേണ്ടിവരും.
കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിൽ സ്ഥാനമില്ലാതിരുന്ന സഹൽ അബ്ദുസ്സമദിന്റെ കാര്യവും ഉറപ്പില്ല. സഹലിനുപകരം അവസരം ലഭിച്ച ബ്രൈസ് മിരാൻഡ നോർത്ത് ഈസ്റ്റിനെതിരെ തിളങ്ങിയിരുന്നു.
ചെന്നൈ: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സി-ഒഡിഷ എഫ്.സി മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. ഒഡിഷക്കായി ഡീഗോ മൗറീഷ്യോയും ഇസാക് വാൻലാൽറുത്ഫേലയും ചെന്നൈയിനായി അനിരുദ്ധ് ഥാപ്പയും അബ്ദുന്നാസർ അൽഖയാത്തിയും സ്കോർ ചെയ്തു. ഒഡിഷ 23 പോയൻറുമായി ആറാമതും ചെന്നൈയിൻ 18 പോയന്റോടെ എട്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.