ദുബൈ: മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ചൊവ്വാഴ്ച ദുബൈയിലെത്തും. രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവാൻ വുകോമനോവിച്ചും സംഘവും പ്രവാസലോകത്തേക്ക് വീണ്ടും വിരുന്നെത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനങ്ങൾക്കായാണ് ടീമിന്‍റെ വരവ്. ഈ മാസം 16 വരെ 11 ദിവസത്തെ പരിശീലനത്തിനായി ടീം യു.എ.ഇയിലുണ്ടാകും. ഇതിനിടയിൽ യു.എ.ഇയിലെ പ്രമുഖ പ്രോ ലീഗ് ക്ലബുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങൾക്ക് പൊരുത്തപ്പെടാനും ടീമിന്‍റെ മികവ് വിലയിരുത്താനും പര്യടനം അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
ഒമ്പതിന് സബീൽ സ്റ്റേഡിയത്തിൽ അൽ വസൽ എഫ്.സിയുമായാണ് ടീമിന്‍റെ ആദ്യ മത്സരം. ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ 12ന് ഷാർജ എഫ്.സിയെയും 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ അഹ്ലിയെയും നേരിടും. ദുബൈയിലെ അൽ അവീറിലുള്ള ശബാബ് അൽ അഹിൽ സ്റ്റേഡിയത്തിലാണ് ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ഈ മത്സരം.
മുൻ യു.എ.ഇ ദേശീയ താരവും അൽ അഹ്ലി, അൽ വെസൽ ക്ലബുകളുടെ കളിക്കാരനുമായിരുന്ന ഹസൻ അലി ഇബ്രാഹിമിന്‍റെ ഉടമസ്ഥതയിലുളള എച്ച് 16 സ്പോർട്സ് ആണ് പ്രീ സീസൺ ഒരുക്കുന്നത്. സെപ്റ്റംബർ അവസാനത്തിൽ നടക്കാനിരിക്കുന്ന ഐ.എസ്.എൽ സീസണിന് മുന്നോടിയായുള്ള ടീമിന്‍റെ അവസാന വട്ട തയാറെടുപ്പാണ് യു.എ.ഇ പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.