ഐ.എസ്.എല്ലിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് മത്സരം അവസാനിക്കും മുമ്പ് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ബംഗളൂരു എഫ്.സിയെ നേരിടാനൊരുങ്ങുന്നു. കേരളം വേദിയാകുന്ന 2023 ഹീറോ സൂപ്പർ കപ്പിന്റെ ഫിക്സ്ചർ പുറത്തുവന്നപ്പോൾ ഇരു ടീമും ഒരേ ഗ്രൂപ്പിലാണ്. ഏപ്രിൽ 16ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഇരുനിരയും വീണ്ടും ഏറ്റുമുട്ടും. ഏപ്രിൽ മൂന്ന് മുതൽ 25 വരെ നടക്കുന്ന ടൂർണമെന്റിന് കോഴിക്കോടിന് പുറമെ മഞ്ചേരിയാണ് വേദിയാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുന്നത്. ഏപ്രിൽ മൂന്ന് മുതൽ ആറു വരെ ക്വാളിഫൈയിങ് മത്സരങ്ങളാണ്.
ഗ്രൂപ്പ് എയിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും. വെള്ളിയാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ പ്ലേഓഫിൽ അധികസമയത്ത് സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി നിർത്തി തിരിച്ചുകയറിയിരുന്നു. റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും മത്സരം മാറ്റി നടത്തണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് പരാതി നൽകിയെങ്കിലും തള്ളിയിരുന്നു. തിങ്കളാഴ്ച ചേർന്ന അച്ചടക്ക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ഐ ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്.സിയും ക്വാളിഫയർ ഒന്നിലെ വിജയികളുമാണ് ഗ്രൂപ്പി എയിലെ മറ്റു ടീമുകൾ. ഗ്രൂപ്പ് ‘ബി’യിൽ ഹൈദരാബാദ് എഫ്.സി, ഒഡിഷ എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി, ക്വാളിഫയർ മൂന്നിലെ വിജയി എന്നിവയും ഗ്രൂപ്പ് ‘സി’യിൽ എ.ടി.കെ മോഹൻ ബഗാൻ, എഫ്.സി ഗോവ, ജംഷഡ്പൂർ എഫ്.സി, ക്വാളിഫയർ രണ്ടിലെ വിജയി എന്നിവരും ഗ്രൂപ്പ് ‘ഡി’യിൽ ഐ.എസ്.എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്.സി, ചെന്നൈയിൻ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ക്വാളിഫയർ നാലിലെ വിജയി എന്നിവരുമാണ് ഏറ്റുമുട്ടുക.
ഏപ്രിൽ 21ന് കോഴിക്കോട്ടും 22ന് മഞ്ചേരിയിലുമാണ് സെമിഫൈനൽ മത്സരങ്ങൾ. ഏപ്രിൽ 25ന് നടക്കുന്ന ഫൈനലിന് കോഴിക്കോട് വേദിയാകും. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹീറോ സൂപർ കപ്പ് അരങ്ങേറുന്നത്. 2019ല്‍ എഫ്.സി ഗോവയായിരുന്നു ചാമ്പ്യന്മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.