പനാജി: കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാമിന് ഈ സീസണിൽ ഇനി കളിക്കാൻ ആയേക്കില്ല. ഇന്നലെ ജംഷഡ്പൂരിന് എതിരായ മത്സരത്തിൽ ഏറ്റ പരിക്കാണ് പ്രശ്നമായിരിക്കുന്നത്. ഹോർമിപാം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചായിരുന്നു പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ കളത്തിൽ നിന്ന് മാറ്റി ചികിത്സ നൽകി എങ്കിലും സാരമായ പരിക്കുകളോടെ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
താരം ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ബയോ ബബിൾ വിട്ട് പോകേണ്ടി വരുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇനി ഈ സീസൺ അവസാനിക്കും മുമ്പ് ടീമിനൊപ്പം ചേരാൻ താരത്തിന് സാധിക്കില്ല.
''ഹോർമിപാമിന് ഈ സീസൺ നഷ്ടമാകും. ഇത് നല്ലതായി തോന്നുന്നില്ല. ഏറ്റവും മോശം സാഹചര്യമാണെങ്കിൽ പോലും സീസണിന്റെ അവസാനം വരെ ഞങ്ങൾ അവനെ മിസ് ചെയ്യും. അങ്ങനെ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കിൽ ബുദ്ധിമുട്ടായിരിക്കും. മികച്ച കളിക്കാരിലൊരാളായിരുന്നു അദ്ദേഹം. സീസൺ അവസാനം വരെ അങ്ങനെയായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' -പരിശീലകൻ ഇവാൻ വുകമാനോവിചും പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്തിയ താരമാണ് ഹോർമിപാം. വ്യാഴാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ജംഷഡ്പൂരിനെതിരെ 3-0 നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.