ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ്-ആർമി ഗ്രീൻ മത്സരത്തിൽനിന്ന്

ആര്‍മി ഗ്രീനിനെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ് ക്വാര്‍ട്ടറില്‍

ഗുവാഹത്തി: ആര്‍മി ഗ്രീന്‍ എഫ്‌.സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി ഡ്യൂറൻഡ് കപ്പ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ക്വാര്‍ട്ടറിൽ. മുഹമ്മദ് അയ്‌മനും അരിത്ര ദാസുമാണ് ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി വല കുലു​ക്കിയത്.  ഗ്രൂപ്പ് ഡിയില്‍ രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി ഏഴ് പോയിന്റുമായി രണ്ടാമതെത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന എട്ടിലെത്തിയത്.

ആര്‍മി ഗ്രീനിനെതിരെ കളി ചൂടുപിടിക്കുംമുമ്പേ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 25ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നുള്ള അയ്‌മെന്റെ ഷോട്ട് ആര്‍മിന്‍ ഗ്രീന്‍ വലയിലേക്ക് പാഞ്ഞുകയറി. ടൂര്‍ണമെന്റില്‍ അയ്‌മെന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം തുടർന്നു. ആര്‍മി ഗ്രീനിന്റെ പ്രത്യാക്രമണങ്ങളെ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് പലകുറി മുനയൊടിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ ബ്ലാസ്റ്റേഴ്സ് ലീഡ് വര്‍ധിപ്പിച്ചു. മുന്നേറ്റത്തിനൊടുവിൽ ബോക്‌സില്‍ കയറിയ അരിത്രയുടെ ഷോട്ടിന് ആർമിക്കാർക്ക് മറുപടിയുണ്ടായില്ല.

പ്രതിരോധം കടുപ്പിച്ചായിരുന്നു രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തന്ത്രങ്ങൾ. 58ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിനൊടുവിൽ വിബിന്റെ ലോങ് റേഞ്ചർ ആർമി ഗോളി പുയിയ തട്ടിയകറ്റി. റീബൗണ്ടിൽ അജ്‌സലിന്റെ ശ്രമവും  പുയിയ തടഞ്ഞു. 72ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ റോഷന്റെ ക്രോസില്‍ അയ്‌മന്റെ ശ്രമം പോസ്റ്റിനെ പിടിച്ചുകുലുക്കി വഴിമാറി. മറുവശത്ത് ആര്‍മി ഗ്രീനിന്റെ സോമേഷിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം സച്ചിന്‍ സുരേഷ് സമര്‍ഥമായി തടഞ്ഞു.  മൂന്നാമതുള്ള ആര്‍മി ഗ്രീനിന് ഒഡീഷ എഫ്‌.സിയുമായി ഒരു മത്സരം ബാക്കിയുണ്ട്.

Tags:    
News Summary - Kerala Blasters enters Durand Cup Quarter Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.