കൊച്ചി: അഞ്ചു വർഷമായി തങ്ങളുടെ അണിയിലുണ്ടായിരുന്ന മലയാളിതാരം പ്രശാന്ത് മോഹൻ ക്ലബ് വിട്ടതായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബും താരവും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ അറിയിച്ചു. ഭാവി പദ്ധതികളിൽ പ്രശാന്തിന് വിജയാശംസകൾ നേർന്ന കേരള ബ്ലാസ്റ്റേഴ്സ്, അഞ്ചു സീസണുകളിൽ ക്ലബിനൊപ്പം ചെലവിട്ട താരത്തിന് നന്ദിയറിയിച്ചു.
കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2010ൽ കേരള അണ്ടർ 14 ടീമിൽ കളിച്ചാണ് ഫുട്ബാളിൽ വരവറിയിച്ചത്. 2012ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അക്കാദമിയിൽ പ്രവേശനം നേടി. നാലു വർഷം അക്കാദമിയിൽ തുടർന്ന ശേഷം 2016ലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്.സിയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചശേഷം 2017-18 സീസണ്‍ മുതലാണ് മഞ്ഞപ്പടക്കുവേണ്ടി കളത്തിലിറങ്ങിയത്.
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി 61 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞ പ്രശാന്ത് ഒരു ഗോളാണ് നേടിയത്. മിക്കപ്പോഴും പകരക്കാരന്റെ റോളായിരുന്നു. മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 2021ൽ ഒഡിഷ എഫ്.സിക്കെതിരെയായിരുന്നു പ്രശാന്തിന്റെ ഐ.എസ്.എൽ ഗോൾ. 2021ൽ രണ്ടു വർഷത്തേക്കു കൂടി പ്രശാന്തുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിൽ കളിയവസരങ്ങൾ കൂടുതൽ ലഭിക്കാനുള്ള സാധ്യതയില്ലെന്നതിനാലാണ് ക്ലബ് വിടാൻ പ്രശാന്ത് തയാറായത്. ഏതു ക്ലബിലാകും പ്രശാന്തിന്റെ അടുത്ത സീസൺ എന്നത് തീരുമാനമായിട്ടില്ല. പ്രീ സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം അടഞ്ഞ സാഹചര്യത്തിൽ, കരാര്‍ ഇല്ലാതെ നില്‍ക്കുന്ന താരത്തെ മാത്രമാണ് നിലവില്‍ ഇനി ക്ലബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയാണ് കോഴിക്കോട്ടുകാരനിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള പ്രധാന ക്ലബ്. നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റ താരമായിരുന്ന വി.പി. സുഹൈറിനെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ കെ. പ്രശാന്തിനെ പകരം നല്‍കാമെന്ന് കഴിഞ്ഞ ജൂണില്‍ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതൽ ചർച്ചകൾ മുന്നോട്ടുപോയില്ല.
ഒക്ടോബർ ഏഴിന് കൊച്ചിയിൽ ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.