ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സർപ്രൈസ് നീക്കത്തിലൂടെ ബംഗളൂരു എഫ്.സി താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മധ്യനിര താരം ഡാനിഷ് ഫാറൂഖിനെയാണ് മൂന്നര വർഷത്തെ കരാറിൽ ക്ലബ് ടീമിലെടുത്തത്.
‘കശ്മീർ റൊണാൾഡോ’ എന്നാണ് താരത്തിന്‍റെ വിളിപ്പേര്. 2026 വരെ താരം ക്ലബിലുണ്ടാകും. ഐ.ടി.കെ മോഹൻ ബഗാനിലേക്ക് പോയ പൂട്ടിയയുടെ പകരക്കാരനായാണ് 26കാരനായ ഡാനിഷ് ടീമിലെത്തുന്നത്. നേരത്തെ തന്നെ താരത്തെ ക്ലബിലെത്തിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, താരങ്ങളുടെ പരിക്കും പൂട്ടിയയുടെ കൂടുമാറ്റവും കണക്കിലെടുത്ത് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ജനുവരിയിൽ തന്നെ താരവുമായി കരാറിൽ എത്താൻ മാനേജ്മെന്‍റിനെ നിർബന്ധിക്കുകയായിരുന്നു.
കരാർ നടപടികൾ പൂർത്തിയാക്കി ഡാനിഷ് തൊട്ടടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരും. താരത്തിന്‍റെ വരവ് ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിരക്ക് കരുത്താകും. ഐ ലീഗ് ക്ലബായ റിയൽ കശ്മീർ എഫ്.സിയിലൂടെയാണ് ഫാറൂഖ് ടോപ് ഡിവിഷൻ ഫുട്‌ബാളിൽ അരങ്ങേറിയത്. ജമ്മു-കശ്മീർ ബാങ്ക് ടീമിനു വേണ്ടിയാണ് ആദ്യം കളിക്കുന്നത്. പിന്നീട് ലോൺസ്റ്റാർ കശ്മീരിലെത്തി. അവിടെ നിന്ന് റിയൽ കശ്മീരിലേക്കും.
2017-18ൽ ക്ലബിന്റെ ടോപ് സ്‌കോററായി. ആ വർഷം റിയൽ കശ്മീർ ഐ ലീഗ് കിരീടവും സ്വന്തമാക്കി. 2021 ജൂലൈ 25നാണ് ബംഗളൂരു എഫ്.സിയിലെത്തിയത്. ഇന്ത്യൻ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. മുഹമ്മദൻ സ്‌പോർട്ടിങ് ക്ലബിനു വേണ്ടി കളിച്ച ഫാറൂഖ് അഹ്‌മദിന്റെ മകനാണ് ഡാനിഷ്. ഒരു യുവ പ്രതിരോധ താരത്തെ കൂടി ബ്ലാസ്റ്റേഴ്സിലെത്തിക്കുമെന്ന് അഭ്യൂഹമുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ മുംബൈ സിറ്റി എഫ്.സിക്കും ഹൈദരാബാദ് എഫ്.സിക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 15 കളിയിൽനിന്ന് 28 പോയന്റാണ് ടീമിനുള്ളത്. മുംബൈയും ഹൈദരാബാദും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ ബാക്കിയുള്ള നാലു സ്ഥാനങ്ങളിൽ ഇടം ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.
കരുത്തുറ്റ ശരീരപ്രകൃതിയും സ്‌കോറിങ് ശേഷിയും ഡ്രിബ്ലിങ് കഴിവുമാണ് ഡാനിഷ് ഫാറൂഖിന് കശ്മീരി റൊണാൾഡോ എന്ന വിളിപ്പേര് സമ്മാനിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായ കളിശൈലിയും അഭിനിവേശവും നിലവാരവും ഡാനിഷിനുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഭാഗമാകുന്നതിൽ താൻ വളരെ ആവേശഭരിതനാണെന്ന് ഡാനിഷ് ഫാറൂഖ് പറഞ്ഞു.
തുടർച്ചയായ രണ്ടാം പ്ലേഓഫ് ഫിനിഷിന് അരികെ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന്, സീസണിന്‍റെ അവസാന ഘട്ടത്തിൽ ഡാനിഷിന്റെ കൂട്ടിച്ചേർക്കൽ കൂടുതൽ ഊർജം പകരും. വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ താരം ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.