ബംഗളൂരു: കണ്ഠീരവയിൽ ഒരു ജയം എന്ന മോഹം ബാക്കി. കിട്ടിയ അവസരങ്ങളിൽ ഒന്നാന്തരം ഫിനിഷിങ് നടത്തി ആതിഥേയർ കളിപിടിച്ചപ്പോൾ മുഴുവൻ സമയവും പൊരുതിക്കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഹാട്രിക് നേടിയ സുനിൽ ഛേത്രിയുടെ മികവിൽ 4-2 നായിരുന്നു ബംഗളൂരുവിന്‍റെ ജയം. ഇതോടെ 23 പോയന്‍റുമായി ബംഗളൂരു പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
എട്ടാം മിനിറ്റിൽ ബംഗളൂരു അക്കൗണ്ട് തുറന്നു. വലതുവിങ്ങിൽ പന്തുസ്വീകരിച്ച് മുന്നേറിയ റയാൻ വില്യംസ് നൽകിയ ക്രോസിൽ സന്ദീപ് സിങ്ങിനെ മറികടന്ന് ഛേത്രി ഉതിർത്ത ഉഗ്രൻ ഹെഡർ പോസ്റ്റിന്‍റെ വലതുകോണിൽ വിശ്രമിച്ചു (1-0). 25 ാം മിനിറ്റിൽ സമനിലക്കുള്ള അവസരം ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു. മധ്യനിരയിൽനിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ നീങ്ങിയ ഫ്രെഡ്ഡി ബോക്സിലേക്ക് നൽകിയ പന്ത് ജിമനസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ടച്ച് പാളി.
33ാം മിനിറ്റിലാണ് ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന് കാര്യമായൊരു പരീക്ഷണം നേരിടേണ്ടി വന്നത്. ബോക്സിന്‍റെ വലതുമൂലയിൽ നിന്നുള്ള അടി ഗുർപ്രീത് കുത്തിയകറ്റി. റീബൗണ്ടിൽ വിപിൻ മോഹൻ ഷോട്ടുതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. അധികം വൈകാതെ ബംഗളൂരു രണ്ടാം വെടി പൊട്ടിച്ചു. കോയഫിനെ കടന്ന് മെൻഡസ് നൽകിയ പാസുമായി കുതിച്ച റയാൻ വില്യംസ് ഹോർമിപാമിനെ ഡ്രിബ്ൾ ചെയ്ത് ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഒരവസരവും നൽകാതെ ഒന്നാന്തരമായി ഫിനിഷ് ചെയ്തു (2-0). പിന്നാലെ, സന്ദർശകരുടെ മധ്യനിരയിൽ വിപിൻ മോഹൻ പരിക്കേറ്റ് മടങ്ങുക കൂടി ചെയ്തതോടെ ഇരട്ട ആഘാതമായി. വിപിന് പകരം ഡാനിഷ് ഫാറൂഖ് കളത്തിലിറങ്ങി.
രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ ജിമനസിന്‍റെ ഗോൾശ്രമം ശ്രമകരമായാണ് ഗുർപ്രീത് തട്ടിയകറ്റിയത്. 56ആം മിനിറ്റിൽ കേരളം കാത്തിരുന്ന ഗോളെത്തി. ഇടതുവിങ്ങിൽ നൊവോച്ച ഉയർത്തി നൽകിയ പന്ത് ഓടിപ്പിടിച്ച നോഹ ബോക്സിൽനിന്ന് നൽകിയ പന്ത് ഒന്ന് പുറം തിരിഞ്ഞ് പുറംകാൽകൊണ്ട് ജിമനസ് വലയിലാക്കി (2-1). ആക്രമണം കനപ്പിച്ച ബ്ലാസ്റ്റേഴ്സ് 10 മിനിറ്റിന് ശേഷം സമനില ഗോളും കണ്ടെത്തി. കോർണർ കിക്കിൽനിന്ന് പന്തുമായി നോഹയും ലൂണയും തുടങ്ങിവെച്ച നീക്കം. പന്ത് നൊവോച്ചയിലേക്ക്. തിരിച്ചചു വാങ്ങിയ പന്ത് ലൂണ നേരെ ബോക്സിലേക്ക് തിരിച്ചുവിട്ടു. പറന്നിറങ്ങിയ പന്തിൽ ഫ്രെഡ്ഡിയുടെ ടച്ച് പോസ്റ്റിലേക്ക് (2-2). ബംഗളൂരു പൂർണ പ്രതിരോധത്തിലായ നിമിഷങ്ങൾ. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി ബംഗളൂരു മൂന്നാം ഗോളും നേടി. പെരീറ ഡയസിന്‍റെ അസിസ്റ്റിൽ ചേത്രിയാണ് വലകുലുക്കിയത് (3-2). 78ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മൂന്നുമാറ്റം വരുത്തി. കോറോ, കൊയഫ്, സന്ദീപ് എന്നിവർക്കു പകരം പ്രീതം കോട്ടാൽ, പ്രബീർദാസ്, പെപ്ര എന്നിവർ കളത്തിലെത്തി. തൊട്ടില്ലെന്ന മട്ടിൽ പുറത്തേക്ക്. ഇഞ്ചുറി ടൈമിൽ ഡയസ് തന്ത്രപൂർവം നേടിയെടുത്ത ഫ്രീകിക്കിൽനിന്ന് ചേത്രി മൂന്നാം ഗോളും കണ്ടെത്തിയതോടെ 4-2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.